പനജി: അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച പ്രതികരണം നേടി രോഹിത് എം ജി കൃഷ്ണൻ സംവിധാനം ചെയ്ത ഇരട്ട. നിറഞ്ഞ കയ്യടിയോടെയാണ് പ്രേക്ഷകർ ചിത്രത്തെ സ്വീകരിച്ചത്. മികച്ച മികച്ച നവാഗത സംവിധാനത്തിനുള്ള മത്സര ഇനത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത് ഈ വിഭാഗത്തിൽ ഇരട്ടയടക്കം 7 ചിത്രങ്ങളാണ് മത്സരിക്കുന്നത്.
ചിത്രത്തിന്റെ സംവിധായകൻ രോഹിത്, നിർമ്മാതാവ് മാർട്ടിൻ പ്രക്കാട്ട്, അഭിനേതാക്കളായ ശ്രീകാന്ത് മുരളി, ആര്യ സലീം, എഡിറ്റർ മനു ആന്റണി, സൗണ്ട് ഡിസൈനർ ചാൾസ് എന്നിവർ ചിത്രത്തിന്റെ പ്രദർശനത്തിനെത്തിയിരുന്നു. ഇത്തവണ മേളയിൽ കേരളത്തിൽ നിന്നുള്ള 5-ൽ അധികം ചിത്രങ്ങളാണ് എത്തിയതെന്നും ഇതാണ് ശരിക്കുള്ള കേരള സ്റ്റോറി എന്നും സംവിധായകൻ രോഹിത് റെഡ് കാർപെറ്റിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ പറഞ്ഞു.
അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ സിനിമയെ വളരെ സീരിയസ് ആയി കാണുന്ന പ്രേക്ഷകരുടെ കൂടെ ഇരുന്ന് ചിത്രം കണ്ടത് വേറിട്ട ഒരു അനുഭവമായിരുന്നു എന്ന് സംവിധായകൻ രോഹിത് മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു. കൈയ്യടിയോടെയാണ് ചിത്രത്തിന്റെ ക്ലൈമാക്സിനെ പ്രേക്ഷകർ സ്വീകരിച്ചത്. അതിന് ശേഷമുള്ള ചോദ്യോത്തര വേളയിൽ അവർ പറഞ്ഞ കാര്യങ്ങളൊക്കെ തന്നെ ഇനിയും ഒരുപാട് മുന്നോട്ട് പോകാൻ പ്രചോദനം നൽകുന്നതായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ കരിയറിൽ ഏറ്റവും വ്യത്യസ്തവും ചലഞ്ചിങ് ആയുള്ള വേഷമായിരുന്നു ഇരട്ടയിലെ എസ്പി സവിത സത്യൻ എന്ന കഥാപാത്രമെന്ന് അഭിനേത്രി ആര്യ സലിം പറഞ്ഞു. അന്നുവരെ ചെയ്തിട്ടില്ലാത്ത കഥാപാത്രമായിരുന്നു അത്. സംസാരത്തിലും ബോഡി ലാംഗ്വേജിലും എല്ലാം മാറ്റം കൊണ്ടുവരേണ്ടത് കഥാപാത്രത്തിന് അത്യാവശ്യമായിരുന്നു. അങ്ങനെ ഒരു ബോർഡ് ആയിട്ടുള്ള ഒരു കഥാപാത്രം എന്നെ വിശ്വസിച്ച് ഏൽപ്പിച്ച സംവിധായകനാണ് അതിന്റെ ക്രെഡിറ്റ് എന്നും അവർ പറഞ്ഞു.
സിനിമ കാണുമ്പോൾ തന്നെ ഓരോ കഥാപാത്രത്തിനെ കുറിച്ച് ഒരു ഡീറ്റെയിൽ ആയിട്ടുള്ള സ്റ്റഡി കാണാൻ കഴിയും. ചിത്രത്തിൽ ജോജു അവതരിപ്പിച്ച വിനോദ്, പ്രമോദ് എന്ന രൂപത്തിലും ഭാവത്തിലും വ്യത്യസ്തമായുള്ള രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്നത് തീരെ എളുപ്പമല്ലെന്നും നടൻ ശ്രീകാന്ത് മുരളി പറഞ്ഞു.
അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നവാഗത സംവിധായിക/സംവിധായകൻ പുരസ്കാരം നാളെ നടക്കുന്ന സമാപന ചടങ്ങിൽ പ്രഖ്യാപിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]