
കൊൽക്കത്ത
തുടർച്ചയായ രണ്ട് സമനിലയ്ക്കുശേഷം ഗോകുലം കേരള വിജയവഴിയിൽ. ഐ ലീഗ് ഫുട്ബോളിൽ ഐസ്വാൾ എഫ്സിയെ 2–-1ന് തോൽപ്പിച്ചു. ജമൈക്കക്കാരൻ ജൗർദെയ്ൻ ഫ്ലെച്ചെറാണ് ചാമ്പ്യൻമാരുടെ രണ്ട് ഗോളും നേടിയത്. പരിക്കുസമയം ആയുഷ് ഛേത്രി ഐസ്വാളിനായി ഗോൾ മടക്കി. ജയത്തോടെ ഒന്നാമതുള്ള മൊഹമ്മദൻസുമായുള്ള അന്തരം ഒറ്റ പോയിന്റാക്കി ചുരുക്കി ഗോകുലം. മൊഹമ്മദൻസിന് എട്ട് കളിയിൽ പത്തൊമ്പതും ഗോകുലത്തിന് പതിനെട്ടും പോയിന്റാണ്.
എട്ട് കളിയിൽ അഞ്ചിലും തോറ്റെത്തിയ ഐസ്വാൾ ഗോകുലത്തെ വിറപ്പിച്ചാണ് കീഴടങ്ങിയത്. ലൂക്ക മാജ്സെനും ഫ്ലെച്ചെറും ചേർന്ന മുന്നേറ്റനിരയെ അടക്കിനിർത്തി ഐസ്വാൾ പ്രതിരോധം. ആദ്യപകുതി ഗോളകന്നുനിന്നു. ഇതിനിടെ റൊണാൾഡ് സിങ് പരിക്കേറ്റ് മടങ്ങിയത് ഗോകുലത്തിന് തിരിച്ചടിയായി. ഐസ്വാൾ ഗോൾകീപ്പറുടെ ചവിട്ടേറ്റ റൊണാൾഡിനെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമല്ല.
രണ്ടാംപകുതിയിൽ വി എസ് ശ്രീക്കുട്ടൻ എത്തിയതോടെ ഗോകുലത്തിന്റെ കളി മാറി. തുടക്കംതന്നെ ഐസ്വാൾ വലയിൽ ഈ മലയാളി മുന്നേറ്റക്കാരൻ പന്തെത്തിച്ചെങ്കിലും ഓഫ്സൈഡായി. 64–-ാം മിനിറ്റിൽ ആദ്യ ഗോളിന് വഴിയൊരുക്കിയതും ശ്രീക്കുട്ടനാണ്. പോസ്റ്റിലേക്ക് ശ്രീക്കുട്ടൻ തൊടുത്ത പന്ത് ഐസ്വാൾ ഗോളി അനൂജ് കുമാറിൽനിന്ന് വഴുതി. മുന്നിലുണ്ടായിരുന്ന ഫ്ലെച്ചെറിന് എളുപ്പമായിരുന്നു. ലീഡ് എടുത്തതോടെ ഗോകുലം ഉണർന്നു. നിശ്ചിതസമയം തികയാൻ ഒരു മിനിറ്റ് മുമ്പേ ഫ്ലെച്ചെർ ലീഡുയർത്തി. പിന്നീടായിരുന്നു ഛേത്രിയുടെ മടക്കഗോൾ. കളിയവസാനം റോബർട്ട് പ്രിമസ് ചുവപ്പ് കാർഡ് കണ്ടതോടെ പത്തുപേരായാണ് ഐസ്വാൾ അവസാനിപ്പിച്ചത്.ശനിയാഴ്ച ശ്രീനിധി ഡെക്കാനുമായാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]