മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷത്തിലെത്തിയ കാതല്‍ എന്ന ചിത്രത്തെയും അണിയറപ്രവര്‍ത്തകരേയും പ്രശംസിച്ച് തമിഴ് നടന് സൂര്യ. മനോഹരവും പുരോഗമനപരവുമായ ചിത്രമാണ് ‘കാതലെ’ന്ന് സൂര്യ പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം കാതല്‍ ടീമിനെ അഭിനന്ദിച്ചത്.
‘സുന്ദരമായ മനസ്സുകള്‍ ഒന്നിക്കുമ്പോള്‍ ‘കാതല്‍’ പോലുള്ള സിനിമകള്‍ നമുക്ക് ലഭിക്കുന്നു. എത്ര പുരോഗമനപരമായ സിനിമയാണിത്. നല്ല സിനിമയോടുള്ള സ്നേഹവും പ്രചോദനവുമായ മമ്മൂട്ടി സാറിന്, നിശബ്ദമായ ഷോട്ടുകള്‍ പോലും ഉച്ചത്തില്‍ സംസാരിക്കുന്നതാക്കിയ ജിയോ ബേബിക്ക്, ഈ ലോകം എന്താണെന്ന് ഞങ്ങള്‍ക്ക് കാണിച്ചുതന്ന ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്കറിയക്കും, അവസാനമായി സ്നേഹം എങ്ങനെയായിരിക്കണമെന്ന് കാണിച്ചുതന്ന് എല്ലാ ഹൃദയങ്ങളെയും കീഴടക്കിയ എന്റെ ഓമന ജ്യോതികയ്ക്ക്..ഈ മനോഹരമായ ടീമിന് അഭിനന്ദനങ്ങള്‍. അതിമനോഹരം’, സൂര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
സിനിമാലോകത്ത് നിന്നുൾപ്പടെ നിരവധിയാളുകളാണ് ചിത്രത്തെ പ്രശംസിച്ചുകൊണ്ട് എത്തുന്നത്. കഴിഞ്ഞ ദിവസം കാതൽ ഈ വർഷത്തെ ഏറ്റവും മികച്ച സിനിമയെന്ന് സാമന്ത അഭിപ്രായപ്പെട്ടിരുന്നു.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ‘കാതൽ’ വേഫെറർ ഫിലിംസാണ് വിതരണത്തിനെത്തിക്കുന്നത്. സ്വവർഗാനുരാഗം പ്രമേയമാകുന്ന ചിത്രത്തിൽ മാത്യു ദേവസ്സി എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. വർഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് ജ്യോതിക മലയാളത്തിൽ അഭിനയിക്കുന്നത്. ആദർശ് സുകുമാരനും പോൾസൺ സക്കറിയയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
സാലു കെ തോമസാണ് ഛായാഗ്രാഹകൻ. മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റർ അലക്സ്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രസംയോജനം: ഫ്രാൻസിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]