
തേഞ്ഞിപ്പലം
ഇന്നുമുതൽ നാലുനാൾ ഇന്ത്യൻ അത്ലറ്റിക്സിന്റെ തലസ്ഥാനമായി കലിക്കറ്റ് സർവകലാശാല സ്റ്റേഡിയം മാറും. ദേശീയ ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിന് ഇന്ന് രാവിലെ ആറിന് തുടക്കമാകും. പുരുഷന്മാരുടെ 10000 മീറ്ററാണ് ആദ്യ ഇനം.
പകൽ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫെഡറേഷൻ കപ്പിന്റെ ഇരുപത്തഞ്ചാം പതിപ്പ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി അബ്ദുറഹ്മാൻ അധ്യക്ഷനാകും. കേരളം ആദ്യമായാണ് ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിന് വേദിയാകുന്നത്.
രാജ്യത്തെ ഏറ്റവും മികച്ച 509 അത്ലീറ്റുകൾ മാറ്റുരയ്ക്കുന്ന മേളയിൽ മികച്ച പ്രകടനങ്ങൾക്ക് കായികലോകം കാത്തിരിക്കുകയാണ്. കോവിഡിനുശേഷം രാജ്യത്ത് ഇത്രയും സീനിയർ അത്ലീറ്റുകൾ ഒരുമിച്ച് മത്സരിക്കാനിറങ്ങുന്നത് ആദ്യമായാണ്. 38 ഇനങ്ങളിലാണ് മത്സരം.
ലോക ചാമ്പ്യൻഷിപ്, ഏഷ്യൻ ഗെയിംസ്, കോമൺവെത്ത് ഗെയിംസ് എന്നിവയ്ക്ക് യോഗ്യത നേടാനുള്ള അവസരംകൂടിയായതിനാൽ മത്സരം കനക്കും.
കമൽ പ്രീത് കൗർ, തേജേന്ദ്ര പൽസിങ്, അനു റാണി, എം ശ്രീശങ്കർ, ദ്യുതിചന്ദ്, എം ആർ പൂവമ്മ, ഹിമദാസ്, അമോജ് ജേക്കബ്, മുഹമ്മദ് അനസ്, നോഹ നിർമൽ ടോം, എം പി ജാബിർ അടക്കമുള്ള രാജ്യാന്തര താരങ്ങൾ മത്സരിക്കാനിറങ്ങുന്നുണ്ട്. ദേശീയ ക്യാമ്പിലുള്ള താരങ്ങളെല്ലാം മീറ്റിൽ മത്സരിക്കാനിറങ്ങും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]