കണ്ണൂർ- വ്യാജ പോക്സോ കേസിൽ കുടുക്കി സസ്പെന്റ് ചെയ്ത അധ്യാപകനെ സർവീസിൽ തിരിച്ചെടുക്കാൻ സർക്കാർ ഉത്തരവ്.
കടമ്പൂർ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ പി.ജി. സുധിയെ സർവീസിൽ തിരിച്ചെടുക്കാനാണ് ഉത്തരവായത്. വിദ്യാർഥിനിയെ ശുചി മുറിയിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ 2022 നവംബർ ഒന്നിനാണ് ഇദ്ദേഹത്തെ മാനേജർ സസ്പെന്റ് ചെയ്തത്. വിദ്യാഭ്യാസ വകുപ്പും പോലീസും നടത്തിയ അന്വേഷണത്തിൽ അധ്യാപകനെതിരേയുള്ള ആരോപണം ഗൂഢാലോചനയുടെ ഭാഗമാണെന്ന് വ്യക്തമായതിനെത്തുടർന്നാണ് സർവീസിൽ തിരിച്ചെടുക്കാൻ ഉത്തരവായത്. എടക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസറും പിന്നീട് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പോലീസ് കമ്മീഷണറും കേസന്വേഷിച്ചിരുന്നു.
സ്കൂളിലെ ചില അധ്യാപകരും പരാതി നൽകിയ കുട്ടിയുടെ മാതാവും സ്കൂൾ മാനേജ്മെന്റും നടത്തിയ ഗൂഢാലോചനയാണ് ഈ കേസിന് പിന്നിലെന്ന് എടക്കാട് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. തുടർന്ന് ഇവർക്കെതിരെ നിയമ നടപടികളിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. അധ്യാപകൻ നിരപരാധിയാണെന്ന് വ്യക്തമായതിനെത്തുടർന്ന് 2023 മാർച്ച് 31ന് പി.ജി. സുധിയെ സർവീസിൽ തിരിച്ചെടുക്കാൻ വിദ്യാഭ്യാസ ഉപഡയറക്ടർ ഉത്തരവ് നൽകിയിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്ത് സ്കൂൾ മാനേജർ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ നിർദേശപ്രകാരം സർക്കാർ വീണ്ടും കേസ് പരിശോധിക്കുകയും സസ്പെൻഷൻ റദ്ദ് ചെയ്ത വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഉത്തരവ് ശരിവെച്ച് ഉത്തരവ് പുറപ്പെടുവിക്കുകയുംചെയ്തു. ഇതിന് പിന്നാലെയാണ് സർക്കാർ വീണ്ടും ഉത്തരവ് പുറപ്പെടുവിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]