
മാങ്കുളം> വികസനത്തിന്റെ പേരിൽ ഒരാളെയും തെരുവിലേക്കിറക്കി വിടില്ലെന്നും ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മാങ്കുളം ജലവൈദ്യുത പദ്ധതിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാങ്കുളം ജലവൈദ്യുത പദ്ധതിയുടെ നിർമാണത്തിന്റെയും പുനരധിവാസ പാക്കേജിന്റെ ഭാഗമായി നിർമിച്ച വ്യാപാര സമുച്ചയത്തിന്റെയും ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വികസനത്തിന്റെ പേരിൽ സ്ഥലമോ സ്വത്തുക്കളോ നഷ്ടപ്പെടുന്നവർക്ക് സർക്കാർ അർഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുകയാണ്. മാങ്കുളം ജലവൈദ്യുത പദ്ധതിക്കായി 140 വ്യക്തികളിൽനിന്നാണ് സ്ഥലം ഏറ്റെടുത്തത്. 61 കോടി രൂപയാണ് സ്ഥലം ഏറ്റെടുക്കാൻ ചെലവിട്ടത്. വികസനപദ്ധതിക്ക് സ്ഥലം വിട്ടുനൽകിയതിന് നഷ്ടപരിഹാരം ലഭിച്ച അനുഭവസ്ഥർക്ക് സർക്കാർ പറയുന്നത് വെറുതെയല്ലെന്ന് ഇതിനകം ബോധ്യപ്പെട്ടിട്ടുണ്ട്. എല്ലാ വികസനപദ്ധതികൾക്കും സർക്കാർ ഇതേ നയമാണ് പിന്തുടരുന്നത്.
മാങ്കുളം പദ്ധതിക്ക് സ്ഥലം വിട്ടുനൽകിയവരെ അഭിനന്ദിക്കുന്നു. മാങ്കുളം പദ്ധതിക്ക് 3.439 ഹെക്ടർ സ്ഥലം കുറത്തിക്കുടി ആദിവാസി സെറ്റിൽമെന്റിൽനിന്നാണ് ഏറ്റെടുത്തത്. ആറ് ആദിവാസി കുടുംബങ്ങളുടെ ഭൂമിയും ഭവനവും ഏറ്റെടുത്തു. നാലുപേരുടെ ഭൂമി ഭാഗികമായും ഏറ്റെടുത്തു. ഭാഗികമായി സ്ഥലം നഷ്ടപ്പെട്ടവർക്ക് മികച്ച നഷ്ടപരിഹാരം നൽകി. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് പ്രത്യേക സ്ഥലം കണ്ടെത്തി വീടുവച്ചുനൽകി. പദ്ധതിക്ക് ഭൂമി നൽകിയവരിൽ മാങ്കുളം പഞ്ചായത്തിൽ മറ്റു ഭൂമി കൈവശമില്ലാത്തവരും വാർഷിക വരുമാനം 75,000 രൂപയിൽ താഴെയുള്ളവരുമായവർക്ക് ഇടുക്കി ജില്ലയിൽതന്നെ ആനച്ചാലിൽ മൂന്നു സെന്റ് ഭൂമി വീതവും നൽകി.
കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികളെ പുനരധിവസിപ്പിക്കാൻ രണ്ട് കോടി മുടക്കിൽ വിസ്തൃതമായ വ്യാപാരസമുച്ചയവും നിർമിച്ചു. വികസന പദ്ധതികൾ യാഥാർഥ്യമാക്കാൻ സഹകരിക്കുന്ന എല്ലാവരെയും ചേർത്തുപിടിച്ചാണ് സർക്കാർ മുന്നോട്ടുപോകുന്നത് എന്നതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് മാങ്കുളം പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]