തനിക്കുനേരെ ആക്രമണമുണ്ടായെന്ന് വെളിപ്പെടുത്തി നടിയും മുൻ ബിഗ് ബോസ് താരവുമായ വനിതാ വിജയകുമാർ. ശനിയാഴ്ചയാണ് സംഭവം നടന്നത്. ‘ബിഗ് ബോസ് 7 തമിഴ്’ മത്സരാർത്ഥി പ്രദീപ് ആന്റണിയ്ക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത തന്റെ മകളും ഇതേ റിയാലിറ്റിഷോയിലെ മത്സരാർത്ഥിയുമായ ജോവികയെ ലക്ഷ്യംവെച്ചാണ് ഈ ആക്രമണമെന്നാണ് വനിത പറയുന്നത്.
കഴിഞ്ഞദിവസം എക്സ് അക്കൗണ്ടിലൂടെയാണ് തനിക്ക് ആക്രമണമേറ്റ വിവരം വനിതാ വിജയകുമാർ അറിയിച്ചത്. മുഖത്ത് പരിക്കേറ്റതിന്റെ ചിത്രവും അവർ പോസ്റ്റ് ചെയ്തു. തുടർന്നാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ബിഗ് ബോസിൽ നിന്ന് പുറത്താക്കപ്പെട്ട പ്രദീപ് ആന്റണിയുടെ ആരാധകരിലൊരാളാണ് തന്നെ ആക്രമിച്ചതെന്ന് അവർ ആരോപിച്ചത്. ബിഗ് ബോസ് റിവ്യൂ ചെയ്ത്, അത്താഴം കഴിച്ചശേഷം സഹോദരി സൗമ്യയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് വരും വഴി കാറിനടുത്തുവെച്ചാണ് എവിടെ നിന്നോ പ്രത്യക്ഷപ്പെട്ട ഒരാൾ ആക്രമിച്ചതെന്ന് വനിത പറഞ്ഞു. റെഡ് കാർഡ് നൽകുന്നോ എന്ന് അക്രമി ചോദിച്ചെന്നും അവർ കുറിച്ചു.
“മുഖത്ത് ശക്തിയായി ഇടിച്ചശേഷം അയാൾ രക്ഷപ്പെട്ടു. എന്റെ മുഖത്തുകൂടി രക്തമൊഴുകുന്നുണ്ടായിരുന്നു. വേദനയിൽ ഞാൻ അലറിക്കരഞ്ഞു. ആ പുലർച്ചെ ഒരുമണി സമയത്ത് അവിടെയെങ്ങും ആരുമുണ്ടായിരുന്നില്ല. സഹോദരിയെ വിളിച്ച് ഇറങ്ങി വരാൻ പറഞ്ഞു. ഈ സംഭവം പോലീസിൽ അറിയിക്കാൻ അവൾ എന്നെ പ്രേരിപ്പിച്ചു. എന്നാൽ ഈ പ്രക്രിയയിൽ എനിക്ക് വിശ്വാസം നഷ്ടപ്പെട്ടതായി ഞാൻ അവളോട് പറഞ്ഞു. പ്രഥമശുശ്രൂഷയ്ക്ക് ശേഷം അവിടെ നിന്നിറങ്ങി.”
ഭ്രാന്തനേപ്പോലെയുള്ള അയാളുടെ ചിരി കാതുകളെ വേട്ടയാടുകയാണ്. എല്ലാത്തിൽ നിന്നും ഇടവേളയെടുക്കുകയാണ്. സ്ക്രീനിൽ പ്രത്യക്ഷപ്പെടാനുള്ള ശാരീരികാവസ്ഥയിലല്ല താനെന്നും വനിതാ വിജയകുമാർ കുറിച്ചു. തന്റെ പരിക്കിന്റെ ചിത്രവും പിന്നീട് താരം പോസ്റ്റ് ചെയ്തു. ബിഗ് ബോസ് എന്നത് ടി.വിയിലെ ഒരു ഗെയിം ഷോ മാത്രമാണെന്നും ഇങ്ങനെ ഒരവസ്ഥയിലൂടെ കടന്നുപോകേണ്ടയാളല്ല താനെന്നും അവർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]