നടി തൃഷയ്ക്കെതിരെ മൻസൂർ അലിഖാൻ നടത്തിയ അപകീർത്തി പരാമർശം വിവാദമാകുകയാണ്. സിനിമയിലേതുൾപ്പടെ നിരവധിയാളുകളാണ് നടനെ വിമർശിച്ചുകൊണ്ടെത്തുന്നത്. ഇപ്പോഴിതാ മൻസൂർ അലിഖാനെതിരെ ഹരിശ്രീ അശോകൻ മുൻപ് നടത്തിയ പരാമർശം ശ്രദ്ധനേടുകയാണ്. തമിഴ്നാട്ടിലുൾപ്പടെ അഭിമുഖത്തിൽ നിന്നുള്ള ഭാഗം വെെറലാവുകയാണ്.
‘സത്യം ശിവം സുന്ദരം സിനിമയിൽ എന്നെയും ഹനീഫിക്കയെയും മൻസൂർ അലി ഖാൻ ബസ് സ്റ്റാൻഡിൽ ഇട്ട് തല്ലുന്ന സീൻ ഉണ്ട്. ഞങ്ങൾ അന്ധൻമാരുടെ വേഷം ചെയ്യുന്നതുകൊണ്ട് കണ്ണ് എപ്പോഴും മുകളിലേക്ക് വയ്ക്കണം. അപ്പോൾ നമുക്ക് ഒന്നും കാണാൻ പറ്റില്ല. മൻസൂർ അലിഖാൻ രണ്ടുമൂന്ന് തവണ കൈക്കിട്ട് ഇടിച്ചു. പിന്നെ നെഞ്ചിനിട്ടും ചവിട്ട് കിട്ടി. ഇനി ചവിട്ടരുത്, ടൈമിങ് നിങ്ങളുടെ കയ്യിലാണ്, ഞങ്ങൾക്ക് ഒന്നും കാണാൻ പറ്റില്ല എന്ന് ഞാൻ ഒരു തവണ പറഞ്ഞു. പുള്ളി മൈൻഡ് ചെയ്തില്ല.
രണ്ടാമതും ചവിട്ടി. ഞാൻ നിർത്താൻ പറഞ്ഞു. ‘‘നിന്നോട് ഒരു തവണ പറഞ്ഞതാണ് ചവിട്ടരുതെന്ന്. ഇനി നീയെന്റെ ദേഹത്ത് തൊട്ടാൽ മദ്രാസ് കാണില്ലെന്ന്’ ഞാൻ പറഞ്ഞു. പിന്നെ ഒരു കുഴപ്പവും ഉണ്ടായില്ല. എന്റെ നാലിരട്ടി ഉണ്ടായിരുന്നു അയാൾ. നമ്മളെ ചവിട്ടിയിട്ട് എന്തായാലും അയാൾ ഇവിടുന്ന് പോകില്ല. ഞാൻ ഇങ്ങനെ ഇരിക്കുന്നു എന്നേയുള്ളു. ഒരു ബോധമില്ലാത്ത നടനാണ് ഈ മൻസൂർ അലി ഖാൻ. അയാൾക്ക് വേണ്ടി ഞങ്ങളൊക്കെ ഒരുപാട് സഹിച്ചു. അയാൾക്കെതിരെ നൂറ്റി അൻപതോളം കേസുകൾ ഉണ്ട്. ഇപ്പോഴും ജയിലിലാണ്. വീട്ടിൽ വല്ലപ്പോഴുമാണ് വരുന്നത്. ലീവിന് വീട്ടിൽ വരും.’’ ഹരിശ്രീ അശോകൻ അഭിമുഖത്തില് പറഞ്ഞു.
വ്യാപക പ്രതിഷേധമാണ് മൻസൂർ അലിഖാന്റെ പ്രസ്തമാവനയിൽ സിനിമാതാരങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. മൻസൂർ അലി ഖാനെതിരെ രൂക്ഷവിമർശനവുമായി തൃഷ എത്തിയതിന് പിന്നാലെ നടനെ വിമർശിച്ച് സംവിധായകൻ ലോകേഷ് കനകരാജും നടി മാളവിക മോഹനനും ഗായിക ചിന്മയിയുമൊക്കെ രംഗത്തെത്തിയിരുന്നു.
ലിയോ സിനിമയുമായി ബന്ധപ്പെട്ട് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മൻസൂർ അലി ഖാൻ തൃഷയ്ക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയത്. ലിയോയിൽ തൃഷയാണ് നായികയെന്നറിഞ്ഞപ്പോൾ ഒരു കിടപ്പറ രംഗമുണ്ടാവുമെന്ന് പ്രതീക്ഷിച്ചു. 350-ഓളം ചിത്രങ്ങളിലഭിനയിച്ചപ്പോൾ നമ്മൾ ചെയ്യാത്തതരം റേപ്പ് സീനുണ്ടോ, ചിത്രത്തിലെ വില്ലൻ വേഷം പോലും തനിക്ക് തന്നില്ല എന്നൊക്കെയാണ് മൻസൂർ അലിഖാൻ പറഞ്ഞത്. അപകീർത്തി പരാമർശങ്ങളിൽ നടൻ പ്രതികരണവുമായും രംഗത്തെത്തിയിരുന്നു. തമാശരീതിയിലുള്ള പരാമർശമായിരുന്നു തന്റേതെന്നും ആരോ എഡിറ്റ് ചെയ്ത വീഡിയോ കണ്ട് തൃഷ തെറ്റിധരിക്കുകയായിരുന്നുവെന്നും മൻസൂർ അലിഖാൻ പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net