ഭീതിയും പ്രണയവും ഒരുപോലെ നിറയുന്ന കഥാവഴി, പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് കാഴ്ചയുടെ പുത്തൻ അനുഭവം സമ്മാനിച്ച് തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് ‘ഫീനിക്സ് ’. മിഥുൻ മാനുവൽ തോമസ് എഴുതി വിഷ്ണു ഭരതൻ സംവിധാനം ചെയ്ത റൊമാന്റിക് ഹൊറർ ത്രില്ലർ ചിത്രത്തിൽ അജു വർഗീസ് കേന്ദ്രകഥാപാത്രങ്ങളിലൊന്നായി ഒരിക്കൽക്കൂടി സ്ക്രീനിൽ കൈയടിനേടുന്നു. ഫീനിക്സിനെക്കുറിച്ചും പുത്തൻ സിനിമാവിശേഷങ്ങളെക്കുറിച്ചും അജു വർഗീസ്
എങ്ങനെയാണ് ഹൊറർ ത്രില്ലറായ ‘ഫീനികിസ്’ അജു വർഗീസിലേക്ക് എത്തിയത്…
ഈ സിനിമയുടെ രണ്ടാം പകുതിയിൽ പറയുന്ന പ്രണയകഥയാണ് എന്നെ ഇതിലേക്ക് ആകർഷിച്ച പ്രധാനഘടകം. ആദ്യം കഥ കേട്ടപ്പോൾതന്നെ നല്ലൊരു സിനിമയാണിതെന്നുതോന്നി. കുടുംബനാഥനായ മൂന്നുമക്കളുടെ പിതാവായ പരുക്കനായ ഒരു വക്കീൽ കഥാപാത്രമാണ് സിനിമയിൽ എന്റേത്. മുമ്പുചെയ്ത സാജൻ ബേക്കറി എന്ന സിനിമയിലെ കഥാപാത്രവുമായി അല്പം സാമ്യതകളുണ്ട്. അതിനാൽ അഭിനേതാവ് എന്നനിലയിൽ വലിയ വെല്ലുവിളികളൊന്നും ഉണ്ടായിരുന്നില്ല. ഫീനിക്സിന്റെ കഥാപശ്ചാത്തലം തീർത്തും വ്യത്യസ്തമായിരുന്നു. തൊണ്ണൂറുകളിൽ നടക്കുന്ന കഥ ഭീതിയുടെ നിഴൽ പ്രേക്ഷകരിലേക്ക് ജനിപ്പിച്ചാണ് അവതരിപ്പിക്കുന്നത്. ഒരു റൊമാന്റിക് ഹൊറർ ത്രില്ലർ എന്ന് ചിത്രത്തെ വിശേഷിപ്പിക്കാം. ഇത്തരമൊരു പരീക്ഷണചിത്രം മികച്ചതായിമാറണമെങ്കിൽ ഓരോരുത്തരും ഏറ്റവും മികച്ച ഔട്ട്പുട്ട് പുറത്തെടുക്കണം. അഭിനേതാക്കൾ, ക്യാമറ, സംഗീതം, സംവിധാനം തുടങ്ങി ഓരോ വിഭാഗത്തിലുള്ളവരും ഏറ്റവും നല്ലരീതിയിൽ വർക്ക് ചെയ്തിട്ടുണ്ട്. അതുതന്നെയാണ് സിനിമ ഇത്രമികച്ചതാകാനുള്ള കാരണവും. സിനിമകണ്ടിറങ്ങിയ പ്രേക്ഷകരെല്ലാം മികച്ച അഭിപ്രായം അറിയിക്കുന്നു എന്നതിൽ സന്തോഷം.
2023-ൽ പല ജോണറിലുള്ള മികച്ച കഥാപാത്രങ്ങൾ ചെയ്തു, തിരഞ്ഞെടുപ്പുകൾ മെച്ചപ്പെടുന്നു എന്നുതോന്നുന്നുണ്ടോ…
ഈ വർഷം ഒരുപിടി മികച്ചകഥാപാത്രങ്ങൾ ചെയ്യാനായി എന്നതിൽ സന്തോഷമുണ്ട്. നദികളിൽ സുന്ദരി യമുനയിലെ വിദ്യാധരൻ, 2018-ലെ ഡ്രൈവർ കോശി, കേരള ക്രൈം ഫയൽസ് എന്ന വെബ് സീരിസിലെ എസ്.ഐ. മനോജ്, ഫീനിക്സിലെ അഡ്വ. ജോൺ എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടു. കഥാപാത്രങ്ങൾ മികച്ചരീതിയിൽ എഴുതപ്പെടുമ്പോഴാണ് നമുക്കും അത് നല്ലതാക്കാൻ സാധിക്കുന്നത്. മിന്നൽ മുരളി, ജയ ജയ ജയ ജയഹേ എന്നിങ്ങനെ പലസിനിമകളിലും അത്തരത്തിൽ മികച്ചരീതിയിൽ എഴുതിയ കഥാപാത്രങ്ങൾ ലഭിച്ചിട്ടുണ്ട്. മറിച്ച് അലസമായി രൂപപ്പെടുത്തിയ കഥാപാത്രങ്ങൾ വരുമ്പോൾ പലപ്പോഴും നമ്മൾ അഭിനയിച്ച് ഫലിപ്പിക്കാൻ ഏറെ പ്രയാസപ്പെടും. ആ കഥാപാത്രങ്ങൾ ചിലപ്പോൾ ശ്രദ്ധിക്കപ്പെടാതെപോകും. നല്ലരീതിയിൽ എഴുതിയ കഥയും കഥാപാത്രങ്ങളുമുണ്ടെങ്കിൽ സിനിമ പകുതി വിജയിച്ചു എന്നാണ് ഞാൻ കരുതുന്നത്. സ്ഥാനാർഥി ശ്രീക്കുട്ടൻ എന്നൊരു സിനിമ ഇറങ്ങാനുണ്ട്. അതിൽ എന്റെ കഥാപാത്രം മികച്ചരീതിയിൽ എഴുതപ്പെട്ട ഒന്നാണ്, അതിനാൽ നല്ലരീതിയിൽ അഭിനയിക്കാൻ സാധിച്ചിട്ടുണ്ട് എന്നൊരു ആത്മവിശ്വാസമുണ്ട്.
സെലക്ടീവായി തുടങ്ങിയോ, ഏതൊക്കെയാണ് പുതിയ സിനിമകൾ…
എന്നെപ്പോലുള്ള അഭിനേതാക്കൾക്ക് ഇവിടെ ചോയ്സുകൾ കുറവാണ്. ഏത് കഥാപാത്രമാണോ നമുക്ക് ഓഫർ ചെയ്യപ്പെടുന്നത് അത് അഭിനയിക്കുക എന്നതാണ്. ബാക്കിയെല്ലാം ഭാഗ്യമാണ്. എന്റെ കരിയറിൽ ഭാഗ്യംകൊണ്ട് കുറെ നല്ലസിനിമകളുടെ ഭാഗമാകാൻ സാധിച്ചു. കുറെ നല്ല സംവിധായകർ നല്ല കഥാപാത്രങ്ങൾ സമ്മാനിച്ചു. ഇപ്പോൾ സ്വയം ആവർത്തിക്കരുത് എന്നൊരു തീരുമാനമെടുത്തിട്ടുണ്ട്. അത്തരമൊരു തീരുമാനമെടുക്കുമ്പോൾ കുറെ സിനിമകൾ നഷ്ടപ്പെടും എന്ന ബോധ്യമുണ്ട്. എന്നാൽപ്പോലും പല ജോണറുകളിലുള്ള മികച്ച കഥാപാത്രങ്ങൾ തേടിവരുന്നുണ്ട്. അതിൽ സന്തോഷമുണ്ട്. വർഷങ്ങൾക്കുശേഷം, ഐഡന്റിറ്റി, നുണക്കുഴി, ഗഗനചാരി, സ്ഥാനാർഥി ശ്രീക്കുട്ടൻ എന്നീ സിനിമകളും ലൗ അണ്ടർ കൺസ്ട്രക്ഷൻ, ചേരല്ലൂർ പ്രീമിയർ ലീഗ് എന്നീ വെബ് സീരീസുകളുമാണ് ഇനി വരാനുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]