
ജിദ്ദ- കേരള കലാസാഹിതിയുടെ 27ാം വാർഷികം വൈവിധ്യമാർന്ന പരിപാടികളാൽ ജിദ്ദ സമൂഹത്തിന് അവിസ്മരണീയമായ ആവേശ രാവ് സമ്മാനിച്ചു. കളേഴ്സ് ഓഫ് ഇന്ത്യ എന്ന പേരിൽ ഒരുക്കിയ നൃത്തസംഗീത വിരുന്ന് നാട്ടിൽനിന്നെത്തിയ സംഗീത പ്രതിഭകളുടെ ഗാനാലാപനത്താലും ജിദ്ദയിലെ കലാകാരന്മാരുടെ നൃത്തനൃത്യങ്ങളാലും കോൺസുലേറ്റ് അങ്കണം നിറഞ്ഞു കവിഞ്ഞ സദസ്സിനെ ഇളക്കി മറിച്ചു.
വ്യത്യസ്ത സംസ്ഥാനങ്ങളിൽനിന്നുള്ള നൃത്ത രൂപങ്ങളെ കോർത്തിണക്കി ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തെ അടയാളപ്പെടുത്തുന്നതായിരുന്നു കളേഴ്സ് ഓഫ് ഇന്ത്യയുടെ മൂന്നാമത് എഡിഷൻ. ഐഡിയ സ്റ്റാർ സിംഗറിലൂടെ കടന്നുവന്ന് പിന്നണി ഗാനരംഗത്തു പ്രശസ്തയായ അമൃത സുരേഷും സരിഗമ ഫെയിം ജാസിം ജമാലും മലയാളം, ഹിന്ദി, തമിഴ് മെലഡി, അടിപൊളി ഗാനങ്ങളുമായി സദസ്സിനെ കൈയിലെടുത്തു. ജീസിം ജമാലിന്റെ മാപ്പിളപ്പാട്ടുകളും സദസ്സ് നന്നായി ആസ്വദിച്ചു. സദസ്സ് ഒന്നാകെ അവരോടൊപ്പം ആടിപ്പാടി.
ഓസ്കർ ഹോം അപ്ലയൻസസ്, ഗ്ലോബ് ലോജിസ്റ്റിക്സ്, പ്രൈം എക്സ്പ്രസ് കാർഗോ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച് ആഘോഷ രാവ് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ ലേബർ, കൾച്ചർ, പ്രസ് ആന്റ്് ഇൻഫർമേഷൻ കോൺസൽ മുഹമ്മദ് ഹാഷിം ഉദ്ഘാടനം ചെയ്തു.
മലയാളം ന്യൂസ് എഡിറ്റർ ഇൻ ചീഫ് താരീഖ് മിശ്ഖസ് വിശിഷ്ടാതിഥിയായി. പ്രസിഡന്റ് അഷ്റഫ് കുന്നത്ത് അധ്യക്ഷത വഹിച്ചു.
കലാസാഹിതി രക്ഷാധികാരി മുസാഫിർ, പ്രോഗ്രാം കൺവീനർ ഷാനവാസ് കൊല്ലം എന്നിവർ ആശംസ നേർന്നു. പ്രമുഖ സംരംഭകൻ ഷാക്കിർ ഹുസൈൻ (അറേബ്യൻ ഹൊറൈസൺ), അബ്ദുൽ നിഷാദ് (ഗെലാറ്റൊ), എഴുത്തുകാരി റജിയ വീരാൻ എന്നിവരെ യഥാക്രമം കോൺസൽ മുഹമ്മദ് ഹാഷിം, താരീഖ് മിശ്കസ്, മാത്യു വർഗീസ് എന്നിവർ ആദരിച്ചു. റജിയ വീരാന്റെ അഭാവത്തിൽ മകൻ ഹാഷിൻ ആദരവ് ഏറ്റുവാങ്ങി.
പുഷ്പ സുരേഷ്, അനിത നായർ, സലീന മുസാഫിർ, ഷാനി ഷാനവാസ്, ധന്യ കിഷോർ, നാദിയ നൗഷാദ്, ഹാല റാസിഖ്, ശ്രീനന്ദ സന്തോഷ്, അക്ഷയ അനൂപ് എന്നിവർ ചിട്ടപ്പെടുത്തിയ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള നൃത്തനൃത്യങ്ങളിൽ ജിദ്ദയിലെ കലാകാരന്മാരും കലാസാഹിതി അംഗങ്ങളും അണിനിരന്നു.
നജീബ് വെഞ്ഞാറമൂട്, ഷദ അഷ്റഫ് എന്നിവർ അവതാരകരായിരുന്നു. സെക്രട്ടറി മാത്യു വർഗീസ് സ്വാഗതവും ട്രഷറർ മുഹമ്മദ് സമീർ നന്ദിയും പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]