തിരുവനന്തപുരം: ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ട്വന്റി 20ക്ക് ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകുമ്പോള്‍ ഒരുക്കിയിരിക്കുന്നത് ശക്തമായ സുരക്ഷാസംവിധാനങ്ങള്‍. ആരാധകര്‍ക്ക് സ്റ്റേഡിയത്തിനുള്ളിലേക്ക് നിരവധി വസ്തുക്കള്‍ കൊണ്ടുപോകുന്നതിന് വിലക്കുണ്ട്. മത്സരം കാണാന്‍ എത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക ഇടങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട് എന്നും കേരള ക്രിക്കറ്റ് അസോസിയേഷന് അറിയിച്ചു. സ്റ്റേഡിയത്തിന് അകത്തും പുറത്തും കനത്ത സുരക്ഷയാണ് മത്സരത്തിനായി ഒരുക്കിയിരിക്കുന്നത്.
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെത്തുന്ന ആരാധകര്‍ കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. നിരവധി വസ്തുക്കള്‍ക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനമില്ല. പതാകകള്‍ സ്റ്റേഡിയത്തിനുള്ളില്‍ കൊണ്ടുപോകുന്നത് സര്‍വസാധാരണമെങ്കിലും ഇതിനൊപ്പം കൊടി കെട്ടുന്ന വടിയുണ്ടാകാന് പാടില്ല. അഗ്നിബാധ ഒഴിവാക്കാന്‍ സിഗരറ്റ്, ലൈറ്റര്‍, തീപ്പട്ടി എന്നിവയും സ്റ്റേഡിയത്തിനുള്ളില്‍ കൊണ്ടുപോകുന്നത് തടഞ്ഞിട്ടുണ്ട്. ഷോള്‍ഡര്‍ ബാഗ്, വാദ്യോപകരണങ്ങള്‍, ക്യാരി ബാഗ്, കുപ്പികള്‍ തുടങ്ങിയവും കാണികള്‍ സ്റ്റേഡിയത്തിനുള്ളില്‍ പ്രവേശിപ്പിക്കാന്‍ പാടില്ല. കാര്യവട്ടത്തെ കേരള യൂണിവേഴ്സിറ്റി പരിസരത്തും എല്‍എന്‍സിപിഇ, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഗേറ്റ് നമ്പര്‍ 1 എന്നിവയിലുമാണ് വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഇന്ത്യന്‍ സമയം വൈകിട്ട് ഏഴ് മണിക്കാണ് ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ട്വന്റി 20 കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആരംഭിക്കുക. വിശാഖപട്ടണത്ത് ആദ്യ ടി20 ജയിച്ച ഇന്ത്യക്ക് ഇന്നും ജയിച്ചാല്‍ അഞ്ച് മത്സരങ്ങളിലുടെ പരമ്പരയില്‍ ലീഡ് ഉയര്‍ത്താം. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാവുന്ന ആറാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമാണ് ഇന്നത്തേത്. ബാറ്റിംഗ് അനുകൂല വിക്കറ്റാണ് തിരുവനന്തപുരത്ത് പ്രതീക്ഷിക്കുന്നത്. മത്സരം മഴ തടസപ്പെടുത്തുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇന്നലെ കാര്യവട്ടത്ത് ശക്തമായ മഴ പെയ്തിരുന്നു. എങ്കിലും മത്സരത്തിന് മുമ്പ് മഴയെത്തിയാല്‍ അതിവേഗം ഗ്രൗണ്ടിലെ ഈര്‍പ്പം തുടച്ചുനീക്കാനുള്ള സൗകര്യം സ്റ്റേഡിയത്തിലുണ്ട്.
Last Updated Nov 26, 2023, 2:42 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]