
മുംബൈ: ഐ പി എൽ താരലേലത്തിന് മുമ്പായി ഫ്രാഞ്ചൈസികള് ഒഴിവാക്കുന്ന കളിക്കാരുടെ പട്ടിക ഒന്നൊന്നായി പുറത്തുവരുമ്പോൾ നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ ഒന്നൊന്നായി സ്ഥിരീകരിക്കപ്പെടുകയാണ്. ഇക്കൂട്ടത്തിൽ ഏറ്റവും പ്രധാനം ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം നായകൻ ബെൻ സ്റ്റോക്സ് ഇക്കുറി ഐ പി എല്ലിനുണ്ടാകില്ല എന്നതാണ്. കഴിഞ്ഞ സീസണിൽ 16.25 കോടി രൂപക്ക് സ്വന്തമാക്കിയ ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സിനോട് ചെന്നൈ സൂപ്പർ കിംഗ്സ് സലാം പറഞ്ഞു. രാജ്യത്തിന് വേണ്ടി കളിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നതടക്കമുള്ള ബെൻ സ്റ്റോക്സിന്റെ ആവശ്യങ്ങൾ ചെന്നൈ മാനേജ്മെന്റ് അംഗീകരിക്കുകയായിരുന്നു. താരം ഇക്കുറി ഒരു ടീമിനായും കളത്തിലുണ്ടാക്കില്ലെന്ന് സാരം.
അതിനിടെ രാജസ്ഥാൻ റോയൽസിൽ നിന്നും പുറത്തുവരുന്ന വാർത്ത 2 മലയാളി താരങ്ങളെയടക്കം ടീമിൽ നിന്നും ഒഴിവാക്കി എന്നതാണ്. മൊത്തം ഒമ്പത് താരങ്ങളെയാണ് രാജസ്ഥാൻ റോയൽസ് ഒഴിവാക്കിയിരിക്കുന്നത്. മലയാളി താരങ്ങളായ അബ്ദുൾ ബാസിത്, കെ എം ആസിഫ് ഉൾപ്പെടെയുള്ളവരെയാണ് ഒഴിവാക്കിയത്. വിദേശ താരങ്ങളായ ജോ റൂട്ട്, ഒബെദ് മക്കോയ്, ജേസൺ ഹോൾഡർ എന്നിവരും ഈ സീസണിൽ രാജസ്ഥാന് വേണ്ടി പാഡ് കെട്ടില്ല. ആകാശ് വശിഷ്ട്, കുൽദീപ് യാദവ്, മുരുകൻ അശ്വിൻ, കെ സി കരിയപ്പ എന്നിവരേയും രാജസ്ഥാൻ ഒഴിവാക്കി. എന്നാൽ നായകനായി സഞ്ജു വി സാസണെ നിലനിർത്തിയിട്ടുണ്ട്.
താരക്കൈമാറ്റം ഇന്ന് അവസാനിക്കാനിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. വരും മണിക്കൂറിൽ താരക്കൈമാറ്റം സംബന്ധിച്ച വ്യക്തമായ ചിത്രം കിട്ടുമെന്നാണ് പ്രതീക്ഷ.
Last Updated Nov 26, 2023, 5:03 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]