കൊച്ചി : ജോലി എന്ന വലിയ സ്വപ്നം ബാക്കിയാക്കിയാണ് കുസാറ്റിലെ ഗാനസന്ധ്യക്കിടെയുണ്ടായ അപകടത്തിൽ മരിച്ച മുണ്ടൂർ സ്വദേശി ആൽബിൻ ജോസഫ് യാത്രയായത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു ആൽബിൻ, എറണാകുളത്ത് നഴ്സായി ജോലി ചെയ്യുന്ന സഹോദരിയുടെ അടുത്തെത്തിയത്. സുഹൃത്തുക്കൾക്കൊപ്പമാണ് ഗാനസന്ധ്യ കാണാൻ വൈകിട്ട് കുസാറ്റിലെത്തിയത്. രാവിലെ തിരിച്ചെത്താമെന്ന് അമ്മയോട് യാത്രപറഞ്ഞാണ് ആൽബിൻ വീട്ടിൽ നിന്നിറങ്ങിയത്. സുഹൃത്തിനൊപ്പം കോങ്ങാടെത്തി. അവിടെ നിന്നും കുഴൽമന്ദത്തെ മറ്റൊരു സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് കൊച്ചിയിലേക്ക് പുറപ്പെട്ടത്.
സഹപാഠികൾക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി കുസാറ്റ്; രണ്ട് പെൺകുട്ടികളുടെ നില അതീവഗുരുതരം
ഐടിഐയിൽ ഇലക്ട്രിക്കൽ കോഴ്സിന് ശേഷം നാട്ടിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തു. മെച്ചപ്പെട്ടജോലിക്കായി എറണാകുളത്തെ സ്വകാര്യസ്ഥാപനത്തിൽ ഫയർആൻറ് സേഫ്റ്റി കോഴ്സും പഠിച്ചു. ബംഗലൂരുവിൽ ജോലി നോക്കാനായിരുന്നു തീരുമാനം. കേരള ബാങ്കിൽ നിന്നും എടുത്ത ലോൺ അടച്ചു തീർക്കണം. മറ്റു കടങ്ങൾ വീട്ടണം. നല്ലൊരു വീട് വയ്ക്കണം. പക്ഷെ ഒരു കുടുംബത്തിന്റെ മുഴുവൻ സ്വപ്നങ്ങളും ബാക്കി വച്ചാണ് ആൽബിൻ പോയത്. അച്ഛന്റെ പ്രതീക്ഷകൾ കൂടിയായിരുന്നു ആൽബിൻ. നാട്ടുകാർക്കും കൂട്ടുകാർക്കും പ്രിയപ്പെട്ടവൻ. രാവിലെതിരിച്ചെതതാമെന്നായിരു കൂട്ടുകാരോടും അമ്മയോടും പറഞ്ഞത്. ഒരു വിളിപ്പാടകലെ ഓടി എത്തുന്ന പ്രിയപ്പെട്ടവൻ ഇനിയില്ലെന്ന് വിശ്വസിക്കാനാകാതെ നടുക്കത്തിലാണ് ആൽബിന്റെ കുടുംബവും നാട്ടുകാരും കൂട്ടുകാരും.
സഹപാഠികൾക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി കുസാറ്റ്
അപകടത്തിൽ മരിച്ച സഹപാഠികൾക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി കുസാറ്റ്. പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം ഒമ്പതരയോടെയാണ് സാറ തോമസ്, ആൻ റുഫ്ത, അതുൽ തമ്പി എന്നിവരുടെ മൃതദേഹം ക്യാമ്പസിലെത്തിച്ചത്. സർക്കാരിന് വേണ്ടി മന്ത്രിമാരായ ആർ.ബിന്ദു, പി.രാജീവ് എന്നിവർ റീത്ത് സമർപ്പിച്ചു. ടെക്ഫെസ്റ്റ് വേദിയിൽ കളിചിരികളുമായി നടന്ന കൂട്ടുകാർ പൊടുന്നനെ ഇല്ലാതായത് ഇനിയും ആര്ക്കും വിശ്വസിക്കാനാകുന്നില്ല. ആശുപത്രി മോർച്ചറിയിൽ സാറയുടെയും ആനിന്റെയും അതുലിന്റെയും സഹപാഠികൾ കരഞ്ഞു നിലവിളിച്ചു.
രാവിലെ 7 ന് തുടങ്ങിയ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ഒമ്പതരയോടെയാണ് കുസാറ്റ് ക്യാംപസിലെ ഐ ടി ബ്ലോക്കിലേക്ക് പൊതുദർശനത്തിനായെത്തിച്ചത്. ആദ്യമെത്തിച്ചത് സാറാ തോമസിന്റെ മൃതദേഹം. പിന്നാലെ ആൻ റുഫ്തയുടെയും അതുൽ തമ്പിയുടേയും മൃതദേഹങ്ങളുമെത്തിച്ചു. കരച്ചിലടക്കാനാവാതെ, പരസ്പരം ആശ്വസിപ്പിക്കുന്ന സഹപാഠികൾ ഹൃദയഭേദകമായ കാഴ്ചയായിരുന്നു. സാറയുടെ മൃതദേഹം താമരശേരിയിലേക്കും അതുലിന്റേത് കൂത്താട്ടുകുളത്തേക്കും ആൻ റുസ്തയുടേത് പറവൂരിലേക്കും കൊണ്ടുപോയി.
Last Updated Nov 26, 2023, 2:54 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]