ക്ലാസ് ബൈ എ സോൾജ്യർ’ എന്ന സിനിമയെക്കുറിച്ച് മികച്ച അഭിപ്രായമാണ് ലഭിക്കുന്നതെന്നും ചിത്രം കണ്ടതിന് ശേഷം ഒരുപാട് പേർ അഭിനന്ദനമറിയിച്ചതായും സംവിധായിക ചിന്മയി നായർ. രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ചലച്ചിത്ര സംവിധായികയാവുകയാണ് ചിന്മയി. ലഹരിമാഫിയക്കെതിരായ പ്രമേയമാണ് ചിത്രം ചർച്ച ചെയ്യുന്നത്. വിജയ് യേശുദാസ്, മീനാക്ഷി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പതിനേഴാം വയസിൽ സംവിധായിക ആയതിനെപ്പറ്റി മാതൃഭൂമി ഡോട്ട്കോമിനോട് സംസാരിക്കുകയായിരുന്നു ചിന്മയി.
രണ്ട് ഷോർട്ട് ഫിലിമുകൾക്ക് ശേഷം സിനിമ
പത്താംക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ സ്കൂളിലെ പ്രിൻസിപ്പാളാണ് എന്നോട് വിമുക്തിക്ക് വേണ്ടി ഒരു ഷോർട്ട് ഫിലിം ചെയ്യാനായി ആവശ്യപ്പെട്ടത്. പക്ഷേ ഞാൻ അപ്പോൾ പറഞ്ഞു ഇനി ഷോർട്ട് ഫിലിമൊന്നും ചെയ്യുന്നില്ല സിനിമയേ ചെയ്യുന്നുള്ളൂവെന്ന്. അതിന് മുമ്പ് രണ്ട് ഷോർട്ട് ഫിലിം ചെയ്തിരുന്നു. അതുകൊണ്ടാണ് ടീച്ചർ അന്ന് എന്നോട് അങ്ങനെ പറഞ്ഞത്. പക്ഷേ എന്റെ മറുപടി കേട്ട് ടീച്ചർ കരുതിയത് ഈ പ്രായത്തിൽ തന്നെ ഞാൻ സിനിമ ചെയ്യുമെന്നാണ്. അങ്ങനെ എന്നോട് മനസിൽ എന്തെങ്കിലും വിഷയമുണ്ടോയെന്ന് ചോദിക്കുകയായിരുന്നു. മനസിലുണ്ടായിരുന്ന ചെറിയൊരു ത്രഡ് പറഞ്ഞപ്പോൾ അവർക്ക് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് സിനിമയെന്ന ആശയത്തിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ നിർമാതാക്കളും എന്റെ മുമ്പത്തെ ഷോർട്ട് ഫിലിം കണ്ട് ഇഷ്ടപ്പെട്ട് എന്നോട് പ്രൊഡ്യൂസ് ചെയ്യാമെന്ന് പറയുകയായിരുന്നു.
അച്ഛന്റെ വഴിയേ മകളും
അച്ഛൻ സിനിമ പ്രവർത്തകനാണ്. ‘കങ്കാരു’ എന്ന സിനിമയുടെ കഥ ചെയ്തത് അച്ഛനായിരുന്നു. അതിന് ശേഷം തൗസന്റെന്നൊരു നോട്ടുപറഞ്ഞ കഥയെന്ന പരീക്ഷണ ചിത്രവും ചെയ്തിരുന്നു. ഈ ചിത്രത്തിലൂടെയാണ് മീനാക്ഷി ചലച്ചിത്ര രംഗത്തേക്ക് എത്തിയത്. സൂത്രക്കാരൻ എന്ന സിനിമ സംവിധാനം ചെയ്യുകയും ചെയ്തു. അച്ഛന്റെ പാത പിന്തുടർന്നാണ് ഇപ്പോൾ എന്റേയും യാത്ര. സിനിമയോട് താത്പര്യം ഉണ്ട്. എന്റെ ഇഷ്ടപ്രകാരമാണ് ആദ്യം ഷോർട്ട് ഫിലിം ചെയ്തത്. അനുഭവങ്ങളിൽ നിന്നുമുള്ള സംഭവങ്ങളായിരുന്നു ചെയ്ത രണ്ട് ഷോർട്ട് ഫിലിമുകളും.
ചിന്മയി, ചിത്രത്തിൻ്റെ പോസ്റ്റർ
സംവിധാനം ചെയ്യാൻ ബുദ്ധിമുട്ട് തോന്നിയില്ല
സിനിമ സംവിധാനം ചെയ്യുമ്പോൾ വലിയ ബുദ്ധിമുട്ടൊന്നും തോന്നിയിരുന്നില്ല. എല്ലാ പിന്തുണയും തന്ന് കൂടെയുള്ളവരെല്ലാവരും ഉണ്ടായിരുന്നു. ശ്വേത മേനോനടക്കമുള്ളവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അവരോടൊക്കെ ഒന്ന് അടുത്ത് ഇടപെഴകാനുള്ളൊരു സമയം മാത്രമേ ഞാനെടുത്തുള്ളൂ. ഈ പ്രായത്തിൽ ഒരു സിനിമ ചെയ്യുന്നതിന്റെ ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നു. എന്നിരുന്നാൽ പോലും വീട്ടുകാരും കൂടെയുള്ളവരുമെല്ലാം എല്ലാ പിന്തുണയും നൽകുകയായിരുന്നു ചെയ്തത്. പ്ലസ് ടു ഹ്യൂമാനിറ്റീസാണ് പഠിക്കുന്നത്. അവധി സമയത്തായിരുന്നു സിനിമയുടെ ഷൂട്ടെല്ലാം ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ക്ലാസൊന്നും നഷ്ടമായില്ല. ഇപ്പോൾ പ്രമോഷന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിലൊക്കെ പോകുമ്പോഴാണ് ക്ലാസുകൾ നഷ്ടമായത്.
കഥ മകൾ തിരക്കഥ അച്ഛൻ
ക്ലാസ് ബൈ എ സോൾജ്യയറിന്റെ കഥ എന്റേത് തന്നെയാണ്. തിരക്കഥ ചെയ്തിരിക്കുന്നത് അച്ഛൻ അനിൽ രാജാണ്. എന്റെ കഥയെ അച്ഛൻ സിനിമാറ്റിക്കായി മാറ്റുകയായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങെല്ലാം ചെയ്തത് സ്വദേശമായ കോട്ടയം പൊൻകുന്നം ചിറക്കടവും പരിസര പ്രദേശങ്ങളിലുമായിരുന്നു. എന്റെ സ്കൂൾ തന്നെയായിരുന്നു പ്രധാന ലൊക്കേഷൻ.
മീനാക്ഷി അടുത്ത സുഹൃത്ത്
ചിത്രത്തിലെ നായികയായ മീനാക്ഷിയും ഞാനും അടുത്ത സുഹൃത്തുക്കളാണ്. ഒരേ ക്ലാസിൽ, ഒരേ ബെഞ്ചിലാണ് പഠിക്കുന്നത്. കുട്ടിക്കാലം മുതൽക്കേ അടുത്ത സുഹൃത്തുക്കളാണ്. ഞാനൊരു സിനിമ ചെയ്യാൻ ആലോചിച്ചപ്പോൾ അതിലെ പ്രധാന കഥാപാത്രത്തെ മീനാക്ഷി അവതരിപ്പിച്ചാൽ നന്നാകുമെന്ന് തോന്നി. അങ്ങനെയാണ് പ്രധാന കഥാപാത്രം മീനാക്ഷിയിലേക്ക് എത്തുന്നത്.
Content Highlights: class by a soldier movie
സിനിമയിൽ നിന്ന് കോടികൾ സമ്പാദിക്കുകയല്ല എന്റെ ലക്ഷ്യം – Dr. Biju |
17-ാം വയസിൽ സിനിമ സംവിധായികയായി ചിന്മയി നായർ
പ്ലസ് ടു വിദ്യാർഥി ഒരുക്കുന്ന ‘ക്ലാസ്സ് – ബൈ എ സോൾജ്യർ’; നവംബർ 24-ന് ചിത്രം തിയേറ്ററുകളിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]