ദുബായ്: മമ്മൂട്ടി-ജ്യോതിക ചിത്രം കാതൽ-ദ കോർ എന്ന ചിത്രം പ്രദർശിപ്പിക്കുന്നതിന് ഗൾഫ് രാജ്യങ്ങളിൽ വിലക്ക്. ചിത്രം മുന്നോട്ടുവെയ്ക്കുന്ന പ്രമേയമാണ് ഗൾഫ് മേഖലകളിൽ ചിത്രത്തിന്റെ പ്രദർശനം നിഷേധിക്കാൻ കാരണം.
അറബ് രാജ്യങ്ങളുടെ മൂല്യങ്ങൾക്ക് വിരുദ്ധമായ ആശയമാണ് ചിത്രത്തിലുള്ളതെന്നാണ് വിലയിരുത്തൽ. ഖത്തർ, കുവൈത്ത്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ സെൻസർ ബോർഡുകളാണ് ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചത്. ഒമാൻ, ബഹറിൻ, യു.എ.ഇ എന്നീ രാജ്യങ്ങളിലെ സെൻസർ ബോർഡുകളും ചിത്രം പ്രദർശിപ്പിക്കാൻ ഇതുവരെ അനുമതി നൽകിയിട്ടില്ല.
ഈ മാസം 23-നാണ് ഗൾഫിലെ തിയേറ്ററുകളിൽ കാതൽ റിലീസ് ചെയ്യേണ്ടിയിരുന്നത്. ദുബായ് അടക്കമുള്ളിടങ്ങളിലെ തിയേറ്ററുകളിൽ ചിത്രത്തിന്റെ ബുക്കിങ് തുടങ്ങിയിരുന്നെങ്കിലും പിന്നീട് നിർത്തിവെയ്ക്കുകയായിരുന്നു. പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. പ്രശ്നം പരിഹരിക്കാൻ ശ്രമം തുടരുന്നുണ്ടെങ്കിലും സെൻസർ ബോർഡിന്റെ അനുമതി ലഭിച്ചില്ലെങ്കിൽ ചിത്രം ഗൾഫ് രാജ്യങ്ങളിൽ പ്രദർശിപ്പിക്കാൻ കഴിയില്ല. ഗൾഫിലെ തിയേറ്ററുകളിൽ മലയാളസിനിമകൾക്ക് വമ്പൻ ആരാധകരുണ്ട്.
13 വർഷത്തെ ഇടവേളയ്ക്കുശേഷം ജ്യോതിക മലയാളത്തിലെത്തുന്ന ചിത്രമാണ് ജിയോ ബേബി സംവിധാനംചെയ്യുന്ന കാതൽ. 2009-ൽ പുറത്തിറങ്ങിയ ‘സീതാകല്യാണം’ ആണ് ജ്യോതിക ഒടുവിൽ അഭിനയിച്ച മലയാള ചിത്രം. ‘കണ്ണൂർ സ്ക്വാഡി’ന്റെ വൻ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ എത്തുന്ന ചിത്രമാണ് ‘കാതൽ- ദി കോർ’. ആദർശ് സുകുമാരനും പോൾസൺ സക്കറിയയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
സാലു കെ തോമസാണ് ഛായാഗ്രാഹകൻ. മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റർ അലക്സ്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. വേഫെറർ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.