ടെക്നോളജി മനുഷ്യരുടെ സ്ഥാനം തട്ടിയെടുക്കില്ലെന്ന് മൈക്രോസോഫ്റ്റ് സഹ സ്ഥാപകൻ ബിൽഗേറ്റ്സ്. പക്ഷേ ആഴ്ചയില് മൂന്ന് ദിവസം ജോലി ചെയ്യുക എന്നത് സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സൗത്ത് ആഫ്രിക്കൻ കൊമേഡിയനും എഴുത്തുകാരനുമായ ട്രിവെർ നോഹുമായി വാട്ട്സ് നൗ എന്ന പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഐ ജോലികൾ തട്ടിയെടുക്കില്ലെന്നും എന്നാലത് എന്നന്നേക്കുമായുള്ള മാറ്റങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജീവിതത്തെ എഐയും ടെക്നോളജിയും എങ്ങനെ സ്വാധീനിക്കുമെന്നതിനെ കുറിച്ചാണ് 45 മിനിറ്റ് നീളുന്ന പോഡ്കാസ്റ്റിൽ അദ്ദേഹം സംസാരിച്ചത്. എഐ മനുഷ്യരുടെ ജോലികൾക്ക് ഭീഷണിയല്ലെ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. എഐ ഭീഷണിയല്ലെന്നും അതിന്റെ കടന്നുവരവോടെ അവർക്ക് കഠിനമായി ജോലി ചെയ്യേണ്ടി വരില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.
ആഴ്ചയിൽ മൂന്ന് ദിവസം മാത്രം ജോലി ചെയ്താൽ മതിയെന്ന് പറയുന്ന സമൂഹത്തെ ലഭിച്ചാൽ നല്ലതല്ലേയെന്നും യന്ത്രങ്ങൾക്ക് എല്ലാ ഭക്ഷണവും വസ്തുക്കളും നിർമ്മിക്കാനാകുന്ന ഒരു ലോകം നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. എഐയുടെ നേട്ടങ്ങളെക്കുറിച്ചും അപകടസാധ്യതകളെക്കുറിച്ചും വ്യക്തമായി സംസാരിച്ചിട്ടുള്ള വ്യക്തിയാണ് ബിൽഗേറ്റ്സ്. തെറ്റായ വിവരങ്ങൾ പങ്കുവെയ്ക്കുക, ഡീപ്ഫേക്കുകൾ, സുരക്ഷാ ഭീഷണികൾ, തൊഴിൽ വിപണിയിലെ മാറ്റങ്ങൾ, വിദ്യാഭ്യാസ രംഗത്തെ ആഘാതം എന്നിവയുൾപ്പെടെയുള്ള എഐയുടെ അപകടസാധ്യതകളും അദ്ദേഹം ചൂണ്ടിക്കാട്ടി.
തൊഴിൽ വിപണിയിൽ ഒരു പുതിയ സാങ്കേതികവിദ്യ വലിയ മാറ്റത്തിന് കാരണമാകുന്നത് ഇതാദ്യമല്ല. വ്യാവസായിക വിപ്ലവം പോലെ എഐയുടെ സ്വാധീനം നാടകീയമാകുമെന്ന് താൻ കരുതുന്നില്ലെന്നും എന്നാലിത് വലുതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എഐയുടെ ഭാവി നാം കരുതുന്നത് പോലെ ഭയാനകമായിരിക്കില്ല എന്നും അപകടസാധ്യതകൾ ഉണ്ടെന്നത് വാസ്തവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പക്ഷേ അവ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് തനിക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
Last Updated Nov 25, 2023, 4:44 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]