
അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മൂന്നാംദിനത്തിൽ ഏറ്റവുമധികം ശ്രദ്ധനേടിയത് വിജയ് സേതുപതിയാണ്. ഇൻ കോൺവർസേഷൻ വിഭാഗത്തിൽ ലിവിങ് ദ ക്യാരക്ടർ എന്ന വിഷയത്തിലാണ് വിജയ് സേതുപതി സംസാരിച്ചത്.
നടി ഖുശ്ബു ആയിരുന്നു അവതാരക. മികച്ച പ്രതികരണമാണ് പരിപാടിക്ക് ലഭിച്ചത്.
പരിപാടി തുടങ്ങിയതിനു ശേഷവും വലിയ നിര വേദിക്ക് പുറത്ത് കാണാമായിരുന്നു. ഒരിക്കലും ഒരു കാര്യത്തിലും അധികം നേരം ഫോക്കസ് ചെയ്യാൻ കഴിയാത്ത ആളാണ് താനെന്ന് വിജയ് സേതുപതി.
ഒരു ബുക്ക് വായിച്ചാൽ പോലും കുറച്ച് പേജ് വായിച്ച ശേഷം ഞാൻ അത് അവിടെയിട്ട് പോകും.
ദുബായിൽ ജോലി ചെയ്തിരുന്ന താൻ നാട്ടിലേക്ക് തിരിച്ചു വരാൻ കാരണം പ്രണയം ആണെന്നും അവർ വിളിച്ചിട്ട് ആണ് നാട്ടിലേക്ക് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. കല്യാണം കഴിഞ്ഞ ശേഷം തിരിച്ചു ദുബായിലേക്ക് പോകാൻ ഭാര്യ സമ്മതിച്ചില്ല.
പിന്നെ നാട്ടിൽ തന്നെ സിനിമയുമായി അങ്ങ് കൂടുകയായിരുന്നെന്ന് വിജയ് സേതുപതി പറഞ്ഞു. സിനിമയിലേക്ക് വരാനുള്ള കാരണം എന്താണെന്നുള്ള മറുപടി കേട്ട് സദസ്സ് ഒന്നടങ്കം പൊട്ടിച്ചിരിക്കുകയായിരുന്നു.
‘സിനിമയെ കുറിച്ച് എനിക്ക് ആധികാരികമായി ഒന്നും അറിയില്ലായിരുന്നു. എന്താണ് സിനിമയെന്ന് എനിക്ക് അറിയില്ല.
ഹംബിൾ ആണെന്ന് കാണിക്കാൻ പറയുന്നതല്ല. സിനിമയിൽ അവസരം തേടി നടന്ന സമയത്ത് ഞാൻ പരിചയപ്പെട്ട
നിരവധി വ്യക്തികളിൽ നിന്നും അവർ പകർന്ന തന്ന അറിവുകളാണ് എനിക്ക് സിനിമയെപ്പറ്റിയുള്ളത്.’ വിജയ് പറയുന്നു. മെത്തേഡ് ആക്ടറാണോ നാച്ചുറൽ ആക്ടർ ആണോ എന്ന ഖുശ്ബുവിന്റെ ചോദ്യത്തിന് വിജയ് സേതുപതിയുടെ ഉത്തരം ‘എനിക്ക് എന്താണ് മെത്തേഡ് ആക്ടിങ് എന്നൊന്നും അറിയില്ല’ എന്നായിരുന്നു.
ഇത് സദസ്സിൽ ഇത് ചിരി പടർത്തി. ‘ ഡയറക്ടർ കഥ പറയാൻ വരുമ്പോൾ കഥാപാത്രത്തെ പറ്റിയും കഥയെ പറ്റിയും വിശദമായി ചോദിച്ചു മനസിലാക്കും.
ഡയറക്ട്ടറിലൂടെയാണ് കഥയെ ഞാൻ മനസ്സിലാക്കുന്നത്. അതിലൂടെ കഥാപാത്രങ്ങളെയും.
അതല്ലാതെ എന്റെ അഭിനയത്തിൽ പ്രത്യേകിച്ച് ഫോർമുലകൾ ഒന്നും ഇല്ല.’ വിജയ് സേതുപതി പറഞ്ഞു. പ്രേക്ഷകരെ സിനിമ കാണാൻ വരുന്നത് സ്റ്റാറിനെ കാണാൻ അല്ലെന്നും കഥയ്ക്ക് വേണ്ടിയാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും വിജയ് സേതുപതി പ്രതികരിച്ചു.
ഇമേജ് നോക്കാതെ ഏതുതരം കഥാപാത്രവും ചെയ്യാൻ തനിക്ക് യാതൊരു മടിയും ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇമേജ് നോക്കാതെ കഥാപാത്രം തിരഞ്ഞെടുക്കുന്നതിനെപ്പറ്റിയുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ സിനിമ ജീവിതത്തിലെ ഒരുപിടി മികച്ച കഥാപാത്രങ്ങളെ പറ്റിയും വിജയ് സേതുപതി ഇൻ കോൺവെർസേഷൻ പരിപാടിയിൽ സംസാരിച്ചു. സൂപ്പർ ഡീലക്സ് എന്ന ചിത്രത്തിലെ വിജയ് സേതുപതിയുടെ ശക്തമായ കഥാപാത്രമായിരുന്നു ശില്പ എന്ന ട്രാൻസ്ജെൻഡർ.
ശില്പയെക്കുറിച്ചും ആ കഥാപാത്രത്തിലേക്ക് എത്തിയതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ‘ത്യാഗരാജൻ കുമാരരാജക്ക് നന്ദി പറയാതെ സൂപ്പർ ഡീലക്സിനെ കുറിച് സംസാരിക്കാൻ പറ്റില്ല.
അദ്ദേഹത്തിന്റെ ആദ്യ സിനിമ ആരണ്യകാണ്ഡം ഇറങ്ങുന്ന സമയത്ത് ഞാൻ ഡബ്ബിങ് ആർട്ടിസ്റ്റ് ആയിരുന്നു.ഡബ്ബിങ് ചെയ്യാൻ സമയത്ത് വളരെ മോശമായ ഒരു സീൻ വന്നപ്പോൾ അതിനോട് യോജിക്കനാകാതെ ഡബ്ബിങ് ചെയ്യാതെ പുറത്ത് പോയി. പിന്നീട് സിനിമ ഇറങ്ങിയപ്പോൾ എനിക്ക് വല്ലാതെ ഇഷ്ടപ്പെടുകയും
ചെയ്തു.
പിന്നീട് അദ്ദേഹത്തോട് ഞാൻ പോയി ചാൻസ് ചോദിക്കുകയായിരുന്നു.’ മികച്ച സ്ക്രിപ്റ്റ് കാരണമാണ് സൂപ്പർ ഡീലക്സിലെ ശില്പ എന്ന കഥാപാത്രം ഇത്ര വല്യ വിജയമായതെന്നാണ് താൻ വിചാരിക്കുന്നതെന്നും വിജയ് സേതുപതി പറഞ്ഞു. 96 എന്ന സൂപ്പർഹിറ്റ് സിനിമയിലെ വിജയ് സേതുപതി അഭിനയിച്ച് പ്രേക്ഷകരുടെ ഹൃദയം കവർന്ന കഥാപാത്രമായിരുന്നു രാമചന്ദ്രൻ.
അത്ര പെട്ടെന്ന് ഒന്നും കണ്ടവർ മറക്കാനിടയില്ലാത്ത ആ കഥാപാത്രം തന്നിലേക്ക് എത്തിയതിനെ കുറിച്ചും വിജയ് സേതുപതി സംസാരിച്ചു. ‘ആദ്യം സ്ക്രിപ്റ്റ് വായിക്കുമ്പോൾ തന്നെ കഥാപാത്രവും കഥയും വളരെ വ്യക്തമായിരുന്നു.
അത്രയ്ക്ക് മനോഹരമായിരുന്ന അതിന്റെ തിരക്കഥ. രാമചന്ദ്രൻ എന്ന കഥാപാത്രത്തെ എനിക്ക് വളരെ ഇഷ്ടമായിരുന്നു.
ഞാൻ എൻജോയ് ചെയ്ത് അഭിനയിച്ച കഥാപാത്രമായിരുന്നു രാമചന്ദ്രൻ. പ്രേം എഴുതി വെച്ച സാഹചര്യങ്ങളിൽ ഞാൻ ജീവിക്കുകയായിരുന്നു രാമചന്ദ്രനിലൂടെ.’ അദ്ദേഹം പറഞ്ഞു.
വില്ലൻ കഥാപാത്രങ്ങൾ തുടർച്ചയായി ചെയ്യുന്നത് ഇമേജിനെയും സ്റ്റാർഡത്തെയും ബാധിക്കില്ലേ എന്ന ചോദ്യത്തിന് വളരെ വ്യക്തമായ മറുപടി വിജയ് സേതുപതി നൽകി. ‘വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എപ്പോഴും എൻജോയ് ചെയ്യാറുണ്ട്.
എനിക്ക് എന്റെ എല്ലാ ഇമോഷൻസും കഥാപാത്രത്തിലൂടെ എക്സ്പ്രസ്സ് ചെയ്യാൻ കഴിയും. നമ്മുടെ ഫ്രസ്ട്രേഷൻ ഒക്കെ തീർക്കാൻ പറ്റുന്ന കഥാപാത്രങ്ങൾ ആണ് വില്ലൻ കഥാപാത്രങ്ങൾ.
ഇപ്പൊ എനിക്ക് ദേഷ്യം വരുമ്പോ ചെലപ്പോ ഒരാളെ കൊല്ലാൻ തോന്നും. റിയൽ ലൈഫിൽ അത് പറ്റില്ലല്ലോ.
പക്ഷെ വില്ലനു അത് പറ്റും.’ അദ്ദേഹം തമാശയായി പറഞ്ഞു. ‘ഇനി കാര്യത്തിലേക്ക് വരുമ്പോൾ, ഇപ്പൊ എനിക്ക് 40 വയസ്സായി.
ഒരു 50 വയസ്സാകുമ്പോഴേക്കും പ്രേക്ഷകർ എന്നെ ഒരു രീതിയിൽ തന്നെ കാണാൻ ആഗ്രഹിക്കുന്ന നിലയിൽ എത്താൻ പാടില്ല. ഏതുതരം കഥാപാത്രങ്ങളും ചെയ്യാനുള്ള സ്വാതന്ത്ര്യം എനിക്ക് വേണം.
അതുകൊണ്ടാണ് എല്ലാ തരം കഥാപാത്രങ്ങളും ഇമേജ് നോക്കാതെ തിരഞ്ഞെടുക്കുന്നത്.’ വിജയ് സേതുപതി വ്യക്തമാക്കി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]