യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജരേഖ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ പത്തു മണിക്ക് മ്യൂസിയം സ്റ്റേഷനിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് രാഹുൽ അറിയിച്ചിട്ടുണ്ട്. കന്റോൺമെന്റ് അസി.കമ്മീഷണറുടെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യൽ.
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചിട്ടുണ്ടെന്ന് പൊലിസ് തെരെഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിനിടെ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് ജാമ്യം നൽകിയ സിജെഎം കോടതി വിധിക്കെതിരെ അപ്പീൽ നൽകാനും പൊലീസ് തീരുമാനിച്ചു. നിയമോപദേശത്തിൻെറ അടിസ്ഥാനത്തിലാണ് തീരുമാനം. ഇന്ന് ജില്ലാ കോടതിയിൽ അപ്പീൽ നൽകും.
ഒന്നാം പ്രതി ഫെനി നൈനാന്, രണ്ടാം പ്രതി ബിനില്‍ ബിനു, മൂന്നാം പ്രതി അഭിനന്ദ് വിക്രം, നാലാം പ്രതി വികാസ് കൃഷ്ണ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ഈമാസം 27 വരെ എല്ലാ ദിവസവും അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു.
യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വ്യാപകമായി നിര്‍മിച്ചെന്ന കണ്ടെത്തിയതിനെ തുടര്‍ന്നാണ് നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നത്. വികാസ് കൃഷ്ണയാണ് ഫോട്ടോഷോപ്പ് ഉപയോഗിച്ച് വ്യാജകാര്‍ഡുകള്‍ നിര്‍മിച്ചത്. ഈ കാര്‍ഡുകള്‍ മറ്റു പ്രതികള്‍ക്ക് ഓണ്‍ലൈനായി കൊടുത്തതിന്റെ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചു.
സാമൂഹികമാധ്യമം വഴിയുള്ള ഇവരുടെ ചാറ്റുകളും തെളിവുകളായി ശേഖരിച്ചിട്ടുണ്ട്. വ്യാജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം, തുടങ്ങിയ വകുപ്പുകളും ഐ.ടി. ആക്ട് പ്രകാരമുള്ള വകുപ്പുകളും ഇവര്‍ക്കെതിരേയുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നാട്ടുകാരാണ് നാലുപ്രതികളും.
Story Highlights: Fake voter ID row: Police to question Rahul Mamkootathil today