കോഴിക്കോട്: കോഴിക്കോട് വെങ്ങാലിയിൽ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. വടകരയിലെ നവ കേരള സദസ്സ് പരിപാടി കഴിഞ്ഞ് മടങ്ങിവരും വഴിയാണ് കരിങ്കൊടി വീശിയത്.
ഇന്ന് വടകര നടന്ന നവകേരള സദസിൽ മന്ത്രി അഹമ്മദ് ദേവർ കോവിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ 63 ലക്ഷം രൂപ നൽകണമെന്ന കോടതി വിധി നടപ്പായിക്കിട്ടാൻ സഹായിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. വടകര മുട്ടുങ്ങൽ സ്വദേശി എ.കെ യൂസഫ് ആണ് പരാതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ പരാതിക്കാരൻ മുഖ്യമന്ത്രിക്ക് ഇ മെയിൽ വഴി പരാതി നൽകിയിരുന്നു. ഇതിന് മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് വീണ്ടും പരാതി നൽകുന്നതെന്ന് പരാതിക്കാരൻ പറഞ്ഞു. കോടതി വിധി പ്രകാരം പണം നൽകാതെ മന്ത്രി കബളിപ്പിക്കുകയാണെന്നും ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയിൽ പറയുന്നു.
അതേസമയം, കെ.കെ ശൈലജയ്ക്കെതിരായ പരാമർശം വിവാദമായതിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി രംഗത്തെത്തി. തന്റെ പ്രസംഗം കൊണ്ട് പരിപാടി വൈകിയിട്ടില്ല എന്ന ശൈലജ ടീച്ചറുടെ വിശദീകരണത്തിന് പിന്നാലെയാണ് പിണറായിയുടെ ആക്ഷേപം. മട്ടന്നൂര്‍ മണ്ഡലത്തിലെ നവകേരള സദസ്സിൽ സ്ഥലം എംഎൽഎയായ കെ കെ ശൈലജ പ്രസംഗം നീട്ടിക്കൊണ്ട് പോയതിനാൽ താൻ കൂടുതൽ സംസാരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് വിവാദമായിരുന്നു. എന്നാല്‍ താൻ പ്രസംഗം നീട്ടിയിട്ടില്ലെന്നും 15 മിനിറ്റ് മാത്രമാണ് പ്രസംഗിച്ചതെന്നും അത് കാരണം പരിപാടി വൈകിയിട്ടില്ലെന്നും ഇന്ന് കെ.കെ ശൈലജ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവാദത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് മേൽ ചാർത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം…
Last Updated Nov 25, 2023, 12:32 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]