വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം തിയേറ്ററുകളിലെത്തുന്ന ബിഗ് ബജറ്റ് തമിഴ് ചിത്രമാണ് വിക്രം നായകനാവുന്ന ധ്രുവനച്ചത്തിരം. രണ്ടുഭാഗങ്ങളായി ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം ഈ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തുകയാണ്. ഇപ്പോൾ ചിത്രത്തെ നിറഞ്ഞ് അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ എൻ.ലിംഗുസാമി.
ധ്രുവനച്ചത്തിരത്തിന്റെ ഫൈനൽ എഡിറ്റ് കണ്ടതിനുശേഷമുള്ള ലിംഗുസാമിയുടെ പ്രതികരണം തമിഴകത്ത് ചർച്ചയാവുകയാണ്. ഗംഭീരമെന്നാണ് ചിത്രത്തെ എക്സ് അക്കൗണ്ടിലൂടെ ലിംഗുസാമി വിശേഷിപ്പിച്ചിരിക്കുന്നത്. നായകനായ വിക്രം കൂൾ ആയിരുന്നെങ്കിൽ സിനിമയുടെ എല്ലാം വില്ലനായെത്തിയ വിനായകൻ കവർന്നെടുത്തു. ഹാരിസ് ജയരാജിനൊപ്പം ചേർന്ന് ഗൗതം മേനോൻ ഒരു രത്നംകൂടി തന്നു. ചിത്രത്തിന് വൻവിജയം നേർന്നുകൊണ്ടാണ് സംവിധായകൻ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
നേരത്തേ സംവിധായകൻ ഗൗതം മേനോനും വിനായകന്റെ പ്രകടനത്തെ പ്രസംസിച്ചുകൊണ്ട് എത്തിയിരുന്നു. വിനായകൻ സാറിനെ ഇത്രയും സ്റ്റൈലിഷ് ആയി മറ്റൊരു സിനിമയിലും കണ്ടിട്ടുണ്ടാകില്ല. അദ്ദേഹത്തിന്റെ ഡയലോഗുകളും സ്വാഗും മാനറിസവുമൊക്കെ മികച്ചതായിരുന്നു. ഒരു വില്ലനെ തേടിക്കൊണ്ടിരിക്കുമ്പോഴാണ് വിനായകൻ മികച്ചയാളാണെന്നും സിനിമ കണ്ടുനോക്കാനും പറയുന്നത്. ഈ സിനിമ അദ്ദേഹത്തിന്റെ ബെസ്റ്റ് ആണ്. ഇക്കാര്യം അദ്ദേഹത്തിന് അറിയാമോ എന്നത് സംശയമാണ് എന്നായിരുന്നു ഗൗതം മേനോന്റെ വാക്കുകൾ.
വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കുന്ന ചിത്രം ഒരു സ്പൈ ത്രില്ലറാണ്. വിക്രമിനൊപ്പം വിനായകനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ആറ് വർഷം കൊണ്ടാണ് ഷൂട്ടിങ് പൂർത്തിയാക്കാൻ ഗൗതം വാസുദേവ് മേനോനും സംഘത്തിനും കഴിഞ്ഞത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറുകളും പാട്ടും ഏറെ ശ്രദ്ധ നേടിയിരുന്നു. റിതു വർമയും ഐശ്വര്യ രാജേഷുമാണ് ചിത്രത്തിലെ നായികമാർ. പാർത്ഥിപൻ, മുന്ന, സിമ്രാൻ, രാധിക ശരത്കുമാർ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ.
ഏഴ് രാജ്യങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായത്. ഹാരിസ് ജയരാജ് സംഗീത സംവിധാനവും മനോജ് പരമഹംസ ഛായാഗ്രഹണവും നിർവഹിക്കുന്നു. പി. മദൻ, വെങ്കട് സോമസുന്ദരം രേഷ്മ ഘട്ടാല എന്നിവരാണ് നിർമാണം. നവംബർ 24-ന് ചിത്രം തിയേറ്ററുകളിലെത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]