
തിരുവനന്തപുരം
സിൽവർലൈൻ പാത കടന്നുപോകുന്നിടങ്ങളിൽ ജലത്തിന്റെ ഒഴുക്ക് തടസ്സപ്പെടാതിരിക്കാൻ കെ റെയിൽ നിർദേശിച്ച പാലങ്ങളും കലുങ്കുകളും മറ്റ് സംവിധാനങ്ങളും പര്യാപ്തമെന്ന് പഠനം. ഹൈഡ്രോ ഗ്രാഫിക് പഠനവും ഫീൽഡ് സർവേയും പൂർത്തിയാക്കിയ ‘റൈറ്റ്സ് ’ ആണ് ഡിപിആർ നിർദേശങ്ങൾ ശരിവയ്ക്കുന്നത്. വെള്ളപ്പൊക്കം ബാധിക്കാത്ത വിധമാണ് ഇവ രൂപകൽപ്പന ചെയ്തത്. ഇതുസംബന്ധിച്ച് പുതിയ നിർദേശങ്ങൾ ഉണ്ടെങ്കിൽ അതുകൂടി ചേർത്ത് ഡിസൈൻ സഹിതമുള്ള വിശദ റിപ്പോർട്ട് താമസിയാതെ റൈറ്റ്സ് കെ–- റെയിലിന് നൽകും. 55 വലിയ പാലവും 62 കലുങ്കും ചെറുപാലങ്ങളും 109 അടി മേൽപാലങ്ങളുമാണുള്ളത്. ചതുപ്പുകളിലും വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും വയലിലും തൂണുവഴിയാണ് പാത പോകുന്നത്. പരമാവധി പ്രദേശത്ത് ഉറച്ച മണ്ണിലൂടെയാണ് പാത.
പൂർത്തിയാകാനുള്ളവ
പരിസ്ഥിതി ആഘാത പഠനം, സിആർഇസഡ് പ്രകാരം തീരമാനേജ്മെന്റ് പഠനം, കണ്ടൽക്കാടുകളുടെ സംരക്ഷണം, ജിയോടെക്നിക്കൽ പഠനം, മണ്ണ് പരിശോധന, സ്റ്റേഷൻ രൂപകൽപ്പന.
ഡിജിറ്റൽ സംയോജിത
നിർമാണം
ആധുനിക സാങ്കേതിക വിദ്യകൾ സംയോജിപ്പിച്ചുള്ള സമഗ്ര നിർമാണ രീതി പദ്ധതി സമയബന്ധിതമായി തീർക്കാൻ സഹായിക്കും. പദ്ധതി മാനേജ്മെന്റ്, നിർമാണരീതി, നിരീക്ഷണം, അവശ്യഘട്ടങ്ങളിൽ പോലും സമയം നഷ്ടമാകാതെ ചർച്ചയ്ക്കും മാർഗനിർദേശത്തിനും സംവിധാനം. സർക്കാരിനും റെയിൽവേക്കും അപ്പപ്പോൾ റിപ്പോർട്ടിങ്. പ്രധാന കരാറുകാർ, ഉപകരാറുകാർ, എൻജിനിയറിങ്, രൂപകൽപ്പന, മാനേജ്മെന്റ് വിഭാഗങ്ങൾ തുടങ്ങിയവയെല്ലാം ഏകീകൃത സംവിധാനത്തിനു കീഴിൽ നിരീക്ഷിക്കപ്പെടും. വസ്തുക്കൾ വേഗം ലഭ്യമാക്കൽ, വിവര ശേഖരണവും വിതരണവും, നിർമാണ പുരോഗതി വിലയിരുത്തൽ എന്നിവ ശക്തമാക്കും.
പ്രോജക്ട് മാനേജ്മെന്റ് ഇന്റഗ്രേഷൻ (പിഎംഐ) സംവിധാനവും ഉപയോഗപ്പെടുത്തും. നിർമിതബുദ്ധി ഉൾപ്പെടെ ഉപയോഗപ്പെടുത്തി അതിവേഗത്തിലാക്കുന്ന രീതിയിലാണ് ജോലികൾ എന്ന് സിസ്ട്രയുടെ പ്രോജക്ട് മാനേജ്മെന്റ് എക്സ്പർട്ട് തോമസ് ജോസഫ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]