
മെക്സിക്കോ സിറ്റി
അലയടിക്കുന്ന മെക്സിക്കൻ തിരമാലകളെ ഖത്തറിലെ സ്റ്റേഡിയത്തിൽ കാണാം. എൽ സാൽവദോറിനെ രണ്ട് ഗോളിന് വീഴ്ത്തി മെക്സിക്കോ ലോകകപ്പ് ഫുട്ബോൾ യോഗ്യത നേടി. കോൺകാകാഫിൽനിന്ന് രണ്ടാംസ്ഥാനക്കാരായാണ് മെക്സിക്കോ മുന്നേറിയത്. കോസ്റ്ററിക്കയോട് രണ്ട് ഗോളിന് തോറ്റെങ്കിലും യുഎസ്എയും മൂന്നാംസ്ഥാനക്കാരായി ഖത്തറിലേക്ക് ടിക്കറ്റുറപ്പിച്ചു. ക്യാനഡ നേരത്തേ ഒന്നാമൻമാരായി യോഗ്യത നേടിയിരുന്നു. നാലാംസ്ഥാനത്തായ കോസ്റ്ററിക്ക ഇന്റർകോണ്ടിനന്റൽ പ്ലേ ഓഫിൽ ന്യൂസിലൻഡുമായി മത്സരിക്കും.
1994 മുതൽ എല്ലാ ലോകകപ്പിലും മെക്സിക്കോയുടെ സാന്നിധ്യമുണ്ട്. എൽ സാൽവദോറിനെതിരെ ഉറിയെൽ അന്റുണയുടെയും റൗൾ ജിമിനെസിന്റെയും ഗോളുകളാണ് വിജയം നൽകിയത്. കഴിഞ്ഞ പതിപ്പിലുണ്ടായിരുന്നില്ല യുഎസ്എ.
ഇന്നറിയാം ഗ്രൂപ്പുകൾ
ചിത്രം തെളിയുന്നു. ലോകമൊരു പന്തിലേക്ക് ചുരുങ്ങാൻ ഇനി മാസങ്ങൾ മാത്രം ബാക്കി. ഖത്തർ ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പുഘട്ടത്തിന്റെ നറുക്കെടുപ്പ് ഇന്ന് നടക്കും. ദോഹ കൺവൻഷൻ സെന്ററിൽ രാത്രി 9.30 മുതൽ ചടങ്ങുകൾ ആരംഭിക്കും. ജിയോ ടിവിയിലും ഫിഫയുടെ സമൂഹമാധ്യമങ്ങളിലും തത്സമയം കാണാം.
ആകെ 32 ടീമിൽ 29ഉം യോഗ്യത നേടിക്കഴിഞ്ഞു. ശേഷിക്കുന്ന മൂന്ന് ടീമുകൾ ജൂണിൽ ഉൾപ്പെടും. നിലവിലെ റാങ്കിങ് അടിസ്ഥാനപ്പെടുത്തി നാല് വിഭാഗങ്ങളിലായാണ് നറുക്കെടുപ്പ്. നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ലോകകപ്പ്.
പതിവുപോലെ നാലുവീതം ടീമുകൾ അടങ്ങുന്ന എട്ട് ഗ്രൂപ്പുകളാണ്. ആദ്യ രണ്ട് സ്ഥാനക്കാർ പ്രീ ക്വാർട്ടറിലേക്ക് മുന്നേറും. പിന്നീട് ക്വാർട്ടറും, സെമിയും. ലുസൈൽ ഐക്കൊണിക് സ്റ്റേഡിയത്തിലാണ് ഫൈനൽ. ആദ്യ എട്ട് റാങ്കുകാരെ ഓരോ വിഭാഗമായി തിരിച്ചാണ് നറുക്കെടുപ്പ്. ഇതാദ്യമായാണ് യോഗ്യത നേടിയ മുഴുവൻ ടീമുകളെ അറിയാതെ ഗ്രൂപ്പുഘട്ട നറുക്കെടുപ്പ് നടക്കുന്നത്. മത്സരക്രമം പിന്നീട് തീരുമാനിക്കും.
മൂന്ന് സ്ഥാനത്തിനായി
ഏഴ് ടീമുകൾ
ഖത്തർ ലോകകപ്പിലെ ശേഷിക്കുന്ന മൂന്ന് സ്ഥാനത്തിനായി രംഗത്തുള്ളത് ഏഴ് ടീമുകൾ. ഉക്രയ്നിലെ റഷ്യൻ സൈനിക നീക്കത്തെ തുടർന്ന് യൂറോപ്യൻ പ്ലേ ഓഫിൽ രണ്ട് മത്സരം ബാക്കിയുണ്ട്. സ്കോട്ലൻഡ്–-ഉക്രയ്ൻ മത്സരവിജയികൾ ഫൈനലിൽ വെയ്ൽസിനെ നേരിടും. ഇതിൽ ജയിക്കുന്നവർ ഖത്തർ ഉറപ്പിക്കും. മത്സര തീയതി പ്രഖ്യാപിച്ചിട്ടില്ല. ജൂണിലാകും കളി.
രണ്ട് ഇന്റർകോണ്ടിനന്റൽ ഫൈനൽ ജൂൺ 13നും പതിനാലിനുമാണ്. ന്യൂസിലൻഡും കോസ്റ്ററിക്കയും തമ്മിലാണ് ആദ്യ കളി. ജൂൺ ഏഴിന് നടക്കുന്ന ഏഷ്യൻ പ്ലേ ഓഫിൽ ഓസ്ട്രേലിയ–-യുഎഇ പോരാട്ടമുണ്ട്. ഇതിൽ ജയിക്കുന്നവർ ഇന്റർകോണ്ടിനന്റൽ ഫൈനലിൽ പെറുവിനെ നേരിടും. ജയിക്കുന്നവർ ലോകകപ്പിന്.
വെയ്ൽസ് X സ്കോട്ലൻഡ്/ഉക്രയ്ൻ
ന്യൂസിലൻഡ് X കോസ്റ്ററിക്ക
പെറു X ഓസ്ട്രേലിയ/യുഎഇ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]