വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് ജയത്തുടക്കം. ഗ്രൂപ്പ് എയിൽ നടന്ന ആവേശപ്പോരിൽ നിലവിലെ ചാമ്പ്യന്മാരായ സൗരാഷ്ട്രയെ 3 വിക്കറ്റിനു വീഴ്ത്തിയാണ് കേരളത്തിൻ്റെ ജയം. ആദ്യം ബാറ്റ് ചെയ്ത സൗരാഷ്ട്രയെ 188 റൺസിനു ചുരുട്ടിക്കൂട്ടിയ കേരളം 48ആം ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം കുറിച്ചു. കേരളത്തിനായി അബ്ദുൽ ബാസിത്ത് 60 റൺസ് നേടി. ബൗളിംഗിൽ തൻ്റെ കന്നി മത്സരത്തിനിറങ്ങിയ അഖിൻ സത്താർ 4 വിക്കറ്റ് വീഴ്ത്തി. (vijay hazare kerala saurashtra)
ടോസ് നേടി സൗരാഷ്ട്രയെ ബാറ്റിംഗിനയച്ച ക്യാപ്റ്റൻ സഞ്ജു സാംസണിൻ്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് ബൗളർമാർ നടത്തിയത്. സൗരാഷ്ട്രയുടെ എട്ട് ബാറ്റർമാർ ഒറ്റയക്കത്തിനു പുറത്തായി. ബൗളിംഗ് ഓപ്പൺ ചെയ്ത അഖിനും ബേസിൽ തമ്പിയും അഖിൽ സ്കറിയയും തകർത്തെറിഞ്ഞപ്പോൾ സൗരാഷ്ട്ര ഏഴ് വിക്കറ്റ് നഷ്ടത്തിൽ 65 എന്ന നിലയിലേക്ക് കൂപ്പുകുത്തി. എട്ടാം വിക്കറ്റിൽ വിശ്വരാജ് ജഡേജയും ക്യാപ്റ്റൻ ജയ്ദേവ് ഉനദ്കട്ടും ചേർന്ന് രക്ഷാപ്രവർത്തനം. വിലപ്പെട്ട 69 റൺസിൻ്റെ കൂട്ടുകെട്ടിനൊടുവിൽ ഉനദ്കട്ട് (37) മടങ്ങി. വാലറ്റത്തെ കൂട്ടുപിടിച്ച് ആക്രമണോത്സുക ബാറ്റിംഗ് കെട്ടഴിച്ച വിശ്വരാജ് ജഡേജ സൗരാഷ്ട്രയെ 200നരികെ എത്തിച്ചു. 50ആം ഓവറിലെ ആദ്യ പന്തിൽ 98 റൺസെടുത്ത താരം അവസാന വിക്കറ്റായി പുറത്താവുകയായിരുന്നു. അഖിനൊപ്പം ബേസിൽ തമ്പി, ശ്രേയാസ് ഗോപാൽ എന്നിവർ 2 വിക്കറ്റ് വീതവും അഖിൽ സ്കറിയയും എൻപി ബേസിലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ കേരളത്തിനും മോശം തുടക്കമാണ് ലഭിച്ചത്. വിഷ്ണു വിനോദും രോഹൻ കുന്നുമ്മലും 4 റൺസ് വീതം നേടി പുറത്തായി. മൂന്നാം വിക്കറ്റിൽ സഞ്ജു സാംസണും സച്ചിൻ ബേബിയും ചേർന്ന് കേരളത്തെ 52 റൺസ് വരെ എത്തിച്ചു. 16 റൺസ് നേടി സച്ചിൻ ബേബി പുറത്തായി. ഏറെ വൈകാതെ സഞ്ജു സാംസണും (30) പുറത്ത്. 4 വിക്കറ്റ് നഷ്ടത്തിൽ 61 റൺസ് എന്ന നിലയിൽ പതറിയ കേരളത്തെ അഞ്ചാം വിക്കറ്റിൽ അബ്ദുൽ ബാസിത്തും അഖിൽ സ്കറിയയും ചേർന്ന് കരകയറ്റി. മനോഹരമായി ബാറ്റ് വീശിയ ബാസിത്ത് കേരളത്തെ വിജയത്തിലേക്ക് നയിക്കവെ താരം പുറത്തായി. ഉടൻ അഖിൽ സ്കറിയയും (28) മടങ്ങി. ശ്രേയാസ് ഗോപാൽ ഒരുവശത്ത് പൊരുതിക്കളിച്ച് കേരളത്തെ രക്ഷിച്ചെടുക്കവെ സിജോമോൻ ജോസഫ് (6) പുറത്തായി. തുടർന്ന് എട്ടാം വിക്കറ്റിൽ ശ്രേയാസ് ഗോപാലും (21 നോട്ടൗട്ട്) ബേസിൽ തമ്പിയും (8 നോട്ടൗട്ട്) ചേർന്ന് കേരളത്തെ വിജയത്തിലെത്തിക്കുകയായിരുന്നു.
Story Highlights: vijay hazare trophy kerala won saurashtra
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]