ന്യൂയോർക്ക്: ഇന്ത്യൻ ചലച്ചിത്ര നിർമാതാവ് ഏക്താ കപൂറിനും ഹാസ്യാവതാരകൻ വീർ ദാസിനും എമ്മി പുരസ്കാരം. ഇന്റർനാഷണൽ എമ്മി ഡയറക്ടറേറ്റ് പുരസ്കാരമാണ് ഏക്തയ്ക്കു ലഭിച്ചത്. ഇന്റർനാഷണൽ എമ്മി ഫോർ കോമഡി വീർ ദാസിനു ലഭിച്ചു. ഹാസ്യാവതരണത്തിനുള്ള പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് വീർ ദാസ്. ടെലിവിഷൻ മേഖലയിലെ സംഭാവനയ്ക്കു നൽകുന്ന അന്താരാഷ്ട്ര ബഹുമതിയാണ് എമ്മി. തിങ്കളാഴ്ച ന്യൂയോർക്കിൽ നടന്ന ചടങ്ങിൽ ഇരുവരും പുരസ്കാരം ഏറ്റുവാങ്ങി.
1994-ൽ തുടക്കംകുറിച്ച ബാലാജി ടെലിഫിലിംസ് ലിമിറ്റഡിന്റെ ജോയന്റ് മാനേജിങ് ഡയറക്ടറാണ് ഏക്ത. ഇന്ത്യൻ ടെലിവിഷൻ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കു തുടക്കമിട്ട ഏക്തയാണ് ‘ക്യോംകി സാസ് ഭീ കഭീ ബഹു ഥീ’, ‘കഹാനി ഘർ ഘർ കീ’, ‘ബഡേ അച്ഛേ ലഗ്തെ ഹേ’ തുടങ്ങിയ പരമ്പരകളുടെ നിർമാതാവ്. 45 സിനിമകളും ബാലാജിയുടെ ബാനറിൽ നിർമിച്ചിട്ടുണ്ട്.
നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്ത ‘വീർ ദാസ്: ലാൻഡിങ്’ എന്ന ഹാസ്യപരിപാടിയാണ് വീർ ദാസിനെ എമ്മിക്ക് അർഹനാക്കിയത്. ബ്രിട്ടീഷ് പരമ്പരയായ ഡെറി ഗേൾസും ഇതേ പുരസ്കാരത്തിന് അർഹമായി. സ്റ്റാൻഡപ്പ് കൊമേഡിയനായ വീർ ദാസ്, വാഷിങ്ടണിലെ കെന്നഡി സെന്ററിൽ 2021-ൽ അവതരിപ്പിച്ച ‘ടു ഇന്ത്യാസ്’ എന്ന ഹാസ്യകവിതയുടെ പേരിൽ ഇന്ത്യയിൽ ഒട്ടേറെ കേസുകൾ നേരിട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]