
തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനി ജെസ്ന മരിയ ജെയിംസിനെ വിദേശത്തേക്ക് കടത്തിയതായി സംശയമുണ്ടെന്ന് സിബിഐ എഫ്ഐആര്‍. തീവ്രവാദികള്‍ ജെസ്നയെ വ്യാജ പാസ്പോര്ട്ടില് വിദേശത്തേക്ക് കടത്തിയതായാണ് സിബിഐ സംശയിക്കുന്നത്. തിരുവനന്തപുരം സിബിഐ കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആറില്‍ ജെസ്നയുടെ തിരോധാനത്തിന് പിന്നില്‍ ഗൗരവകരമായ വിഷയമുണ്ടെന്നും ഇതില്‍ അന്തര്‍ സംസ്ഥാന കണ്ണികളുണ്ടെന്നും പറയുന്നു.
ദൃക്സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകള്‍ മാത്രമുള്ളതിനാലും തെളിവുകളുടെ കണ്ണികള്‍ കോര്‍ത്തിണക്കേണ്ടതിനാലും അതീവ രഹസ്യമായി അന്വേഷണം പുരോഗമിക്കുന്നതിനാലും തെളിവുകള്‍ ചോര്‍ന്നുപോകാതിരിക്കാന്‍ അഡീഷണല്‍ റിപ്പോര്‍ട്ടായി മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കും. എഫ്ഐആറിലെ വിവരങ്ങള്‍ ചോരാന്‍ സാധ്യതയുള്ളതിനാല്‍ പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും അത് സുഗമമായ അന്വേഷണത്തെ ബാധിക്കുമെന്നും സംശയിക്കപ്പെടുന്ന വ്യക്തികള്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കി.
ചില പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ കസ്റ്റഡിയിലാകുമെന്നുമുള്ള സൂചനയും എഫ്ഐആറിലുണ്ട്. 2018 മാര്‍ച്ച് 20നാണ് ജെസ്ന മരിയ ജെയിംസിനെ മുക്കൂട്ടുതറയില്‍ നിന്ന് കാണാതായത്. രാവിലെ എരുമേലി മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്നു പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞുപോയ ജെസ്ന പിന്നെ മടങ്ങിയെത്തിയിട്ടില്ല. 2018 മുതല്‍ ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ട് തുമ്പുണ്ടാക്കാന്‍ സാധിക്കാത്ത കേസ് ഏറ്റെടുക്കാന്‍ തയാറാണെന്ന് 2021 ഫെബ്രുവരി 19ന് ഹൈക്കോടതിയില്‍ സിബിഐ ബോധിപ്പിക്കുകയായിരുന്നു. സിബിഐ അതീവ രഹസ്യമായി നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പ്രാഥമിക തെളിവുകള്‍ ശേഖരിച്ച് കേസെടുക്കാന്‍ തയാറാണെന്ന് ഹൈക്കോടതിയില്‍ അറിയിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]