ദുബൈ: ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് ഇസ്രയേലും ഹമാസും അംഗീകാരം നല്‍കിയതിനെ സ്വാഗതം ചെയ്ത് യുഎഇ. നാലു ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തലിനും തടവുകാരെ കൈമാറാനും മാനുഷിക സഹായം എത്തിക്കാനും തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കിയത്.
താല്‍ക്കാലിക വെടിനിര്‍ത്തര്‍ സ്ഥിരം വെടിനിര്‍ത്തലിലേക്ക് നയിക്കുമെന്ന പ്രതീക്ഷയും വിദേശകാര്യ മന്ത്രാലയം പങ്കുവെച്ചു. വെടിനിര്‍ത്തല്‍ കരാറിനായി ഖത്തര്‍, ഈജിപ്ത്, യുഎസ് എന്നീ രാജ്യങ്ങള്‍ നടത്തിയ പരിശ്രമത്തെ പ്രസ്താവനയില്‍ അഭിനന്ദിച്ചു. തടസ്സമില്ലാതെ ജീവകാരുണ്യ വസ്തുക്കള്‍ എത്തിക്കാന്‍ നിലവിലെ കരാര്‍ അവസരമൊരുക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. 1967ലെ അതിർത്തികളെ അടിസ്ഥാനമാക്കി കിഴക്കൻ ജറുസലേമിനെ തലസ്ഥാനമാക്കി ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിച്ച് രണ്ട് രാജ്യങ്ങളുടെയും പ്രശ്നപരിഹാരത്തിന് ചർച്ചകളിലേക്ക് മടങ്ങണമെന്നും യു.എ.ഇ ആവശ്യപ്പെട്ടു. ഗാസയിലെ ജനങ്ങളുടെ ദുരിതങ്ങള്‍ ലഘൂകരിക്കാനുള്ള ശ്രമങ്ങളെ പിന്തുണക്കുന്നതിന് വേണ്ട ശ്രമങ്ങള്‍ ഇരട്ടിയാക്കുന്നതിന് യുഎൻ, റെഡ് ക്രോസ് എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുന്നത് തുടരുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
Read Also- ദേശീയദിനം; സ്വകാര്യ മേഖലക്ക് ശമ്പളത്തോട് കൂടിയ അവധി, രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ച് യുഎഇ അധികൃതർ
ഗാസയില്‍ നാല് ദിവസത്തെ വെടിനിര്‍ത്തലിനാണ് കരാര്‍. തീരുമാനത്തിന് ഇസ്രയേല്‍ മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. വെടിനിര്‍ത്തലിന് പകരമായി ആദ്യ ഘട്ടത്തില്‍ 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളിലാണ് ധാരണയായത്. എന്നാല്‍ യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു പറഞ്ഞു.
46 ദിവസത്തെ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ശേഷം സമാധാനത്തിലേക്കുള്ള നിര്‍ണായക കരാറാണിത്. ദിവസങ്ങളായി ഖത്തറിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. അതിനിടെ 38 അംഗ ഇസ്രയേല്‍ മന്ത്രിസഭ നാല് ദിവസം വെടിനിര്‍ത്താന്‍ തീരുമാനിച്ചു. മൂന്ന് മന്ത്രിമാര്‍ ഒഴികെ എല്ലാ അംഗങ്ങളും വെടിനിര്‍ത്തലിനോട് യോജിച്ചു.
ഇസ്രയേലുകാരായ 150ഓളം ബന്ദികളാണ് ഹമാസിന്റെ പിടിയിലുള്ളത്. അവരില്‍ 50 പേരെയാണ് മോചിപ്പിക്കുക. 30 കുട്ടികളെയും 20 സ്ത്രീകളെയുമാണ് മോചിപ്പിക്കുക. ദിവസം 12 ബന്ദികള്‍ എന്ന നിലയില്‍ നാല് ദിവസമായാണ് മോചനം. ഈ നാല് ദിവസം ഒരു ആക്രമണവും ഇസ്രയേല്‍ ഗാസയില്‍ നടത്തില്ലെന്നാണ് കരാര്‍. നാല് ദിവസത്തിന് ശേഷം കൂടുതല്‍ ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് തയ്യാറായാല്‍ വെടിനിര്‍ത്തല്‍ തുടരാമെന്നാണ് ഇസ്രയേലിന്റെ തീരുമാനം.
യുദ്ധം തുടരുമ്പോഴും ബന്ദികളെ മോചിപ്പിക്കാന്‍ കഴിയാത്തതിന്റെ പേരില്‍ നെതന്യാഹുവിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പരസ്യ പ്രതിഷേധത്തിലേക്ക് വരെ നീങ്ങുന്ന സാഹചര്യമുണ്ടായി. അതിനിടെയാണ് ഈ താത്ക്കാലിക വെടിനിര്‍ത്തല്‍ കരാറിലൂടെ ബന്ദികളില്‍ ചിലരുടെ മോചനത്തിന് വഴിയൊരുങ്ങുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം…
Last Updated Nov 22, 2023, 9:07 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]