ഹാര്‍ട്ട് ഫെയിലിയര്‍ വളരെ ഗൗരവമുള്ള, ‘ക്രിട്ടിക്കല്‍’ എന്ന് വിശേഷിപ്പിക്കുന്നൊരു അവസ്ഥയാണ്. രക്തം കൃത്യമായി പമ്പ് ചെയ്യാൻ സാധിക്കാതെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ഓക്സിജൻ, പോഷക- വിതരണമെല്ലാം നിലച്ചുപോകുന്ന അവസ്ഥയാണിതെന്ന് ലളിതമായി പറയാം.
പലരും മനസിലാക്കിയിരിക്കുന്നത് പോലെ ഹാര്‍ട്ട് ഫെയിലിയര്‍ പെട്ടെന്ന് സംഭവിക്കുന്ന ഒന്നല്ല. ക്രമേണയാണ് ഇത് അപകടകരമായൊരു ഘട്ടത്തിലേക്ക് നമ്മെയെത്തിക്കുന്നത്. ഇതിന് മുമ്പായി ഹാര്‍ട്ട് ഫെയിലിയറിനെ സൂചിപ്പിക്കാൻ ശരീരം പല ലക്ഷണങ്ങളും കാണിക്കും. ഈ ലക്ഷണങ്ങള്‍ മനസിലാക്കാനും സമയബന്ധിതമായി ചികിത്സ തേടാനും സാധിച്ചാല്‍ ഒരുപക്ഷേ ജീവൻ നഷ്ടമാകുന്നിടത്ത് നിന്ന് വരെ രക്ഷപ്പെടാൻ കഴിഞ്ഞേക്കും.
ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഓക്സിജൻ- പോഷകങ്ങള്‍ എന്നിവ എത്താതിരുന്നാല്‍ അത് പല പ്രയാസങ്ങളും സൃഷ്ടിക്കും. ശ്വാസതടസം, നെഞ്ചിടിപ്പില്‍ വ്യത്യാസം, അസാധാരണമായ തളര്‍ച്ച, കൈകാലുകളില്‍ നീര്, വയറ്റില്‍ നീര്, കായികാധ്വാനങ്ങള്‍ ചെയ്യാൻ കഴിയാതിരിക്കുന്ന അവസ്ഥ എന്നിവയെല്ലാം ഹാര്‍ട്ട് ഫെയിലിയറിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാണ്.
ഇത്തരം ലക്ഷണങ്ങളിലൂടെയാണെങ്കിലും ഹൃദയം പ്രശ്നത്തിലാണെന്നത് നേരത്തെ കണ്ടെത്തിയാല്‍ മാത്രമേ ചികിത്സയ്ക്കും സാധ്യതയുള്ളൂ. കാരണം അത്രമാത്രം പ്രശ്നഭരിതമായൊരു അവസ്ഥയാണിത്.
ഇക്കാരണം കൊണ്ടുതന്നെ നെഞ്ചിടിപ്പില്‍ വ്യത്യാസം, അസാധാരണമായ ക്ഷീണം, ശ്വാസതടസം എന്നിങ്ങനെയൊക്കെയുള്ള പ്രശ്നങ്ങള്‍ കാണുന്നപക്ഷം തന്നെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാവുകയാണ് വേണ്ടത്. പ്രത്യേകിച്ച് ബിപി, കൊളസ്ട്രോള്‍ എന്നിങ്ങനെയുള്ള ജീവിതശൈലീരോഗങ്ങളുള്ളവര്‍. കാരണം ഇവരിലാണ് ക്രമേണ ഹാര്‍ട്ട് ഫെയിലിയറിന് സാധ്യത കൂടുതലുള്ളത്.
അതുപോലെ തന്നെ വീട്ടിലോ കുടുംബത്തില്‍ അടുത്ത ആര്‍ക്കെങ്കിലുമോ ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടായ ചരിത്രമുണ്ടെങ്കില്‍ ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നപക്ഷം പെട്ടെന്ന് തന്നെ ഹൃദയാരോഗ്യം പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്.
ഹാര്‍ട്ട് ഫെയിലിയര്‍ എപ്പോഴും പിടിപെടുന്നതിനെക്കാള്‍ മുമ്പേ പ്രതിരോധിക്കുന്നതാണ് ഉചിതം. ഇതിന് ആരോഗ്യകരമായ ഭക്ഷണരീതി, സുഖകരമായ ഉറക്കം, സ്ട്രെസില്‍ നിന്ന് മാറിയുള്ള ജീവിതരീതി, വ്യായാമം- അല്ലെങ്കില്‍ കായികാധ്വാനം, ഒപ്പം വര്‍ഷത്തിലൊരിക്കലെങ്കിലും മെഡിക്കല്‍ ചെക്കപ്പ് എന്നിവ കൃത്യമായി പാലിക്കുക. വലിയൊരു പരിധി വരെ ഹാര്‍ട്ട് ഫെയിലിയറിനെ തടയാൻ ഇക്കാര്യങ്ങള്‍ സഹായിക്കും. നേരത്തേ സൂചിപ്പിച്ചത് പോലെ ബിപിയോ കൊളസ്ട്രോളോ മറ്റ് ഹൃദ്രോഗങ്ങളോ ഉള്ളവരാണെങ്കില്‍ ഇടവിട്ട് ചെക്കപ്പ് നടത്താനും ശ്രദ്ധിക്കണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]