
ഗാന്ധിനഗര്‍: ഇരുട്ടിന്റെ മറവില്‍ വീട് കൊള്ളയടിക്കാന്‍ ശ്രമിച്ച കള്ളന്മാര് ചെന്നുപെട്ടത് പെണ്പുലിക്ക് മുന്നില്‍. ആയോധന കലയില്‍ അതിവിദഗ്ധയായ പെണ്‍കുട്ടി കരാട്ടെയും കളരിയും പയറ്റിയപ്പോള്‍ മോഷ്ടാക്കള്‍ നിലംപരിശ്.
ഇന്ന് പുലര്‍ച്ചെ ഒന്നരമണിക്ക് ഗുജറാത്തിലെ ബര്‍ദോളിയിലാണ് സംഭവം. കറണ്ട് പോയ സമയത്ത് വീട്ടില്‍ കക്കാന്‍ കയറിയ കള്ളന്മാരെ റിയ എന്ന ഇരുപതുകാരിയാണ് ഒറ്റയ്ക്ക് അടിച്ചിട്ടത്. ബിരുദ വിദ്യാര്‍ത്ഥിനിയായ റിയ വാര്‍ഷിക പരീക്ഷയ്ക്കായി രാത്രി ഒറ്റയ്ക്കിരുന്നു പഠിക്കുമ്പോഴാണ് കള്ളന്മാര് വീട്ടില്‍ കയറിയത്. മോഷ്ടാക്കള്‍ വീട്ടിനുള്ളില്‍ എത്തിയപ്പോള്‍ കറണ്ട് വന്നു. പിന്നാലെ ഇരുമ്പ് ദണ്ഡുമായി ഒരു കള്ളന് റിയയെ ആക്രമിച്ചു. എന്നാല്‍ പതറാതെ നിന്ന റിയ കള്ളനെ തിരിച്ചടിച്ചു. റിയയുടെ അടി കൊണ്ട് കള്ളന് വീഴുമെന്ന അവസ്ഥയെത്തി. അതോടെ കള്ളന്റെ രക്ഷയ്ക്കായി രണ്ട് കൂട്ടാളികളുമെത്തി. അവര്‍ക്കും റിയ കണക്കിന് കൊടുത്തു. ഗത്യന്തരമില്ലാതെ കള്ളന്മാര്ക്ക് വീട്ടില്‍ നിന്ന് ഇറങ്ങിയോടേണ്ടിവന്നു.
സംഭവം നടക്കുമ്പോള്‍ റിയയുടെ അച്ഛന് ബാബു റാം ജോലി സ്ഥലത്തായിരുന്നു. അമ്മയും സഹോദരിയും ഉറക്കത്തിലും. കള്ളന്മാരുമായുള്ള മല്‍പ്പിടുത്തത്തില്‍ റിയുടെ കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. കള്ളന്മാരെ പിടിക്കാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]