കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് കിട്ടിയ ധനസഹായം തട്ടിയെടുത്ത കേസില്‍ പ്രതികളെ സഹായിക്കുന്നുവെന്നാരോപിച്ച് ആലുവ എംഎല്‍എ അൻവര്‍ സാദത്തിന്റെ ഓഫീസിലേക്ക് സിപിഎം മാര്‍ച്ച് നടത്തി. കേസിൽ പ്രതികളായ ദമ്പതിമാർ മുനീറും ഹസീനയും ഒളിവിൽ കഴിയുന്നത് അൻവർ സാദത്ത് എംഎൽഎയുടെ സംരക്ഷണയിലാണെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച്. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനനാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. സാമ്പത്തിക തട്ടിപ്പ് കേസ് ശരിയായ വിധത്തിൽ അന്വേഷിച്ചാല്‍ അൻവർ സാദത്തും പ്രതിയാവുമെന്ന് സി എൻ മോഹനൻ ആരോപിച്ചു.
അതേസമയം, പ്രതിഷേധം അനാവശ്യമെന്ന് കുട്ടിയുടെ അച്ഛൻ പ്രതികരിച്ചു. ആലുവ എം എൽ എ അൻവര്‍ സാദത്തിനെതിരെയുള്ള സിപിഎം മാർച്ച് രാഷ്ട്രീയമായിരിക്കാമെന്നാണ് ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ അച്ഛൻ പ്രതികരിച്ചത്. എംഎൽഎ ഓഫീസിലേക്കുള്ള മാർച്ച് ശരിയല്ല. എംഎൽഎ ഞങ്ങളെ ഒരുപാട് സഹായിച്ചിട്ടുണ്ട്.
ഞങ്ങളുടെ വിവരമന്വേഷിച്ച് എല്ലാ ദിവസം വിളിക്കുമായിരുന്നു. കുട്ടി മരണപ്പെട്ടപ്പോൾ മുതൽ കൂടെ നിന്നിരുന്നതിനാലാണ് മുനീറിന് പണം നൽകിയത്. അവരുടെ രാഷ്ട്രീയമറിയില്ല. പണം തിരികെ നൽകിയില്ലെന്ന് പറഞ്ഞപ്പോൾ പരാതിപ്പെടാൻ പറഞ്ഞത് എംഎൽഎ അൻവർ സാദത്ത് ആണെന്നും കുട്ടിയുടെ അച്ഛൻ ആലുവയില്‍ പറഞ്ഞു.
Last Updated Nov 22, 2023, 6:02 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]