കൊച്ചി: മുൻകൂർ ബുക്ക് ചെയ്ത യാത്രക്കാരുമായി സർവ്വീസ് നടത്താൻ റോബിൻ ബസിന് ഹൈക്കോടതി നൽകിയ ഇടക്കാല അനുമതി രണ്ടാഴ്ച കൂടി നീട്ടി. ബസ് ഉടമയുടെ അഭിഭാഷകൻ മരിച്ച സാഹചര്യത്തിൽ പുതിയ അഭിഭാഷകനെ ചുമതലപ്പെടുത്താനുള്ള സാവകാശം കൂടി കണക്കിലെടുത്താണ് തീരുമാനം. റോബിൻ ബസ് നിയമ ലംഘനങ്ങൾ തുടരുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. നിയമ ലംഘനത്തിന് തമിഴ്നാട് സർക്കാർ നടപടിയെടുത്തതായി പത്രങ്ങളിലൂടെ അറിഞ്ഞെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹർജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി.
അതിനിടെ സ്റ്റേ നിലനിൽക്കെ അഖിലേന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങളില്‍ നിന്ന് അതിര്‍ത്തി നികുതി പിരിക്കുന്നതിൽ അതൃപ്തി പ്രകടമാക്കി സുപ്രീം കോടതി രംഗത്ത് വന്നു. കേരളം, തമിഴ്നാട് സംസ്ഥാനങ്ങൾ കോടതിയുടെ ഇടക്കാല ഉത്തരവ് പാലിക്കാതെ നികുതി പിരിക്കുന്നുവെന്ന് ബസ് ഉടമകൾ അറിയിച്ചതോടെയാണ് കോടതി അതൃപ്തി അറിയിച്ചത്. കോടതിയുടെ ഇടക്കാല ഉത്തരവ് നിലനിൽക്കെ ഇതിന് എങ്ങനെ സാധിക്കുമെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ഇതോടെ ഉത്തരവ് പാലിക്കാമെന്ന് കേരളവും തമിഴ്നാടും സുപ്രീംകോടതിയിൽ ഉറപ്പ് നൽകി.
അഖിലേന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് ചട്ടപ്രകാരം പെർമിറ്റ് ഫീസ് നൽകിയാൽ സംസ്ഥാന നികുതി നൽകേണ്ടെന്നാണ് ബസ് ഉടമകളുടെ വാദം. എന്നാൽ പെര്‍മിറ്റ് ഫീസില്‍ അന്തർ സംസ്ഥാന നികുതി ഉള്‍പ്പെടുന്നില്ലെന്ന് കാട്ടി കേരളം അടക്കം നികുതി ഈടാക്കിയിരുന്നു. ഇതിനെതിരെ റോബിൻ ബസിൻറെ ഉൾപ്പടെ 94 ബസ് ഉടമകൾ നൽകിയ ഹർജിയിലാണ് കോടതി ഇടക്കാല സ്റ്റേ നൽകിയത്. ചട്ടങ്ങൾ മാത്രമാണ് നിലവിലുള്ളതെന്നും പാർലമെന്റിൽ ഇത് നിയമമാക്കി പാസാക്കിയിട്ടില്ലെന്നും സംസ്ഥാനം സമർപ്പിച്ച് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്. സ്റ്റേജ് കാര്യേജ്, കോൺട്രാക്ട് കാര്യേജ് തുടങ്ങിയ തർക്കവിഷയങ്ങൾ എന്നാൽ ഈ ഹർജിയുടെ ഭാഗമല്ല.
Last Updated Nov 21, 2023, 7:13 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]