ഹൈദരാബാദ്: അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് സ്ഥാനാർഥിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ മുഹമ്മദ് അസറുദ്ദീൻ. തെലങ്കാനയിലെന്നല്ല, ഇന്ത്യയിലെവിടെയും വോട്ട് പിളർത്താൻ മാത്രമാണ് എഐഎംഐഎം ശ്രമിച്ചിട്ടുള്ളതെന്നും മുസ്ലിം ജനസമൂഹത്തിന് തന്നെ ഒവൈസി ദ്രോഹമാണ് ചെയ്യുന്നതെന്നും അസറുദ്ദീൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഹൈദരാബാദിലെ പ്രധാന മണ്ഡലങ്ങളിലൊന്നായ ജൂബിലി ഹിൽസിൽ നിന്നാണ് അസറുദ്ദീൻ ജനവിധി തേടുന്നത്.
ഇത്തവണ തെരഞ്ഞെടുപ്പ് കളത്തിൽ അഗ്രസീവ് ബാറ്റിംഗ് ആയിരിക്കുമോ എന്ന ചോദ്യത്തിന് ഉത്തരമിങ്ങനെ- “പിന്നിൽ പോകാതിരിക്കാൻ നമ്മൾ അഗ്രസീവായി ബാറ്റ് ചെയ്തല്ലേ പറ്റൂ”. ബിജെപി സ്ഥിരമായി വിജയിക്കുന്ന ഘോഷമഹൽ മണ്ഡലത്തിൽ സ്ഥാനാർഥിയെ നിർത്താതെ തനിക്കെതിരെ സ്ഥാനാർഥിയെ നിർത്തിയ എഐഎംഐഎമ്മിനെതിരെ അസര് ആഞ്ഞടിച്ചു. സ്വന്തം ഓഫീസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഘോഷമഹലിൽ അവർ സ്ഥാനാർഥിയെ നിർത്താതെ തനിക്കെതിരെ നിർത്തുന്നതിന് ഒരു കാരണമേയുള്ളൂ. തെലങ്കാനയിലെന്നല്ല, ഇന്ത്യയിലെവിടെയും അവർ വോട്ട് പിളർത്തുക മാത്രമാണ് ചെയ്യുന്നത്. മുസ്ലിം സമൂഹത്തെ ഒരു തരത്തിലും സഹായിക്കുന്ന നിലപാടല്ല അവരുടേത്. എല്ലാ സ്ഥലത്തും വോട്ട് പിളർത്തുന്ന അവർ മുസ്ലിം സമൂഹത്തിന് ദ്രോഹമാണ് ചെയ്യുന്നതെന്നും അസറുദ്ദീന് പറഞ്ഞു.
ലോകകപ്പ് ഫൈനലിൽ ഇന്ത്യ കളിക്കുമ്പോൾ ആർപ്പ് വിളികളോടെ ഇന്ത്യയുടെ ഓരോ വിക്കറ്റും ഓരോ ബൗണ്ടറിയും സിക്സും ആഘോഷിക്കുകയായിരുന്നു ജൂബിലി ഹിൽസിലെ എജി കോളനിയിൽ ആരാധകർ. ആൾക്കൂട്ടത്തിനിടയിലേക്ക് അസറുദ്ദീൻ കടന്ന് വന്നത് അപ്രതീക്ഷിതമായാണ്. അജ്ജു ഭായ് എന്നാണ് ഹൈദരാബാദുകാർ ഇന്ത്യയുടെ മുൻ നായകൻ മുഹമ്മദ് അസറുദ്ദീനെ സ്നേഹത്തോടെ വിളിക്കുക. ഒരു ലോകകപ്പ് മത്സരം ഹോം ഗ്രൗണ്ടിൽ കളിക്കുന്നതിന്റെ സമ്മർദ്ദം നന്നായി അറിയാവുന്ന അസറുദ്ദീൻ കുറച്ച് നേരം സ്ക്രീനിലേക്ക് നോക്കി നിന്നു. മറ്റൊരു ഹോം ഗ്രൗണ്ടിൽ ആദ്യമായി രാഷ്ട്രീയക്കാരനായി കളിക്കാനിറങ്ങുകയാണ് അസറുദ്ദീൻ. അവിടെ അഗ്രസീവ് ബാറ്റിംഗ് തന്നെ വേണം.
മതേതര രാഷ്ട്രീയമാണ് തന്റെ പിച്ചെന്ന് അസറുദ്ദീൻ പറഞ്ഞു. തെലങ്കാനയിൽ കർണാടകയിലേത് പോലെ ന്യൂനപക്ഷ ഏകീകരണമുണ്ടാകുമെന്ന് പറയുന്ന അസറുദ്ദീൻ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ജൂബിലി ഹിൽസിലെ കപ്പ് തനിക്കെന്ന് അസറുദ്ദീന് പറയുന്നു.
Last Updated Nov 21, 2023, 1:47 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]