
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കായി കല്ലിടുന്ന കരാര്‍ കമ്പനി പിന്മാറി. എന്നാല്‍ കമ്പനി പിന്മാറിയതല്ല, ഒഴിവാക്കിയതാണെന്നുള്ള വിശദീകരണവുമായി കെ റെയില്‍ അധികൃതര്‍ രംഗത്തെത്തി. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായുള്ള കല്ലിടലിനെതിരെ കേരളമൊട്ടാകെ വ്യാപക പ്രതിഷേധം തുടരുന്നതിനിടെയാണ് കല്ലുകള്‍ സ്ഥാപിക്കുന്നതിനായി കരാര്‍ നല്കിയ കമ്പനി പിന്മാറാന് തീരുമാനിച്ചത്.
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെല്‍സിറ്റി കണ്‍സള്‍ട്ടിംഗ് എഞ്ചിനിയേഴ്സ് എന്ന സ്ഥാപനമാണ് കെ റെയില്‍ കരാറില്‍ നിന്ന് പിന്മാറിയത്. കല്ലിടലിന് എതിരായി ജനങ്ങളുടെ പ്രതിഷേധം തുടരുന്നതിനാലാണ് പിന്മാറാന് കമ്പനിയുടെ തീരുമാനിച്ചത്. പ്രതിഷേധം തുടര്‍ന്നാല്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ കല്ലുകള്‍ സ്ഥാപിക്കാനാകില്ല എന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. കോട്ടയം മുതല്‍ എറണാകുളം വരെയും തൃശൂര്‍ മുതല്‍ മലപ്പുറം വരെയുമുള്ള ഭാഗങ്ങളില്‍ കല്ലുകള്‍ സ്ഥാപിക്കുന്നതിനാണ് കെ റെയിലുമായി കമ്പനി കരാറില്‍ ഏര്‍പ്പെട്ടത്.
കഴിഞ്ഞ മെയ് മാസത്തിലായിരുന്നു കമ്പനിയും കെ റെയിലും തമ്മില്‍ ഇത് സംബന്ധിച്ച കാരാര്‍ ഒപ്പുവച്ചത്. ആറ് മാസത്തിനകം കല്ലിടല്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു കരാര്‍. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് പലയിടത്തും കല്ലുകള്‍ സ്ഥാപിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുളളത്.
മിക്കയിടത്തും സഥാപിച്ച കല്ലുകള്‍ പ്രതിഷേധക്കാര്‍ പിഴുതെറിയുകയും ചെയ്തു. കരാറില്‍ നിന്ന് പിന്മാറുന്നതായി കണിച്ച് നേരത്തെ തന്നെ കമ്പനി കെ റെയിലിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ മോശം പ്രകടനമായതിനാല്‍ കല്ലിടാനുളള കരാറില്‍ നിന്ന് കമ്പനിയെ ഒഴിവാക്കുകയായിരുന്നുവെന്നാണ് കെ റെയില്‍ അധികൃതര്‍ പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]