കണ്ണൂര്‍ : മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് -കെ.എസ്.യു പ്രവര്‍ത്തകരെ നരനായാട്ട് നടത്തിയ ശേഷം, സ്വൈര്യമായി സഞ്ചരിക്കാമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും കരുതരുതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നേരെ കല്യാശ്ശേരിയില്‍ സിപിഎം ക്രിമിനലുകള്‍ നടത്തിയ ആക്രമണം പ്രതിഷേധാര്‍ഹവും അപലപനീയവുമാണ്.
മുഖ്യമന്ത്രിക്ക് കരിങ്കൊടി കാട്ടുന്നത് ക്രിമിനല്‍ കുറ്റമാണോ? അധികാരത്തിന്റെ ബലത്തില്‍ ചോരതിളക്കുന്ന സിപിഎം ക്രിമിനലുകള്‍ക്ക് അത് തണുപ്പിക്കാന്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരെ പിടിച്ചുകൊടുക്കുന്നതാണോ പൊലീസിന്റെ നിയമപാലനം. അങ്ങനെയെങ്കില്‍ അത് അനുസരിക്കാന്‍ ഞങ്ങളും ഒരുക്കമല്ല. നിയമം കയ്യിലെടുക്കുന്ന സിപിഎം ക്രിമിനലുകള്‍ക്ക് സംരക്ഷണം ഒരുക്കി യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകരെ കായികമായി കൈകാര്യം ചെയ്യാമെന്നാണ് ഭാവമെങ്കില്‍ അതിനെ ഞങ്ങളും തെരുവില്‍ നേരിടും.
സിപിഎം ബോധപൂര്‍വ്വം ആസുത്രണം ചെയ്ത അക്രമമാണിത്. പ്രതിഷേധക്കാരെ ഗുണ്ടകളെ ഉപയോഗിച്ച് തല്ലിയൊതുക്കി ജനത്തിന്റെ പരാതിപോലും കേള്‍ക്കാതെ ആഢംബര ബസില്‍ ഉല്ലാസയാത്ര നടത്താന്‍ മുഖ്യമന്ത്രിയെ അനുവദിക്കില്ലെന്നും കെ.സുധാകരന് പറഞ്ഞു.
തളിപ്പറമ്പിലെ നവകേരള സദസ്സ് കഴിഞ്ഞ മടങ്ങിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കാണ് ക്രൂര മർദ്ദനമേറ്റത്. സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകരാണ് കണ്ണൂർ പഴയങ്ങാടിയിൽ അക്രമം അഴിച്ചുവിട്ടത്. പൊലീസും ഇവർക്കൊപ്പം പ്രതിഷേധക്കാരെ മർദ്ദിച്ചു. ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകരെയും ഭീഷണിപ്പെടുത്തി. സംഘർഷത്തിന് ശേഷം കരിങ്കൊടി കാട്ടിയവരുമായി പൊലീസ്, സ്റ്റേഷനിലേക്ക് പോയപ്പോൾ സിപിഎം പ്രവർത്തകരും ഇവിടേക്ക് സംഘടിച്ചെത്തി. പരിയാരം പൊലീസ് സ്റ്റേഷന് മുന്നിൽ പ്രവർത്തകർ സംഘടിച്ച് പ്രതിഷേധിച്ചു.
സി.പി.എം ക്രിമിനലുകൾ അഴിഞ്ഞാട്ടമാണ് നടത്തുന്നതെന്ന് സതീശൻ
നവകേരള സദസിന്റെ പേരിൽ സി.പി.എം ക്രിമിനലുകൾ അഴിഞ്ഞാട്ടമാണ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കല്യാശ്ശേരിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയതിന്റെ പേരിൽ യൂത്ത് കോൺഗ്രസ്-കെ എസ് യു പ്രവർത്തകരെ സി.പി.എം -ഡി.വൈ.എഫ്.ഐ ക്രിമനലുകൾ തല്ലിച്ചതച്ചു. വനിതാ പ്രവർത്തകരെ പോലും ഒരു സംഘം ഗുണ്ടകൾ കായികമായി നേരിടുന്നത് കേരളത്തിന് അപമാനമാണെന്നും സതീശൻ കുറ്റപ്പെടുത്തി.
Last Updated Nov 20, 2023, 11:34 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]