
കൊച്ചി: ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങളിലെ ചില ഭേദഗതികൾ നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ആർ.ടി.സി നൽകിയ ഹർജി ഹൈക്കോടതി നീട്ടി. കേസ് വ്യാഴാഴ്ചയായിരിക്കും പരിഗണിക്കുക. ഹർജിയിൽ മറുപടി നൽകാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദേശം നല്കി. ഹർജി പരിഗണിക്കുന്നതിനിടെ കേന്ദ്ര നിയമത്തിനെതിരെ ഹർജി നൽകാൻ സർക്കാരിന് കീഴിൽ ഉള്ള കെഎസ്ആര്‍ടിസിക്ക് എങ്ങനെ സാധിക്കും എന്ന സംശയം കോടതി പ്രകടിപ്പിച്ചു. നിയമത്തെ ചോദ്യം ചെയ്യാൻ എന്തെങ്കിലും കാരണം വേണമെന്നും കോടതി ചൂണ്ടിക്കാട്ടി. 2023 ലെ ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങളിലെ രണ്ട് വകുപ്പുകൾ 1988 ലെ മോട്ടോർ വാഹന നിയമത്തിനെതിരാണെന്നാണ് കെഎസ്ആര്‍ടിസിയുടെ ആരോപണം. ദേശസാത്കൃത റൂട്ടിലൂടെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉപയോഗിച്ചുകൊണ്ട് സ്റ്റേജ് കാര്യേജായി ഓടിക്കുന്ന വാഹനങ്ങൾ നിയന്ത്രിക്കാൻ ഗതാഗത കമ്മീഷണർക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യമുണ്ട്.
നിലവില്‍ പത്തനംതിട്ടയില്‍നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തുന്ന റോബിന് ബസ് ഉള്‍പ്പെടെയുള്ള കോണ്‍ട്രാക്ട് കാര്യേജ് ബസ്സുകള്‍ക്കെതിരായാണ് കെഎസ്ആര്‍ടിസിയുടെ ഹര്‍ജി. കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ ബോര്‍ഡ് വെച്ചും സ്റ്റാന്‍ഡുകളില്‍ ആളെ കയറ്റിയും സ്റ്റേജ് കാര്യേജ് ബസുകളായി സര്‍വീസ് നടത്തുന്നത് നിയമവിരുദ്ധമാണെന്നാണ് കെഎസ്ആര്‍ടിസിയും മോട്ടോര്‍ വാഹന വകുപ്പും വ്യക്തമാക്കുന്നത്. റോബിന് ബസ് കോയമ്പത്തൂരില്‍ പിടിച്ചിട്ടിരിക്കുന്നതിനിടെ ഹൈക്കോടതിയില്‍ കെഎസ്ആര്‍ടിസി നല്കിയ ഹര്‍ജിയില്‍ എന്തായിരിക്കും തീരുമാനമെന്ന് ഏവരും ഉറ്റുനോക്കിയിരുന്നു. എന്നാല്‍, കേസ് പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. റോബിന് ബസ്സിനെതിരെയും സമാനമായ രീതിയില്‍ സര്‍വീസ് നടത്തുന്ന മറ്റു കോണ്‍ട്രാക്ട് കാര്യേജ് ബസ്സുകള്‍ക്കെതിരെയും തുടര്‍നടപടി സ്വീകരിക്കുന്നതിനും ഈ കേസ് നിര്‍ണായകമാണ്. ബസ് സര്‍വീസ് നടത്തുന്നതിനായി റോബിന് ബസിന്റെ ഉടമ നല്കിയ ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്.
Last Updated Nov 20, 2023, 2:18 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]