
തിരുവനന്തപുരം
പ്രാദേശിക സാമ്പത്തിക വികസനത്തിന്റെ നോഡൽ ഓഫീസറായിവേണം കുടുംബശ്രീയെ കാണുവാനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിലെ ഗ്രാമീണ സംരംഭകരുടെ ഉൽപ്പന്നങ്ങൾ ഒരു കുടക്കീഴിൽ അണിനിരത്തി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം കനകക്കുന്നിൽ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോവിഡ് ആഘാതത്തിൽ നിന്നുള്ള മടങ്ങിവരവിലാണ് നാം. വൻകിട സംരംഭങ്ങൾക്ക് സമാനമായി ചെറുകിട സംരംഭങ്ങളെയും പരിപോഷിപ്പിക്കുകയെന്ന സർക്കാർ നയം നടപ്പാക്കുകയാണ് ഇപ്പോൾ. ആ സാഹചര്യത്തിൽ സരസ് മേള കേവലമൊരു വിപണനമേളയ്ക്കുപകരം സാമൂഹ്യമുന്നേറ്റത്തിനുള്ള വേദിയായി മാറണം. സാമ്പത്തിക സ്വയംപര്യാപ്തതയിലേക്ക് സ്ത്രീകളെ നയിച്ചാൽ മാത്രമേ സ്ത്രീ–-പുരുഷ സമത്വം പൂർണമായി സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പലഹാരം അടങ്ങിയ താലം പ്രതിനിധികൾ മുഖ്യമന്ത്രിക്ക് കൈമാറി. അസമിന്റെ തനതുഷാളായ ഗുംഛയും മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. ചടങ്ങിൽ മന്ത്രി എം വി ഗോവിന്ദൻ അധ്യക്ഷനായി. മന്ത്രി വി ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്കുമാർ, വി കെ പ്രശാന്ത് എംഎൽഎ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ പി ഐ ശ്രീവിദ്യ, തദ്ദേശവകുപ്പ് അഡീ. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ തുടങ്ങി നിരവധിപേർ പങ്കെടുത്തു. ഏപ്രിൽ പത്തുവരെയാണ് മേള.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]