പത്തനംതിട്ട: യൂത്ത് കോൺഗ്രസ് നേതാവിന്റെ വീട്ടിൽ നിന്ന് കഞ്ചാവ് പിടിച്ച സംഭവം നേതൃത്വത്തെ പ്രതിരോധത്തിലാക്കി. ഇന്നലെ രാത്രിയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ടയുടെ വീട്ടിൽ എക്സൈസ് പരിശോധന നടത്തി രണ്ട് കിലോ കഞ്ചാവ് പിടികൂടിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ വീട്ടിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവം ഗൗരവതരമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷൻ വി വസീഫ് പ്രതികരിച്ചു. പിന്നാലെ നഹാസിന്റെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ സംഘടിപ്പിക്കുന്ന യൂത്ത് കോൺഗ്രസ് പരിപാടിയുടെ ഉദ്ഘാടനത്തിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി.
കഞ്ചാവ് പിടികൂടിയ സംഭവത്തിൽ കോൺഗ്രസ് നേതൃത്വം മറുപടി പറയണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് ക്രിമിനലുകളുടെ സങ്കേതമായെന്നും അദ്ദേഹം വിമർശിച്ചു. ഇതിന് പിന്നാലെയാണ് രമേശ് ചെന്നിത്തല പരിപാടിയിൽ നിന്ന് പിന്മാറിയത്. നഹാസ് പത്തനംതിട്ടയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ശബരിമല ഹെൽപ്പ് ഡെസ്ക് പത്തനംതിട്ടയിൽ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് രമേശ് ചെന്നിത്തലയായിരുന്നു. കൂടുതൽ പരിപാടികൾ ഉള്ളതിനാൽ സമയക്കുറവുണ്ടെന്നും അതാണ് പിന്മാറിയതെന്നും ചെന്നിത്തല പറയുന്നു. കോൺഗ്രസ് ഐ ഗ്രൂപ്പ് നേതാവായ രമേശ് ചെന്നിത്തലയുടെ ആലപ്പുഴ ജില്ലയിലെ വിശ്വസ്തനായ യുവനേതാവാണ് നഹാസ് പത്തനംതിട്ട.
നഹാസിന്റെ വീട്ടിൽ സഹോദരൻ നസീബ് സുലൈമാന്റെ മുറിയിൽ നിന്നാണ് ഇന്നലെ രാത്രി എക്സൈസ് വിഭാഗം കഞ്ചാവ് പിടിച്ചത്. നസീബ് സുലൈമാനെതിരെ എക്സൈസ് കേസെടുത്തിരുന്നു. നസീബ് സുലൈമാൻ ഒളിവിലാണ്. എന്നാൽ നസീബിന് മാത്രമല്ല, നഹാസിനും സംഭവത്തിൽ പങ്കുണ്ടെന്നാണ് സിപിഎം നേതൃത്വവും ഡിവൈഎഫ്ഐ നേതൃത്വവും ആരോപിക്കുന്നത്.
Last Updated Nov 20, 2023, 3:02 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]