നവകേരള സദസ്സിലെ ആദ്യ പരാതി ബിവ്റേജസ് കോര്‍പറേഷനെതിരെ. ബവ്കോയിലൂടെ വീര്യം കുറഞ്ഞ മദ്യം വില്ക്കുന്നുവെന്ന് ആരോപിച്ച് കാസര്‍കോട് സ്വദേശി വിശ്വംഭരന് കരിച്ചേരിയാണ് പരാതി നല്‍കിയത്.
ഗോവന്‍ മദ്യവുമായി താരതമ്യപ്പെടുത്തുമ്ബോള്‍ കേരളത്തില്‍ ബവ്കോ വില്‍ക്കുന്ന മദ്യം ലഹരിയുള്ളതല്ലെന്നും എന്നാല്‍ കേരളത്തില്‍ മദ്യം കൂടിയ വിലയ്ക്കാണ് വില്‍ക്കുന്നതെന്നുമാണ് പരാതി.
‘പ്രിയപ്പെട്ട മുഖ്യമന്ത്രി, കള്ളിന് കിക്ക് കിട്ടുന്നില്ല. ഗോവ സാധനം ക്വാര്‍ട്ടര്‍ കിട്ടുന്നില്ല, മത്തുമില്ല. ദിവസം 400 രൂപ കൊടുത്ത് കുടിക്കാന്‍ പറ്റുന്നില്ല. ഇപ്പോള്‍ എന്തെങ്കിലും ചെയ്യണം.”- സ്വന്തം കൈപ്പടയില്‍ എഴുതിയ അഞ്ചുവരി കത്തില്‍ വിശ്വംഭരന് പറയുന്നു.
കാസര്‍കോട് ടൗണ്‍ ഭണ്ഡാരി റോഡിലുള്ള ബവ്കോ ഔട്ട്ലെറ്റിലെ സ്റ്റോര്‍ ഇന്‍ചാര്‍ജ് ശ്രീകുമാറിനാണ് വിശ്വംഭരന് നിവേദനം നല്‍കിയത്.
നവകേരള സദസ്സ് നടക്കുന്ന വേദിയില്‍ പോകുന്നില്ലെന്നും അതിനാലാണ് തനിക്ക് പരിചയമുള്ള ബവ്കോ ഔട്ട്ലെറ്റില് പരാതി നല്‍കിയതെന്നും വിശ്വംഭരന് പറഞ്ഞു.
മഞ്ചേശ്വരത്തെ പൈവളിഗെ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നവകേരളസദസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. നവകേരളയാത്രയെയും സദസിനേയും വലിയതോതില്‍ നെഞ്ചേറ്റി കേരളത്തിന് മാതൃക കാണിച്ച മഞ്ചേശ്വരം മണ്ഡലത്തെ അഭിവാദ്യം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.