
പാലക്കാട്: ചിറ്റൂരിലും പരിസര പ്രദേശങ്ങളിലും മൈക്രോ ഫിനാൻസ് സംഘങ്ങളുടെ ഭീഷണി മൂലം ആത്മഹത്യകൾ പെരുകുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ ആത്മഹത്യ ചെയ്തത് 4 പേരാണ്.നിത്യവൃത്തിക്കു പോലും വകയില്ലാത്തവരാണ് പലിശ സംഘങ്ങളുടെ കെണിയിൽ പെടുന്നത്. പണം കടമെടുക്കുന്ന ഇവരിൽ നിന്ന് ഈടാക്കുന്നത് 24 മുതൽ 30 ശതമാനം വരെ പലിശയാണ്.
ചിറ്റൂരിലും പരിസര പ്രദേശങ്ങളിലും ആകർഷകമായ വാഗ്ദാനങ്ങളുമായാണ് മൈക്രോ ഫിനാൻസ് സംഘങ്ങൾ ഇടപാടുകാരെ കണ്ടെത്തുന്നത്. സിബിൽ സ്കോറോ ഈടോ കാലതാമസമോ ഇല്ലാതെ പണം കയ്യിലെത്തും. പക്ഷെ തിരിച്ചടവ് മുടങ്ങുമ്പോൾ സ്വഭാവം മാറും. ഭീഷണി. അസഭ്യം പറച്ചിൽ. ഒടുവിൽ നാണക്കേട് സഹിക്കാനാകാതെ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ജീവിതം അവസാനിപ്പിച്ചത് നാല് പേരാണ്. കെട്ടിട നിർമ്മാണ തൊഴിലാളിയായ വാൽമുട്ടി സ്വദേശി ജയകൃഷ്ണൻ മൂന്ന് ലക്ഷം രൂപ കടമെടുത്തിരുന്നു. ഇതിൽ പകുതിയോളം തിരിച്ചടച്ചു. ആഴ്ച്ചയിൽ 716 രൂപ വീതമാണ് അടക്കേണ്ടിയിരുന്നത്. അസുഖം കാരണം തിരിച്ചടവ് മുടങ്ങിയതോടെ പലിശക്കാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തി.
ഒടുവിൽ ജയകൃഷ്ണൻ ഒറ്റമുറി വീട്ടിൽ ഒരു കയറിൽ ജീവനൊടുക്കി. അത്തിക്കോട്ടെ ചായക്കട തൊഴിലാളി വൽസല ജീവനൊടുക്കിയത് ആഴ്ചയിൽ അടക്കേണ്ട 1000 രൂപ പലിശത്തുക കൊടുക്കാൻ നിവൃത്തിയില്ലാതെ വന്നപ്പോൾ. വടവന്നൂർ സ്വദേശി ലതയും, കരിപ്പോട് സ്വദേശി മാണിക്യനും സമാനമായ അവസ്ഥയിൽ ജീവിതം ഒടുക്കിയവരാണ്.
സ്ത്രീകളാണ് പലിശ സംഘങ്ങളുടെ ഉന്നം. പ്രദേശത്തെ ഒരു കൂട്ടം സ്ത്രീകളെ അംഗങ്ങളാക്കി ഒരു ഗ്രൂപ്പ് രൂപീകരിക്കും. ഇവർക്ക് ചെറുതും വലുതുമായ വായ്പകൾ നൽകും. 24 മുതൽ 30 ശതമാനം വരെയാണ് പലിശ. ആഴ്ച തോറും പലിശ നൽകണം. ഒരൊറ്റ അടവ് മുടങ്ങിയാൽ പലിശ സംഘം രാപകലില്ലാതെ വീട്ടുമുറ്റത്തെത്തും. നേരിട്ടും അല്ലാതെയും ഭീഷണി.
Last Updated Nov 19, 2023, 1:14 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]