
താരകുടുംബത്തിൽ നിന്ന് വരുന്ന യുവനായകന്മാർക്ക് പഞ്ഞമില്ലാത്ത സിനിമാ ഇൻഡസ്ട്രിയാണ് തെലുങ്ക്. സായി ധരം തേജ് അത്തരത്തിലൊരാളാണ്. ചിരഞ്ജീവിയുടെ കുടുംബത്തിൽനിന്നുവരുന്ന സായി തന്റെ സിനിമാജീവിതം 9 വർഷം പൂർത്തിയാക്കുന്ന വേളയിൽ ആരാധകരോട് ഒരു കാര്യം ആവശ്യപ്പെട്ടിരിക്കുകയാണ്.
ആരാധകരുടെ സ്നേഹത്തിനും ഊഷ്മളതയ്ക്കും ആശംസകൾക്കും നന്ദിയറിയിച്ചുകൊണ്ട് ട്വീറ്റ് ചെയ്ത കുറിപ്പിലാണ് സായി ആരാധകരോട് വിലപ്പെട്ട ഉപദേശം നൽകിയത്. എല്ലാവരും ബൈക്കോടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കണമെന്നതാണ് സായിക്ക് ആരാധകരോട് അഭ്യർത്ഥിക്കാനുള്ളത്. നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് ഈ യാത്രയെ മനോഹരമാക്കിയതിൽ ഏറ്റവും പ്രധാനം. തന്റെ എല്ലാ കഴിവും ഉപയോഗിച്ച് എല്ലാവരെയും രസിപ്പിക്കാൻ പരമാവധി ശ്രമിക്കുമെന്ന് അദ്ദേഹം കുറിപ്പിലൂടെ ഉറപ്പുനൽകുന്നു.
ദയവായി നിങ്ങളുടെ ബൈക്ക് ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കുക. നിങ്ങളുടെയും കുടുംബത്തിന്റെയും കാര്യത്തിൽ ഉത്തരവാദിത്തം ഉണ്ടായിരിക്കുക എന്നുമാത്രമേ പറയാനുള്ളൂ എന്നുപറഞ്ഞുകൊണ്ടാണ് സായി ധരം തേജ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
രണ്ട് വർഷങ്ങൾക്കുമുമ്പ് താരം ഒരു ബൈക്കപകടത്തിൽപ്പെട്ടിരുന്നു. ഹൈദരാബാദിലെ മധപൂർ കേബിൾ പാലത്തിലൂടെ സ്പോർട്സ് ബൈക്ക് ഓടിച്ചുപോകവെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ബോധം നഷ്ടപ്പെട്ട സായി പിന്നീട് പതിയെ ജീവിതത്തിലേക്ക് മടങ്ങിവരികയായിരുന്നു. ഹെൽമറ്റ് ധരിച്ചിരുന്നതിനാലാണ് അദ്ദേഹം രക്ഷപ്പെട്ടതെന്നാണ് ഡോക്ടർമാർ പറഞ്ഞത്. പിന്നീട് പല പൊതുവേദികളിലും ഹെൽമറ്റിന്റെ ആവശ്യകതയേക്കുറിച്ച് യുവതാരം നിരന്തരമായി സംസാരിച്ചിരുന്നു.
തുടർചികിത്സ നടക്കുന്നതിനാൽ സിനിമയിൽ നിന്ന് താത്കാലിക ഇടവേളയെടുത്തിരിക്കുകയാണ് സായി. നടന്റെ വോയിസ് തെറാപ്പിയാണ് ഇപ്പോൾ നടക്കുന്നത്. സമുദ്രക്കനി സംവിധാനം ചെയ്ത ബ്രോ ആണ് സായി ധരം തേജിന്റേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. സമ്പത്ത് നന്ദി സംവിധാനം ചെയ്യുന്ന ഗാഞ്ചാ ശങ്കർ ആണ് ഇനി സായി ധരം ചെയ്യുന്ന ചിത്രം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]