ഇന്ത്യ ലോകകപ്പ് നേടിയാലും ഇല്ലെങ്കിലും മുഹമ്മദ് ഷമി തന്നെ ടൂർണമെൻ്റിലെ താരമെന്ന് മുൻ താരം യുവരാജ് സിംഗ്. ലോകകപ്പിൽ ഷമിയുടെ പ്രകടനം അസാധ്യമായിരുന്നു എന്നും ടൂർണമെൻ്റിലെ താരമാവാൻ ഏറ്റവും അർഹത ഷമിക്കാണെന്നും യുവരാജ് സ്പോർട്സ് തകിനോട് പറഞ്ഞു. വെറും ആറ് മത്സരങ്ങൾ മാത്രം കളിച്ച ഷമി 23 വിക്കറ്റുകളുമായി ലോകകപ്പിൽ ഏറ്റവുമധികം വിക്കറ്റെടുത്തവരുടെ പട്ടികയിൽ ഒന്നാമതാണ്. (mohammed shami yuvraj singh)
‘ഇന്ത്യയുടെ ബെഞ്ചിൽ എല്ലാ സമയത്തും മാച്ച് വിന്നർമാരുണ്ടാവാറുണ്ട്. ഹാർദിക്കിനു പരുക്കേറ്റത് അനുഗ്രഹമായെന്നു കരുതുന്നില്ല. ഷമിക്ക് അവസരം കിട്ടുമോ എന്നു പലരും കാത്തിരിക്കുന്നുണ്ടായിരുന്നു. കാത്തിരിപ്പിനൊടുവിൽ അദ്ദേഹം വന്നത് തീപ്പൊരി പടർത്തി. ടൂർണമെന്റിന്റെ താരമാവാൻ ആർക്കെങ്കിലും അർഹതയുണ്ടെങ്കിൽ അത് ഷമിക്കാണെന്ന് ഞാൻ കരുതുന്നു.’- യുവരാജ് പറഞ്ഞു.
Read Also: ലോകകപ്പിലെ ‘പ്ലയർ ഓഫ് ദ ടൂർണമെന്റ്’ പുരസ്കാരം ആർക്ക്? ഷോർട്ട് ലിസ്റ്റിൽ 4 ഇന്ത്യൻ താരങ്ങൾ
രാഹുലിനും രോഹിതിനും ആദ്യ ലോക കിരീടം സ്വന്തമാക്കാനുള്ള അവസരമാണിത് എന്നും യുവി പ്രതികരിച്ചു. അവർ അതർഹിക്കുന്നു. ഏഷ്യാ കപ്പിനു മുൻപ് ആളുകൾ ചിന്തിച്ചിരുന്നത് ടീം കോമ്പിനേഷനെപ്പറ്റിയായിരുന്നു. എന്നാൽ, രാഹുൽ, അയ്യർ, ബുമ്ര എന്നിവരുടെ വരവ് ടീമിന്റെ ഘടന തന്നെ മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യ നാല് മത്സരങ്ങളിൽ പുറത്തിരുന്ന ഷമി ഹാർദിക് പാണ്ഡ്യക്ക് പരുക്കേറ്റതോടെ ന്യൂസീലൻഡിനെതിരായ ലീഗ് മത്സരം മുതലാണ് ടീമിൽ ഇടം പിടിക്കുന്നത്. ന്യൂസീലൻഡിനെതിരെ അഞ്ച് വിക്കറ്റ് നേടി വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ച ഷമി ഇംഗ്ലണ്ടിനെതിരെ 4 വിക്കറ്റും ശ്രീലങ്കക്കെതിരെ തൻ്റെ രണ്ടാം അഞ്ച് വിക്കറ്റും നേടി. ദക്ഷിണാഫ്രിക്കക്കെതിരായ അടുത്ത കളി ഷമിയ്ക്ക് രണ്ട് വിക്കറ്റ്. നെതർലൻഡ്സിനെതിരെ വിക്കറ്റ് ലഭിച്ചില്ല. ന്യൂസീലൻഡിനെതിരായ സെമിഫൈനലിൽ ഏഴ് വിക്കറ്റ് നേടി ലോകകപ്പിലെ മൂന്നാം അഞ്ച് വിക്കറ്റ് നേട്ടം. ഒപ്പം, സാമ്പയെ മറികടന്ന് ടൂർണമെൻ്റിൽ ഏറ്റവുമധികം വിക്കറ്റുകൾ എന്ന നേട്ടവും ഷമി സ്വന്തമാക്കി.
ഷമിക്കൊപ്പം വിരാട് കോലി, രചിൻ രവീന്ദ്ര, ആദം സാമ്പ, ഡേവിഡ് വാർണർ എന്നിവരും ടൂർണമെൻ്റിൻ്റെ താരമാവാനുള്ള സാധ്യതാ പട്ടികയിലുണ്ട്.
Story Highlights: mohammed shami player of world cup yuvraj singh
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]