പൊതുവേ അന്യഭാഷാ ചലച്ചിത്ര നടന്മാരും അണിയറപ്രവർത്തകരുമെല്ലാം കേരളത്തിൽ വരുമ്പോൾ സ്ഥിരം ആവർത്തിക്കുന്ന ഒരു പല്ലവിയുണ്ട്. വ്യത്യസ്തമായ കഥകളും ചിത്രങ്ങളും ഏറ്റവും കൂടുതലുണ്ടാവുന്നത് മലയാളത്തിലാണ് എന്ന്. ഇക്കാര്യം അടിവരയിടുകയാണ് നവാഗതനായ മനു സി കുമാർ സംവിധാനം ചെയ്ത കല്യാണി പ്രിയദർശൻ മുഖ്യവേഷത്തിലെത്തിയ ശേഷം മൈക്കിൽ ഫാത്തിമ. നായികാ കേന്ദ്രീകൃത ചിത്രങ്ങൾ നിരവധി വരുന്ന ഇന്ത്യൻ സിനിമാ മേഖലയിൽത്തന്നെ വ്യത്യസ്തമായ ശ്രമമാണ് ശേഷം മൈക്കിൽ ഫാത്തിമ.
ക്രിക്കറ്റ് പ്രമേയമായി 1983, 83, 800, ഘൂമർ, ധോനി തുടങ്ങിയ ചിത്രങ്ങളും ഫുട്ബോൾ പ്രമേയമായി സുഡാനി ഫ്രം നൈജീരിയ പോലുള്ള ചിത്രങ്ങളും കണ്ട പ്രേക്ഷകർക്ക് മുന്നിലേക്കാണ് കമന്റേറ്റർ ആവാൻ ആഗ്രഹിച്ച പെൺകുട്ടിയുടെ കഥയുമായി മനു സി കുമാറും സംഘവും എത്തിയിരിക്കുന്നത്. മലപ്പുറത്തെ ഒരു സാധാരണ മുസ്ലിം കുടുംബത്തിൽ പിറന്ന ഫാത്തിമ എന്ന പെൺകുട്ടിയുടെ സ്വപ്നവും അതിലേക്കുള്ള അവളുടെ പ്രയാണവുമാണ് ചിത്രത്തിന്റെ ആകെ തുക. ഈ യാത്രയിൽ അവൾ കണ്ടുമുട്ടുന്ന ആളുകളും നേരിടുന്ന പ്രതിബന്ധങ്ങളുമാണ് ശേഷം മൈക്കിൽ ഫാത്തിമയെ പിടിച്ചിരുത്തുന്ന ചലച്ചിത്രാനുഭവമാക്കിമാറ്റുന്നത്.
ആരാണ് ഫാത്തിമ എന്ന് വളരെക്കുറച്ച് സീനുകൾ കൊണ്ടുതന്നെ ചിത്രം പ്രേക്ഷകന് മനസിലാക്കിക്കൊടുക്കുന്നുണ്ട്. നാവടക്കി വെയ്ക്കാതെ, എപ്പോഴും എന്തെങ്കിലുമൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്ന പെൺകുട്ടിയാണ് ഫാത്തിമ. ടെലിവിഷനിൽ വരുന്ന കാർട്ടൂണുകൾക്കും ഫുട്ബോൾ മത്സരങ്ങൾക്കുമെല്ലാം കമന്ററി പറയലാണ് ആളുടെ പ്രധാനവിനോദം. ഏതൊരു മലപ്പുറം സ്വദേശിയേയും പോലെ ഫുട്ബോൾ തന്നെയാണ് ഫാത്തിമയുടേയും ജീവശ്വാസം. വെറുതേ കളി കണ്ട് ആസ്വദിക്കുന്നതിലല്ല, മറിച്ച് കളിക്കളത്തിലെ പന്തിന്റെ ചലനം പോലും ശാസ്ത്രീയമായി വിലയിരുത്തുംവിധമാണ് അവളുടെ കളിയറിവ്.
പൊതുവേ ഫീൽ ഗുഡ് ചിത്രങ്ങളിൽ കാണുന്ന, അല്ലെങ്കിൽ ഒളിഞ്ഞുകിടക്കുന്ന വസ്തുതയാണ് ആൽക്കെമിസ്റ്റിൽ പൗലോ കൊയ്ലോ പറഞ്ഞിട്ടുള്ള തീവ്രമായി ഒരു കാര്യം ആഗ്രഹിച്ചാൽ അത് നടത്തിത്തരാൻ ഈ പ്രകൃതി പോലും കൂടെ നിൽക്കും എന്ന വിശ്വവിഖ്യാത വരികൾ. ഇവിടെ തന്റെയുള്ളിലെ തീവ്രമായ ആഗ്രഹം നിറവേറ്റാൻ ഒറ്റയ്ക്ക് പൊരുതുന്നവളാണ് ഫാത്തിമ എന്നതാണ് മറ്റ് ഫീൽ ഗുഡ് ചിത്രങ്ങളിൽ നിന്ന് ശേഷം മൈക്കിൽ ഫാത്തിമയെ വേറിട്ടുനിർത്തുന്നത്. കമന്റേറ്ററാവുക എന്നത് അവളുടെ മാത്രം ആഗ്രഹമാണ്. ആ ആഗ്രഹത്തിനായി അലയുന്ന ഫാത്തിമയേയാണ് ചിത്രത്തിൽ കാണാനാവുക. ഫാത്തിമയുടെ ആഗ്രഹത്തിന്റെ തീവ്രത ഒട്ടും ചോരാതെ പ്രേക്ഷകനിലേക്കും എത്തിക്കാനായി എന്നുള്ളിടത്താണ് സംവിധായകൻ മനുവും സംഘവും വിജയിക്കുന്നത്.
ഫീൽ ഗുഡ് ചിത്രം എന്നതിലുപരി സ്പോർട്സ് ഡ്രാമ എന്നുള്ള വിശേഷണത്തിനും അർഹമാണ് ശേഷം മൈക്കിൽ ഫാത്തിമ. ദൃശ്യമാവട്ടേ, അദൃശ്യമാവട്ടേ, ഫുട്ബോളിന്റെ സാന്നിധ്യം ഇല്ലാത്ത ഒറ്റ ഫ്രെയിം പോലും ചിത്രത്തിലില്ല. ഫാത്തിമ നടക്കുന്ന വഴികളിലെല്ലാം ഫുട്ബോൾ എന്ന ഘടകം നിറഞ്ഞുനിൽക്കുകയാണ്. അവൾ കാണുന്ന ടോം ആൻഡ് ജെറി കാർട്ടൂണിൽപ്പോലുമുണ്ട് ഫുട്ബോൾ. ഫുട്ബോളിനോടും കമന്ററിയോടുമുള്ള അടങ്ങാത്ത അഭിനിവേശം അവൾക്കുനേരെ ചോദ്യങ്ങളുയർത്തുന്നുണ്ട്. കുടുംബത്തിൽ നിന്നുള്ള ഒറ്റപ്പെടലും സമൂഹത്തിൽ നിന്നും അധികാര കേന്ദ്രങ്ങളിൽ നിന്നുമുള്ള അവജ്ഞയും പരിഹാസവുമെല്ലാം അവളനുഭവിക്കുന്നത് ഫുട്ബോളിനോടുള്ള പ്രണയം മൂലമാണ്. “ഇതെന്റെ ജീവിതമല്ലേ, ഞാൻ ആഗ്രഹിക്കുന്നയിടത്ത് ഞാൻ തന്നെ കൊണ്ടു ചെന്നെത്തിക്കേണ്ടേ” എന്നാണ് അവൾ പറഞ്ഞു കൊണ്ടേയിരുന്നത്.
വായടക്കിവെക്കാത്ത ചിലമ്പിച്ചി ഫാത്തിമയായി കല്യാണി ഉഗ്രൻ പ്രകടനമാണ് കാഴ്ചവെച്ചത്. ഷോ സ്റ്റീലർ എന്നും പറയാം. മലയാളത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രമേയത്തിലെത്തിയ ചിത്രത്തിലെ ലേഡി കമന്റേറ്റർ കഥാപാത്രം കല്യാണിയിൽ ഭദ്രമായിരുന്നു. ഫാത്തിമയുടെ പിതാവായ മുനീർ എന്ന ടൊർണാഡോ മുനീറായി സുധീഷ് കയ്യടിയർഹിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. കേരളത്തിലെ ഒരുകാലത്തെ തീപ്പൊരി ഫുട്ബോൾ കളിക്കാരായിട്ടും ജീവിതത്തിൽ അതിന്റെ ഒരു ഗുണവും ലഭിക്കാത്ത, തിരശ്ശീലയ്ക്കുപിന്നിൽ ഒളിക്കാൻ വിധിക്കപ്പെട്ട, ശിഷ്ടകാലം ആരാലും തിരിച്ചറിയപ്പെടാതെ ജീവിക്കാൻ വിധിക്കപ്പെട്ട ഒരുപാട് താരങ്ങളുടെ പ്രതിനിധിയാണയാൾ. കയറിവരാൻ ശ്രമിക്കുന്തോറും അധികാരികളുടെ കൈകളാൽ വെട്ടിമാറ്റപ്പെടാൻ വിധിക്കപ്പെടുന്ന താരമാണ് ഷഹീൻ സിദ്ദിഖിന്റെ സോളമൻ എന്ന കഥാപാത്രം. നിരാശ നിറഞ്ഞ ജീവിതത്തിൽനിന്ന് എന്നെങ്കിലും പഴയ ജീവിതത്തിലേക്ക് ഒരിക്കൽ തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് അയാൾക്കുള്ളത്. പണവും സ്വാധീനവുമുള്ളവർക്കായി പുറന്തള്ളപ്പെടുന്ന കേരളത്തിന്റെ സ്വന്തം കളിക്കാരുടെ പ്രതിനിധിയാണ് സോളമൻ. ഇങ്ങനെയുള്ളവർക്കായുള്ള ശ്രദ്ധാഞ്ജലി കൂടിയാണ് ഈ ചിത്രം.
സാബു മോൻ ജേക്കബ്, ഷാജു ശ്രീധർ, ഫെമിന ജോർജ്, അനീഷ് ജി മേനോൻ, ഉണ്ണിമായ പ്രസാദ്, നവാസ് വള്ളിക്കുന്ന്, ബാലചന്ദ്രൻ ചുള്ളിക്കാട് എന്നിവരും അവരവരുടെ കഥാപാത്രങ്ങൾ ഭംഗിയാക്കി. ഫുട്ബോളാണ് പശ്ചാത്തലമെന്നതുകൊണ്ട് ഈ മേഖലയുമായി ബന്ധപ്പെട്ട ചില വി.ഐ.പികളും ചിത്രത്തിന്റെ കഥാഗതിയിൽ വന്നുപോകുന്നു. രസകരമായ സംഭാഷണങ്ങളാണ് ചിത്രത്തിന്റേതായി എടുത്തുപറയേണ്ടത്. യാതൊരുവിധ കല്ലുകടിയും തോന്നാത്ത, ഇതുപോലൊക്കെ നമ്മളും എപ്പോഴൊക്കെയോ പറഞ്ഞിട്ടില്ലേ എന്ന് കൗതുകം തോന്നിക്കുന്ന സംഭാഷണങ്ങളും പ്രയോഗങ്ങളും ഈ മനു സി കുമാർ ചിത്രത്തിന് ജീവനേകുന്നു. ഹെഷാമിന്റെ സംഗീതവിഭാഗവും കയ്യടിയർഹിക്കുന്നു. ഫാത്തിമയുടെ കമന്ററിക്കൊപ്പം പ്രേക്ഷകനേയും ഒരു മൈതാനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രേരിപ്പിക്കുംവിധമായിരുന്നു പാട്ടുകളും പശ്ചാത്തലസംഗീതവും.
ഫീൽ ഗുഡ് ചിത്രങ്ങളിൽ സാധാരണയായി ഏതെങ്കിലും കഥാപാത്രങ്ങളാണ് സാരോപദേശവുമായി എത്താറ്. എന്നാൽ ഇവിടെ ഫാത്തിമയുടെ ജീവിതം കണ്ട് സ്വയം ഒരു നിഗമനത്തിലെത്താനാണ് ചിത്രം പ്രേരിപ്പിക്കുന്നത്. ഒരു പ്രതിസന്ധി വന്നപ്പോൾ, നിരുത്സാഹപ്പെടുത്താനും ആഗ്രഹങ്ങൾക്ക് നിർബന്ധപൂർവം കൂച്ചുവിലങ്ങിടാനും പലരും ശ്രമിച്ചപ്പോൾ അതിനെയെല്ലാം ഒരു പെൺകുട്ടി ചെറുത്തുനിന്ന് തോൽപിച്ചതെങ്ങനെയെന്ന് സ്വയം കണ്ടുമനസിലാക്കട്ടെ എന്നാവാം സംവിധായകൻ ഉദ്ദേശിച്ചിരിക്കുക. വെല്ലുവിളികളെ നേരിടാൻ ഫാത്തിമയ്ക്ക് കൂട്ടായുണ്ടായിരുന്നത് ഫുട്ബോളായിരുന്നു. അതെ, വെറും കളിയല്ല ഫുട്ബോൾ. അതൊരു വികാരമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]