
ബെംഗളൂരു: പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത് ബിജെപി. പാർട്ടിയിലെ ഗ്രൂപ്പ് പോരിനെ തുടർന്ന് പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനായിരുന്നില്ല. പാർട്ടിയുടെ വൊക്കലിഗ മുഖവും ഏഴ് തവണ എംഎൽഎയുമായ ആർ അശോകിനെയാണ് പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്ന യോഹഗത്തിൽ നിന്ന് എംഎൽഎമാരായ ബസനഗൗഡ പാട്ടീൽ യത്നാനും രമേഷ് ജാർക്കിഹോളിയും ഇറങ്ങിപ്പോയി. പഞ്ചനക്ഷത്ര ഹോട്ടലിൽ യോഗം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇരുവരും സ്ഥലം വിട്ടു.
വിമതരായ എസ് ടി സോമശേഖറും ശിവറാം ഹെബ്ബാറും പങ്കെടുത്തില്ല. ഇരുവരും കോൺഗ്രസിലേക്ക് ചേക്കേറുമെന്ന അഭ്യൂഹം ശക്തമാണ്. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാൻ കേന്ദ്ര നിരീക്ഷകരായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെയും ബിജെപി ദേശീയ ജനറൽ സെക്രട്ടറി ദുഷ്യന്ത് കുമാർ ഗൗതമിനെയും ബിജെപി കേന്ദ്ര നേതാക്കൾ ചുമതലപ്പെടുത്തിയിരുന്നു.
ബിജെപി സംസ്ഥാന ഘടകം അധ്യക്ഷൻ ബി വൈ വിജയേന്ദ്ര പിതാവ് ബി എസ് യെദ്യൂരപ്പയുടെയും മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെയും സാന്നിധ്യത്തിൽ അശോകിനെ മധുരം നൽകി സ്വീകരിച്ചു. എല്ലാവരുടെയും അഭിപ്രായം സ്വീകരിച്ച ശേഷമാണ് നിർമല സീതാരാമൻ അശോകന്റെ പേര് പ്രഖ്യാപിച്ചത്. വൊക്കലിംഗ സമുദായത്തിനിടയിൽ സ്വാധീനമുറപ്പിക്കാനാണ് അശോകിനെ പ്രതിപക്ഷ നേതാവായി നിയമിച്ചത്.
സംസ്ഥാനത്തെ ഏറ്റവും വലിയ പൗരസമിതിയായ ബൃഹത് ബെംഗളൂരു മഹാനഗര പാലികയിലേക്ക് (ബിബിഎംപി) തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കിൽ നഗരത്തിലെ വൊക്കലിഗ വോട്ട് ഉറപ്പിക്കാനുമാണ് ബിജെപിയുടെ ശ്രമം. അതേസമയം, യെദിയൂരപ്പ ക്യാമ്പിന്റെ വിജയമായും അശോകിന്റെ സ്ഥാനലബ്ധിയെ വിലയിരുത്തുന്നു.
മകൻ വിജയേന്ദ്രയ്ക്ക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനം ഉറപ്പാക്കുന്നതിൽ വിജയിച്ച യെദിയൂരപ്പ അശോകിനെയും ആഗ്രഹിച്ച സ്ഥാനത്തെത്തിച്ചു. പ്രതിപക്ഷ നേതാവായി തന്റെ പേര് പ്രഖ്യാപിച്ചതിന് ശേഷം, അശോക തന്റെ കന്നി പ്രസംഗത്തിൽ യെദിയൂരപ്പയെ പ്രശംസിച്ചു. താനും വിജയേന്ദ്രയും ഒരുമിച്ച് പ്രവർത്തിക്കുമെന്നും ബിജെപി വീണ്ടും ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കുമെന്നും എല്ലാവരെയും വിജയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Last Updated Nov 18, 2023, 12:42 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]