
മലയാള സിനിമയിൽ താടിക്കൊരു ബ്രാൻഡ് അംബാസിഡർ ഉണ്ടെങ്കിൽ ആ പട്ടത്തിന് അർഹൻ ഒരേ ഒരു ഹരിശ്രീ അശോകനാണ്. താൻ താടിവളർത്താനിടയായ സാഹചര്യം അദ്ദേഹം മാതൃഭൂമി ന്യൂസുമായി പങ്കുവെച്ചു. വളരെ ചെറുപ്പത്തിൽത്തന്നെ താടിവളർത്തണമെന്ന് തോന്നിയിരുന്നുവെന്ന് ഹരിശ്രീ അശോകൻ പറഞ്ഞു. കാരണം ചേട്ടന് താടിയുണ്ടായിരുന്നു. അങ്ങനെ ആഗ്രഹിച്ച് വളർത്തിയതാണ്. വടിക്കാനുള്ള പൈസയൊന്നും അന്നില്ലായിരുന്നു. താടി സന്തത സഹചാരിയേപ്പോലെ എന്നുമുണ്ടായിരുന്നുവെന്നും അശോകൻ പറഞ്ഞു.
ഭിക്ഷക്കാരനാണെങ്കിലും പോലീസുകാരനാണെങ്കിലും താടിയുണ്ടായിരുന്നുവെന്ന് ഹരിശ്രീ അശോകൻ ചൂണ്ടിക്കാട്ടി. ഈ താടി വച്ചിട്ടാണ് താൻ പത്ത് മുന്നൂറ്റിചില്വാനം പടങ്ങളിൽ പിടിച്ചുനിന്നത്. താടി വെച്ച് പോലീസുകാരനാവാനും പെൺവേഷം കെട്ടാനും ശ്രീകൃഷ്ണനാവാനും ലൈസൻസുള്ള ഒരേയൊരു നടൻ ഇന്ത്യയിൽ ചിലപ്പോൾ ഞാൻ മാത്രമാവും. മമ്മൂട്ടിയുടെ കൂടെ ആദ്യമായി അഭിനയിക്കുകയാണ്, പോലീസ് വേഷമാണ്. അദ്ദേഹം സെറ്റിൽ വന്നിട്ട് ചോദിച്ചു താടിയോ വടിക്കുന്നില്ല, ആ മുടിയെങ്കിലും പിന്നിൽ കുറച്ചു വെട്ടിക്കൂടേ എന്ന്. ഞാൻ ഉണ്ടെന്നുപറഞ്ഞു. മീശമാധവനിൽ ശ്രീകൃഷ്ണന്റെ ആ രംഗം ഉള്ളതുകൊണ്ട് ഒരുപാട് രാജ്യങ്ങളിൽ പോകാൻ പറ്റിയെന്നും അദ്ദേഹം പറഞ്ഞു.
”താടി നിലനിർത്താൻ തിരക്കഥയിൽപ്പോലും അതിനുള്ള ലൂപ്പ്ഹോൾ കണ്ടെത്തി. കുറേ കഴിഞ്ഞപ്പോൾ താടി വടിക്കാമെന്ന് അങ്ങോട്ട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും താടിയുള്ള അശോകനെയാണ് ജനങ്ങൾക്കിഷ്ടമെന്ന് പറഞ്ഞ് പല സംവിധായകരും തടഞ്ഞിട്ടുണ്ട്. സൂര്യൻ എന്ന സിനിമയിൽ ഡാൻസ് മാസ്റ്ററുടെ വേഷം ചെയ്യാൻ മീശയും താടിയുമെടുത്തു. ആരൊക്കെ അഭിനയിക്കുന്നുണ്ടെന്ന് ഷൂട്ടിങ് കാണാൻ വന്നവർ തിരക്കി. ജയറാമും ഹരിശ്രീ അശോകനുമുണ്ടെന്ന് പറഞ്ഞപ്പോൾ അവർക്ക് എന്നെ കാണണമെന്നായി. താടിയും മീശയുമില്ലാത്ത എന്നെക്കണ്ട് അവർക്ക് നിരാശയായി. കാരണം അവരുടെ മനസിൽ ഞാനങ്ങനെയാണ്.”
തന്റെ ട്രേഡ്മാർക്കാണ് താടി. എന്റെ മിക്കവാറും കഥാപാത്രങ്ങളുടെയെല്ലാം അവസാനം ‘ൻ’ എന്ന അക്ഷരമുണ്ടാകും. അധികമാരും ഇക്കാര്യം ശ്രദ്ധിച്ചിട്ടില്ല. ആദ്യമൊക്കെ താടി വടിക്കാൻ കാശില്ലായിരുന്നെങ്കിൽ പിന്നെ അതുവിറ്റ് കാശാക്കാൻ തുടങ്ങി. മകനും ഭാര്യക്കും വീട്ടിലെല്ലാവർക്കും ഇഷ്ടമാണ് താടി. താടിയുള്ള അശോകനെയാണ് അവർക്കിഷ്ടം. താടിയില്ലാത്ത തന്നെ അവർക്കാർക്കും അറിയില്ലെന്നും ഹരിശ്രീ അശോകൻ കൂട്ടിച്ചേർത്തു.