
കൊല്ലം: കേരള ബാങ്ക് ഭരണ സമിതിയിലേക്ക് പ്രതിനിധിയെ അയക്കാനുള്ള മുസ്ലിം ലീഗ് തീരുമാനം സാങ്കേതികമായി ശരിയാണെന്നും എന്നാൽ ലീഗ് നേതൃത്വം നിലവിലെ ചില സാഹചര്യങ്ങൾ പരിശോധിക്കണമെന്നും ഷിബു ബേബി ജോൺ. സഹകരണ ബാങ്കുകളുടെ നിലവിലെ സാഹചര്യത്തിൽ അതിന്റെ പാപഭാരം ഏറ്റെടുക്കണോ എന്ന് ലീഗ് പരിശോധിക്കണം. യുഡിഫിൽ നിന്നും കേരളം കൂടുതൽ സമരം പ്രതീക്ഷിക്കുന്നുണ്ട്. കുറേക്കൂടി ശക്തമായ സമരവുമായി മുന്നോട്ട് പോകേണ്ടതുണ്ട്. മുസ്ലിം ലീഗിനെ കേരള ബാങ്കിലേക്ക് തെരഞ്ഞെടുത്തത് സിപിഎമ്മിന്റെ രാഷ്ട്രീയ പാപ്പരത്തമാണ്. കുറേക്കാലമായി സിപിഎം മുസ്ലിം ലീഗിന്റെ പിന്നാലെയാണെന്നും അധികാരം നഷ്ടപ്പെടുമെന്ന തോന്നലാണ് ഇതിന് പിന്നിലെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
ജനങ്ങളിലേക്ക് ഇറങ്ങമമെന്ന തോന്നൽ മുഖ്യമന്ത്രി പിണറായി വിജയനുണ്ടാകാൻ എട്ട് വർഷം വേണ്ടിവന്നുവെന്ന് അദ്ദേഹം പറഞ്ഞു. പെറ്റ തള്ളയെ എട്ട് ലക്ഷം രൂപക്ക് കൊല്ലുന്നത് ആണോ നവകേരളമെന്നും ലഹരി ഉപയോഗം കൂടിയതാണോ നവകേരളമെന്നും ചോദിച്ച അദ്ദേഹം വിദ്യാഭ്യാസ മേഖലയിൽ മറ്റ് സ്ഥലങ്ങളിലേക്ക് കേരളത്തിലെ യുവാക്കൾ പലായനം ചെയ്യുന്നത് ആണോ നവകേരളമെന്നും വിമർശിച്ചു.
നവ കേരള സദസ്സ് യാത്ര വഴി എന്താണ് തെളിയുന്നതെന്നും നവകേരള യാത്ര ലജ്ജാകരമാണെന്നും അദ്ദേഹം വിമർശിച്ചു. സർക്കാർ ചെലവിൽ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുകയാണ്. ഇത് വൃത്തികെട്ട സംസ്ക്കാരവും അധികാര ദുർവിനിയോഗവുമാണെന്നും അദ്ദേഹം കൊല്ലത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ വിമർശിച്ചു.
വള്ളിക്കുന്ന് എംഎൽഎയെയാണ് മുസ്ലിം ലീഗ് പ്രതിനിധിയായി കേരള ബാങ്കിന്റെ ഡയറക്ടർ ബോർഡിലേക്ക് ഉൾപ്പെടുത്തിയത്. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചതിനെതിരെ യുഡിഎഫ് നിയമപോരാട്ടം നടത്തുന്നതിനിടെയാണിത്. മുസ്ലിം ലീഗിന്റെ എല്ലാ തീരുമാനങ്ങളെയും എതിർക്കേണ്ടതില്ലെന്ന അനുനയ സമീപനമാണ് കോൺഗ്രസിന്. എന്നാൽ യുഡിഎഫിൽ ഈ വിഷയത്തിൽ കൂടിയാലോചന നടക്കാത്തതിൽ ആർഎസ്പി, സിഎംപി തുടങ്ങിയ ഘടക കക്ഷികൾക്ക് അതൃപ്തിയുണ്ട്.
Last Updated Nov 17, 2023, 2:18 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]