
രാജ്യത്തെ രാഷ്ട്രീയ പാർടികളും രാഷ്ട്രീയ നിരീക്ഷകരും കണ്ണൂർ പാർടി കോൺഗ്രസിനെ ഉറ്റുനോക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കണ്ണൂരിൽ ഏപ്രിൽ ആറു മുതൽ 10വരെ നടക്കുന്ന പാർടി കോൺഗ്രസ് ചരിത്രസംഭവമായി മാറും. ജില്ലയിലെ സഖാക്കൾക്ക് ലഭിച്ച സുവർണാവസരമാണിത്. പാർടി കോൺഗ്രസ് സമാപനം കുറിച്ച് 10ന് ചേരുന്ന മഹാറാലിയിൽ മുഴുവനാളുകളും പങ്കെടുക്കണം. പതാക ദിനത്തിൽ കോടിയേരി മുളിയിൽനടയിൽ പതാക ഉയർത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർടി കോൺഗ്രസ് പതാക ദിനം കമ്യൂണിസ്റ്റ് ഉത്സവമായി കേരളത്തിൽ മാറിയതായി കോടിയേരി പറഞ്ഞു. പ്രധാന കേന്ദ്രങ്ങളിലെല്ലാം 23–-ാം പാർടി കോൺഗ്രസിന്റെ ഭാഗമായി 23 ചെമ്പതാക ഉയർത്തിയാണ് പതാക ദിനം ആചരിച്ചത്. പൊതുസമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക വയലാറിൽനിന്നും കൊടിമരം കയ്യൂരിൽനിന്നുമാണ് കൊണ്ടുവരുന്നത്. അഞ്ചിന് വൈകിട്ട് 5.30ന് കണ്ണൂർ സ്റ്റേഡിയത്തിലെ പൊതുസമ്മേളന നഗരിയിൽ പതാക ഉയർത്തും. പ്രതിനിധിസമ്മേളന നഗരിയായ നായനാർ അക്കാദമിയിൽ ആറിന് രാവിലെ ഒമ്പതിനാണ് പതാക ഉയർത്തൽ. പത്തിന് പുതിയ കേന്ദ്ര കമ്മിറ്റിയെയും പൊളിറ്റ്ബ്യൂറോയെയും ജനറൽ സെക്രട്ടറിയെയും തെരഞ്ഞെടുത്ത് സമ്മേളനം സമാപിക്കും.
ഇ കെ നായനാർ അക്കാദമിയിൽ നായനാർ മ്യൂസിയം മൂന്നിന് തുറക്കും. കേരളത്തിൽ ആദ്യമായാണ് ഒരു കമ്യൂണിസ്റ്റ് നേതാവിന്റെപേരിൽ മ്യൂസിയം ഒരുക്കുന്നത്. പ്രതിനിധി സമ്മേളന നഗരി അവിടെയായതിനാൽ പൊതുജനങ്ങൾക്ക് പത്തിനുശേഷമാകും പ്രവേശനം-. ആയിരംവീതം പുരുഷ–-സ്ത്രീ വളണ്ടിയരുടെ മാർച്ചാണ് സമാപന റാലിയിലുണ്ടാകുക. കാൽലക്ഷം വളണ്ടിയർമാർ ജില്ലയിലുണ്ടെങ്കിലും കോവിഡും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അത്രവലിയ മാർച്ച് സംഘടിപ്പിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു. ഏരിയാസെക്രട്ടറി സി കെ രമേശൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി പി പി ഗംഗാധരൻ സ്വാഗതം പറഞ്ഞു. എ എൻ ഷംസീർ എംഎൽഎ, എം സി പവിത്രൻ, കാരായി ചന്ദ്രശേഖരൻ എന്നിവരും പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]