
കൊച്ചി: ആലുവയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ കുടുംബത്തെ പറ്റിച്ചെന്ന ആരോപണത്തിൽ പ്രതികരണവുമായി മന്ത്രി പി. രാജീവ്. നടപടി അതീവ ക്രൂരവും ഞെട്ടൽ ഉളവാക്കുന്നതുമാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. എന്ത് നൽകിയാലും കുടുംബത്തിന്റെ നഷ്ടം നികത്താൻ കഴിയില്ല. പണം തട്ടിയെടുത്ത നടപടിയെ ഈ നാട് അംഗീകരിക്കില്ലെന്നും കുറ്റക്കാർക്ക് എതിരെ കടുത്ത നടപടിയുണ്ടാകുമെന്നും മന്ത്രി ഉറപ്പ് നൽകി. കോൺഗ്രസ് പാർട്ടി എന്ത് നടപടിയെടുക്കുമെന്ന് അറിയാൻ കാത്തിരിക്കുകയാണെന്നും പി രാജീവ് കൂട്ടിച്ചേർത്തു.
ആലുവയിലെ മഹിള കോൺഗ്രസ് നേതാവിന്റെ ഭർത്താവ് മുനീർ ആണ് ആലുവയിൽ കൊല്ലപ്പെട്ട കുഞ്ഞിന് ലഭിച്ച സഹായധനത്തിൽ നിന്ന് ഒന്നേകാൽ ലക്ഷം രൂപ തട്ടിയത്. സംഭവം പുറത്തായത്തിന് പിന്നാലെ തട്ടിപ്പ് നടന്നില്ലെന്നു മാധ്യമങ്ങളോട് പറയാൻ മുനീർ കുട്ടിയുടെ അച്ഛനെ സമീപിച്ചു. കുടുംബം വഴങ്ങാതെ വന്നതോടെ പണം തിരിച്ചു നൽകിയാണ് മുനീർ നാണക്കേടിൽ നിന്ന് തലയൂരിയത്.
ക്രൂരമായ കൊലപാതകത്തിന്റെ ഞെട്ടലിലൂടെ കടന്നുപോകുന്ന കുടുംബത്തെയാണ് മുനീർ സഹായിക്കാമെന്ന് പറഞ്ഞ് ഒപ്പം കൂടി വഞ്ചിച്ചത്. പലകാരണങ്ങൾ പറഞ്ഞ് ഓഗസ്റ്റ് അഞ്ച് മുതൽ പത്ത് വരെ ദിവസവും ഇരുപതിനായിരം രൂപ വീതം മൊത്തം ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയാണ് പെൺകുട്ടിയുടെ അച്ഛനിൽ നിന്ന് മുനീർ വാങ്ങിയത്. പറ്റിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞ കുടുംബം പരാതിയുമായി നേതാക്കളെ സമീപിച്ചു. എന്നിട്ടും പണം ലഭിക്കാതെ വന്നതോടെ ആണ് പരാതിയുമായി രംഗത്ത് വന്നത്.
വാർത്ത പുറത്ത് വന്നതോടെ മുനീർ എല്ലാം നിഷേധിച്ചു. പിന്നീട് വാർത്ത കളവാണെന്ന് പറയണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ അച്ഛനെ ഫോണിൽ വിളിച്ചു. പക്ഷെ കുട്ടിയുടെ ഈ ആവശ്യം അച്ഛൻ തള്ളി. ഇതുൾപ്പെടെ മാധ്യമങ്ങൾ തുറന്നു കാട്ടിയതോടെ ഒരു സുഹൃത്തിന്റെ കയ്യിൽ തിരിച്ച് നൽകാനുള്ള മുഴുവൻ പണവും കൊടുത്തുവിട്ടു. പണം ലഭിച്ചെന്നും ഇനി പരാതിയില്ലെന്നും കുട്ടിയുടെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തെ തുടർന്ന് മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹസീന മുനീറിനെ സസ്പെൻഡ് ചെയ്തു എന്നാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വാർത്ത. പാർട്ടിക്ക് അവമതിപ്പുണ്ടാക്കി എന്ന് കണ്ടെത്തിയാണ് നടപടി. ഹസീന മുനീറിന്റെ ഭർത്താവ് മുനീർ ആയിരുന്നു പണം തട്ടിയത്. ഹസീനയ്ക്കെതിരെയും ആരോപണം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയായ ഹസീന മുനീറിനെ പാർട്ടി സസ്പെൻഡ് ചെയ്തത്.
Last Updated Nov 16, 2023, 4:49 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]