
കോഴിക്കോട്: നവകേരള സദസിനായി വാങ്ങിയ ബസ് അസറ്റ് ആണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ആഢംബര ബസ് അസറ്റാണ്. വലിയ പണച്ചെലവ് ഒഴിവാക്കാനാണ് ബസ് നിർമിച്ചതെന്നും ഇപി ജയരാജൻ പറഞ്ഞു. യാത്രയ്ക്ക് ശേഷം പല ആവശ്യങ്ങൾക്കും ഈ വാഹനം ഉപയോഗിക്കാൻ കഴിയും. പ്രതിപക്ഷ ആരോപണത്തിൽ കഴമ്പില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പരിപാടിയിൽ പ്രത്യേകമായി ആളെ കൂട്ടണ്ട കാര്യമുണ്ടോയെന്നും ഇപി ജയരാജൻ ചോദിച്ചു.
ഹമീദ് മികച്ച സഹകാരിയാണെന്ന് ഇപി ജയരാജൻ പ്രതികരിച്ചു. പി അബ്ദുൽ ഹമീദിനെ കേരള ബാങ്ക് ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തിയ വിഷയത്തിലായിരുന്നു ഇപിയുടെ പ്രതികരണം. ഡയറക്ടർ ബോർഡ് അംഗമാകാൻ ഹമീദ് അർഹനാണ്. പ്രതിപക്ഷത്തെ കൂടി ഉൾപ്പെടുത്തുകയാണ് എൽഡിഎഫ് ചെയ്തത്. നയപരമായ തീരുമാനം എടുക്കാൻ കോൺഗ്രസ്സിൻ്റെ സമ്മതം വാങ്ങണ്ട ഗതികേട് ലീഗിനില്ല. യുഡിഎഫ് ദുർബലപ്പെടുകയാണ്. ചാരി നിൽക്കാൻ ഒരു വടിയാണ് കോൺഗ്രസിന് ആവശ്യം. മലപ്പുറത്തെ പരിപാടിയിൽ ലീഗ് പങ്കെടുക്കണമോ എന്ന് അവർ തീരുമാനിക്കട്ടെയെന്നും ഇപി പറഞ്ഞു.
മലപ്പുറം ജില്ലയിൽ സ്വാധീനമുള്ള പാർട്ടിയാണ് ലീഗ്. അവരും സഹകരണ മുന്നണിയിൽ ഉണ്ടാവണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. പലസ്തീനൊപ്പം നിന്ന ആര്യാടൻ ഷൗക്കത്തിനെതിരെ കോൺഗ്രസ്സ് നടപടിയെടുത്തു. ഹമാസിനെ പിന്തുണച്ച തരൂരിനെ തിരുത്താൻ തയാറായില്ല. പലസ്തീൻ വിഷയത്തിലെ കോൺഗ്രസ്സിൻ്റെ ഇരട്ടത്താപ്പ് ആണിത്. കേരളത്തിലെ എൻസിപിയും ജെഡിഇസും ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന പാർട്ടികളാണ്. അവരെ സംരക്ഷിക്കേണ്ട ചുമതല എൽഡിഎഫിനുണ്ട്. കൃത്യമായ നിലപാട് സ്വീകരിക്കാൻ ഉള്ള ആർജവം അവർക്കുണ്ടെന്നും ഇപി കൂട്ടിച്ചേർത്തു.
Last Updated Nov 16, 2023, 4:46 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]