
പുണെ
സഞ്ജു സാംസന്റെയും കൂട്ടരുടെയും ഓൾറൗണ്ട് പ്രകടനത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് നിലംപറ്റി. ഐപിഎൽ സീസണിലെ ആദ്യ കളിയിൽ ഹൈദരാബാദിനെ 61 റണ്ണിന് തകർത്ത് രാജസ്ഥാൻ റോയൽസ് ഉജ്വലമായി അരങ്ങേറി.
സ്കോർ: രാജസ്ഥാൻ 6–-210, ഹൈദരാബാദ് 7–-149.
ക്യാപ്റ്റൻ സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്ങിൽ 210 റണ്ണാണ് രാജസ്ഥാൻ നേടിയത്. അഞ്ച് സിക്സറിന്റെയും മൂന്ന് ബൗണ്ടറിയുടെയും അകമ്പടിയോടെ 27 പന്തിൽ 55 റണ്ണാണ് സഞ്ജു നേടിയത്. ഹൈദരാബാദിന്റെ മറുപടി 149ൽ അവസാനിച്ചു.
രാജസ്ഥാനുവേണ്ടിയുള്ള 100–-ാം മത്സരമായിരുന്നു സഞ്ജുവിന്. ടീമിനായി ഏറ്റവും കൂടുതൽ സിക്സറുകൾ (110) നേടുന്ന താരമെന്ന റെക്കോഡും സ്വന്തമാക്കി. ദേവ്ദത്ത് പടിക്കൽ (29 പന്തിൽ 41), ഷിംറോൺ ഹെറ്റ്മെയർ (13 പന്തിൽ 32) എന്നിവർ സഞ്ജുവിന് പിന്തുണ നൽകി. മൂന്ന് വിക്കറ്റെടുത്ത സ്പിന്നർ യുശ്വേന്ദ്ര ചഹാലാണ് പന്തിൽ തിളങ്ങിയത്. പ്രസിദ്ധ് കൃഷ്ണയ്ക്കും ട്രെന്റ് ബോൾട്ടിനും രണ്ട് വിക്കറ്റുണ്ട്.
ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ രാജസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ജോസ് ബട്ലറും (28 പന്തിൽ 35) യശസ്വി ജയ്സ്വാളും (16 പന്തിൽ 20) പതിയെയായിരുന്നു തുടങ്ങിയത്. എന്നാൽ അവസാന ഓവറുകളിൽ രാജസ്ഥാൻനിര കസറി.
മൂന്നാം വിക്കറ്റിൽ പടിക്കലും സഞ്ജുവു 41 പന്തിൽ 73 റണ്ണാണ് അടിച്ചെടുത്തത്. ദേവ്-ദത്ത് രണ്ട് സിക്സും നാല് ഫോറും നേടി. ഉമ്രാന്റെ പന്തിൽ ബൗൾഡായി പടിക്കൽ മടങ്ങുമ്പോഴേക്കും രാജസ്ഥാൻ നില ഭദ്രമാക്കിയിരുന്നു. വാഷിങ്ടൺ സുന്ദറിനെ തുടർച്ചയായി രണ്ട് സിക്സർ പായിച്ചാണ് സഞ്ജു അരസെഞ്ചുറി പൂർത്തിയാക്കിയത്. ഭുവനേശ്വറിന്റെ പന്തിൽ അബ്ദുൾ സമദിന് പിടികൊടുത്തായിരുന്നു മടക്കം. ഹൈദരാബാദ് നിരയിൽ എയ്ദെൻ മാർക്രവും (57*) വാഷിങ്ടണും (40) മാത്രമാണ് പിടിച്ചുനിന്നത്. ഇന്ന് കൊൽക്കത്ത നെെറ്റ് റെഡേഴ്സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]