
സര്‍വേ ആരംഭിച്ചിട്ട് ഒന്നര വര്‍ഷം
പട്ടികയില്‍ 760-ഓളം പേര്
പുനലൂര്‍ : പേപ്പര്‍മില്ലിനോട് ചേര്‍ന്നുള്ള മിച്ചഭൂമിയില്‍ കൈവശക്കാര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ അന്ത്യഘട്ടത്തില്‍. അടുത്തമാസത്തോടെ പുനലൂരില്‍ ജില്ലാതല മേള നടത്തി പട്ടയം വിതരണം ചെയ്യാനാണ് അധികൃതരുടെ ആലോചന.
നിലവില്‍ ഗുണഭോക്തൃ പട്ടികയില്‍ 760-ഓളം പേരാണുള്ളത്. പുനലൂര്‍ താലൂക്കില്‍ 560 പേരും പത്തനാപുരം താലൂക്കില്‍ 199 പേരുമാണ് നിലവില്‍ കൈവശക്കാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതേസമയം ഒട്ടേറേ അപേക്ഷകള്‍ പരിഗണനയിലുമാണ്. ഇവ കൂടി തീര്‍പ്പുകല്‍പ്പിച്ചാല്‍ മാത്രമേ ഗുണഭോക്താക്കളുടെ എണ്ണം സംബന്ധിച്ച അന്തിമ പട്ടികയാവൂ. 124 ഏക്കറാണ് മിച്ചഭൂമിയായി കണക്കാക്കിയിട്ടുള്ളത്. ഇതില്‍ ഏറ്റെടുത്തിട്ടുള്ളത് 75 ഏക്കറും.
കൈവശാവകാശക്കാര്‍ ക്രയവില ഒടുക്കുന്ന നടപടികള്‍ നടന്നുവരികയാണ്. ഈമാസം 31-വരെയാണ് ഇതിനു സാവകാശം നല്‍കിയിരിക്കുന്നത്. ഇതിനുശേഷം കൈവശക്കാര്‍ക്ക് ‘അസൈന്മെന്റ് ഓര്‍ഡര്‍’ വിതരണം ചെയ്തു തുടങ്ങും. ഇതു പൂര്‍ത്തിയായാല്‍ പട്ടയം നല്‍കാം.
ഒന്നര വര്‍ഷം മുന്‍പ്, 2020 സെപ്റ്റംബര്‍ അഞ്ചിനാണ് പേപ്പര്‍മില്‍ മിച്ചഭൂമിയില്‍ സര്‍വേ ആരംഭിച്ചത്. കഴിഞ്ഞമാസം അവസാനത്തോടെ പട്ടയം വിതരണം ചെയ്യുമെന്ന് ജനുവരി നാലിന് പുനലൂരില്‍ റവന്യൂ മന്ത്രി കെ.രാജന് പറഞ്ഞിരുന്നു. എന്നാല്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയായില്ല. ഇതു മൂലമാണ് വിതരണം വൈകുന്നത്. പുനലൂര്‍ നഗരസഭയിലെ പേപ്പര്‍മില്‍ വാര്‍ഡ്, ചാലക്കോട്, ശാസ്ത്രിതോപ്പ് ഭാഗം, കാഞ്ഞിരമല എന്നിവിടങ്ങളിലേയും വിളക്കുടി പഞ്ചായത്തിലെ ഏഴ്, എട്ട് വാര്‍ഡുകളിലേയും കുടുംബങ്ങളാണ് പട്ടയത്തിനു കാത്തിരിക്കുന്നത്.
പ്രക്ഷോഭം നീണ്ടത് വര്‍ഷങ്ങള്‍
പേപ്പര്‍മില്‍ മിച്ചഭൂമിയില്‍ പട്ടയം ലഭിക്കാന്‍ വേണ്ടി കാലങ്ങളായി പ്രക്ഷോഭം നടന്നുവരികയാണ്. രണ്ടുവര്‍ഷം മുന്‍പ് പുനലൂര്‍ ആര്.ഡി.ഒ. ഓഫീസിനു മുന്നില്‍ രാപ്പകല്‍ സമരം ഉള്‍പ്പടെ നടന്നിരുന്നു.
1885-ല്‍ പുനലൂര്‍ പേപ്പര്‍മില്‍ സ്ഥാപിതമായ കാലം മുതലിങ്ങോട്ട് തലമുറകളായി ഈ മേഖലയിലെ മിച്ചഭൂമിയില്‍ താമസിച്ചുവരുന്നവരുടേതാണ് കുടുംബങ്ങള്‍. മൂന്നുവര്‍ഷം മുന്‍പ് കൈവശഭൂമിയില്‍ പട്ടയമില്ലാതെ 700-ലധികം കുടുംബങ്ങള്‍ ഉണ്ടായിരുന്നെന്നാണ് കണക്ക്. പലരും മക്കള്‍ക്ക് ഓഹരിയായും മറ്റും കൈവശഭൂമി വീതിച്ചുനല്കിയതോടെ കുടുംബങ്ങളുടെ എണ്ണവും വര്‍ധിച്ചു.
തിരുവിതാംകൂറിലെ ആദ്യത്തെ സംയോജിത ഓഹരി കമ്പനിയായ പുനലൂര്‍ പേപ്പര്‍മില്‍സ് ലിമിറ്റഡ് ഒന്നേകാല്‍ നൂറ്റാണ്ട് മുന്‍പ് പ്രവര്‍ത്തനം ആരംഭിച്ചത് 277.73 ഏക്കര്‍ ഭൂമിയിലായിരുന്നു. അന്ന് ഇവിടെ എത്തിയ കുടുംബങ്ങളുടെ പിന്മുറക്കാരാണ് ഇപ്പോഴുള്ളത്. വര്‍ഷങ്ങള്‍ക്കിപ്പുറം 76.76 ഏക്കര്‍ ഭൂമിയിലെ താമസക്കാര്‍ക്ക് വിവിധ ഘട്ടങ്ങളിലായി ലാന്‍ഡ് ട്രിബ്യൂണല്‍ വഴി ക്രയവിക്രയ സര്‍ട്ടിഫിക്കറ്റ് നല്കി. ഇപ്പോള്‍ കമ്പനിയുടെ പ്രവര്‍ത്തനം 83.04 ഏക്കര്‍ ഭൂമിയിലാണെന്ന് റവന്യൂ രേഖകള്‍ പറയുന്നു. 117.87 ഏക്കര്‍ ഭൂമി ആയിരത്തോളം കുടുംബങ്ങളുടെ കൈവശമാണ്.
The post പേപ്പര്‍മില്‍ പട്ടയം അന്തിമഘട്ടത്തില്‍, അടുത്തമാസം വിതരണം ചെയ്തേക്കും appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]