
ചെന്നൈ: തമിഴ്നാട് രാജ്ഭവന് നേരെയുണ്ടായ ബോംബ് ആക്രമണത്തിന്റെ അന്വേഷണം ഏറ്റെടുത്ത് എൻഐഎ. സംഭവത്തിൽ മൂന്ന് വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊലീസ് അറസ്റ്റ് ചെയ്ത കറുക വിനോദിനെ പ്രതിയാക്കിയാണ് എഫ്ഐആർ തയ്യാറാക്കിയിരിക്കുന്നത്. തമിഴ്നാട് രാജ്ഭവന് നേരയുണ്ടായ ബോംബേറിൽ അന്വേഷണം സിബിഐക്കോ എൻഐഎക്കോ വിടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി എൽ മുരുകൻ രംഗത്തെത്തിയിരുന്നു. സ്റ്റാലിന്റെ പൊലീസ് ഉറങ്ങുകയാണെന്നും ഗവർണർ പോലും സംസ്ഥാനത്ത് സുരക്ഷിതരല്ല എന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.
ഒന്നിലധികം പേർ ചേർന്നാണ് രാജ്ഭവന് നേരെ ബോംബെറിഞ്ഞതെന്ന് ആരോപണമുയർന്ന സാഹചര്യത്തിൽ പൊലീസ് വിശദീകരണം നൽകി വാർത്താ സമ്മേളനം നടത്തിയിരുന്നു. പൊലീസ് പുറത്തുവിട്ട ചിത്രങ്ങളിൽ പ്രതി കറുക വിനോദ് മാത്രമാണുള്ളതെന്ന് പൊലീസ് പുറത്തുവിട്ട ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു. സംഭവത്തിൽ വ്യക്തത വരുത്തുന്നതിനായിട്ടാണ് ചെന്നൈ പൊലീസ് കമ്മീഷണറും ഡിജിപിയും വാർത്താ സമ്മേളനം നടത്തിയത്.
രാജ്ഭവന്റെ പ്രധാന ഗേറ്റിലേക്കാണ് കഴിഞ്ഞ മാസം യുവാവ് പെട്രോൾ ബോംബ് എറിഞ്ഞത്. സംഭവത്തിൽ കറുക വിനോദ് എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തിന് ശേഷം ഇരുചക്ര വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സുരക്ഷാ ജീവനക്കാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതി തമിഴ്നാട് ഗവർണർ ആർഎൻ രവിക്കെതിരെ മുദ്രാവാക്യം വിളിച്ചു. നീറ്റ് വിരുദ്ധ ബില്ലിൽ ഒപ്പിടാത്തത്തിലുള്ള പ്രതിഷേധമാണ് തന്റെ ആക്രമണത്തിന് കാരണമെന്നാണ് വിനോദ് പൊലീസിനോട് പറഞ്ഞത്. മുൻപ് തമിഴ്നാട്ടിൽ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കും ഇയാൾ ബോംബ് എറിഞ്ഞിട്ടുണ്ട്.
Last Updated Nov 14, 2023, 4:44 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]